അടുത്ത ദിവസവും അവള്‍ വന്നില്ല.
മൂന്നു ദിവസങ്ങള്‍ കഴിഞ്ഞിട്ടും ശാലിനി ഓഫീസില്‍ എത്തിയില്ല. അതുവരെ ഞാന്‍ പാലിച്ചിരുന്ന നിസംഗത മെല്ലെ ഇല്ലാതാകുന്നത് ഞാനറിഞ്ഞു. അവള്‍ എന്റെ ആരുമല്ല..മറ്റാരുടെയോ ഭാര്യ ആകാന്‍ പോകുന്നവള്‍ ആണ്..പക്ഷെ അവളെ കാണാതിരിക്കാന്‍ തനിക്ക് പറ്റുന്നില്ല. അവള്‍ ആരുടെയോ സ്വന്തമായിക്കോട്ടേ..തനിക്ക് ഒന്ന് കാണുകയെങ്കിലും ചെയ്യാമല്ലോ ഇവിടെ ഉണ്ടെങ്കില്‍! അവള്‍ പോയത് മുതല്‍ ഓഫീസ് ശ്മശാനമൂകമാണ്. അജിത്ത് മാത്രം യാതൊരു മാറ്റവും ഇല്ലാതെ അടിച്ചു പൊളിച്ചു നടക്കുന്നുണ്ട്.
അടുത്ത ദിവസം അവനെ ഞാന്‍ വിളിച്ചു.
“യെസ് സര്‍” അജിത് എന്നെ ചോദ്യഭാവത്തില്‍ നോക്കി.
“അജിത്ത്..ശാലിനി ഇപ്പോള്‍ നാല് ദിവസങ്ങളായി വന്നിട്ട്..വിളിച്ചിട്ട് അവളുടെ ഫോണ്‍ സ്വിച്ചോഫ് ആണ്..ഇങ്ങോട്ട് അവധി വേണമെന്ന് വിളിച്ചു പറഞ്ഞിട്ടുമില്ല. ഇന്ന് ആനന്ദ് സര്‍ എന്നോട് തിരക്കിയിരുന്നു അവളുടെ കാര്യം. പറയാതെ അവധി എടുത്താല്‍ ആക്ഷന്‍ ഉണ്ടാകും എന്നാണ് അദ്ദേഹം പറഞ്ഞത്…അജിത്തിന് അവളുടെ വീട് അറിയാമോ? എന്താണ് പ്രശ്നം എന്നൊന്ന് തിരക്കി അറിയാനാണ്..” ഞാന്‍ പറഞ്ഞു.
“വീട് എനിക്കറിയാം സര്‍..നാളെ രാവിലെ ഞാന്‍ കയറി തിരക്കാം”
“താങ്ക്സ്”
എന്റെ മനസ് വല്ലാതെ ആശങ്കപ്പെടുന്നത് ഞാനറിഞ്ഞു. അവള്‍ സുഖമായി ഇരിക്കുന്നു എന്ന് അറിഞ്ഞാല്‍ മതി തനിക്ക്. അവള്‍ ഓഫീസില്‍ വന്നാലും ഇല്ലെങ്കിലും ജീവിതത്തില്‍ ഒരിക്കലും അവള്‍ക്ക് ഒരു ദോഷവും സംഭവിക്കരുത്. പാവം അച്ഛനോ അമ്മയോ സഹോദരങ്ങളോ ഇല്ലാത്ത കുട്ടിയാണ്..ഞാന്‍ മനമുരുകി അവള്‍ക്ക് വേണ്ടി ദൈവത്തോട് പ്രാര്‍ഥിച്ചു.
അടുത്ത ദിവസം ഞാന്‍ ചെല്ലുമ്പോള്‍ ശാലിനി സീറ്റില്‍ ഉണ്ട്. നാലുദിവസം മുന്‍പ് ഞാന്‍ കണ്ട ശാലിനി ആയിരുന്നില്ല അത്; സകല പ്രസരിപ്പും ഉന്മേഷവും നഷ്ടപ്പെട്ട, പ്രേതതുല്യയായ ശാലിനി. അവളെ കണ്ടപ്പോള്‍ എന്റെ മനസ് തകര്‍ന്നു പോയി.
“വരൂ സര്‍..ഒരു കാര്യം പറയാനുണ്ട്” അജിത്ത് എന്നെ ക്യാബിനിലേക്ക് വിളിച്ചു.
ഞാന്‍ ഉള്ളില്‍ കയറി സീറ്റില്‍ ഇരുന്നപ്പോള്‍ അവന്‍ കതകടച്ചു.
“ഇന്ന് രാവിലെ ഞാന്‍ അവളുടെ വീട്ടില്‍ പോയിരുന്നു സര്‍..മൂന്നു ദിവസം മുന്‍പ് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച ശാലിനിയെ അവളുടെ കസിന്‍ ബ്രദര്‍ കണ്ടത് കൊണ്ടാണ് രക്ഷപെടുത്തിയത്..അല്ലായിരുന്നെങ്കില്‍ ഇപ്പോള്‍ അവള്‍ നമുക്കൊപ്പം കാണുമായിരുന്നില്ല സര്‍..”
ഫ്രീക്കനായ അജിത്തിന്റെ കണ്ണുകള്‍ പോലും നിറഞ്ഞു പോയിരുന്നു അത് പറഞ്ഞപ്പോള്‍. അസ്തപ്രജ്ഞനായി നാവിറങ്ങിപ്പോയവനെപ്പോലെ ഞാന്‍ ഇരുന്നു. അല്‍പനേരം ഞാനോ അവനോ ഒന്നും മിണ്ടിയില്ല.
“സാറ് അവളെ വിളിച്ച് സംസാരിക്ക്..എനിക്ക് ഇങ്ങനെയുള്ള കാര്യങ്ങള്‍ ഒന്നും പറയാനോ പറഞ്ഞു കൊടുക്കാനോ അറിയില്ല..സാറ് അവളെ തനിച്ചിരുത്തി ഒന്ന് ഉപദേശിക്ക്”
കണ്ണുകള്‍ തുടച്ചുകൊണ്ട് അവന്‍ പറഞ്ഞു. ഞാന്‍ എന്റെ കണ്ണുനീര്‍ വിടാതെ പിടിച്ചു നിര്‍ത്തിയത് പാടുപെട്ടാണ്. എന്റെ ശാലിനി..അവള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചെന്ന്! മൂടിപ്പോയ കണ്ണുകള്‍ ഞാന്‍ ടിഷ്യു എടുത്ത് തുടച്ചിട്ടു നോക്കിയപ്പോള്‍ എന്റെ മുന്‍പില്‍ ജീവച്ഛവം പോലെ ശാലിനി നില്‍പ്പുണ്ടായിരുന്നു. നാല് ദിവസം മുന്‍പ് നാണിച്ചു തുടുത്ത് പ്രസരിപ്പോടെ ഇവിടെ നിന്നും ഇറങ്ങിപ്പോയ പെണ്ണാണ് അവിടെ നില്‍ക്കുന്നത് എന്ന് വിശ്വസിക്കാന്‍ പ്രയാസമായിരുന്നു.
“ഇരിക്ക് ശാലിനി…” എന്റെ മനസിലെ വ്യഥ അവളെ അറിയിക്കാതെ ഞാന്‍ പറഞ്ഞു. അവള്‍ ഇരുന്നു.
“എന്താണ് ചോദിക്കാതെ അവധി എടുത്തത്? ഒന്ന് ഫോണ്‍ ചെയ്തെങ്കിലും പറഞ്ഞൂടായിരുന്നോ”