“അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ അവന്‍ അവരെയും കൂട്ടി ഉള്ളില്‍ കയറി. അവരുടെ ഭാവം കണ്ടപ്പോള്‍ത്തന്നെ എനിക്ക് ഭയമായി സര്‍…എനിക്ക് പോകണം എന്ന് അവനോടു ഞാന്‍ പറഞ്ഞപ്പോള്‍ അവന്‍ ചിരിച്ചു. ഇരിക്കെടി..അമ്മേം അച്ഛനും വന്നിട്ട് പോകാം എന്നവന്‍ പറഞ്ഞു. ഊട്ടിയില്‍ പോയ നിന്റെ അച്ഛനും അമ്മയും ഇന്നെങ്ങനെ വരുമെടാ അളിയാ എന്നൊരു കൂട്ടുകാരന്‍ ചോദിച്ചപ്പോള്‍ അവന്റെ ചിരി ഒന്ന് കാണണമായിരുന്നു…പിന്നെ അവന്‍ എന്നോട് ഇങ്ങനെ പറഞ്ഞു..എടി പെണ്ണെ..കല്യാണം കഴിഞ്ഞാല്‍ നമ്മള്‍ ചെയ്യാന്‍ പോകുന്നത് ഇപ്പോള്‍ ചെയ്താല്‍ എന്താണ് കുഴപ്പം..നീ വാ..നമുക്ക് സുഖിക്കാമെടി…. എന്റെ കൈയില്‍ കടന്നു പിടിച്ചുകൊണ്ട് അവനങ്ങനെ പറഞ്ഞപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി സര്‍.. എന്നെ അവര്‍ വളഞ്ഞിരിക്കുകയാണ് എന്ന് ഞാന്‍ മനസിലാക്കി. ഓടാന്‍ ശ്രമിച്ച എന്നെ ഒരുത്തന്‍ തടഞ്ഞു..അപ്പോള്‍ കൈയില്‍ കിട്ടിയ ഒരു കുപ്പി എടുത്ത് അവന്റെ തലയ്ക്ക് ഞാന്‍ അടിച്ചു..അവന്റെ തല പൊട്ടി ചോര വരുന്നത് കണ്ടപ്പോള്‍ അവര്‍ അന്ധാളിച്ചു നിന്നുപോയി..ഞാന്‍ വേഗം കതക് തുറന്ന് ഇറങ്ങിയോടി…ഏതു നിമിഷവും എന്നെ തേടി പോലീസ് എത്തും സര്‍…എനിക്കിനി ഒരു ജീവിതമില്ല..ഈ ജീവിതം അവസാനിപ്പിക്കാന്‍ ഞാന്‍ ശ്രമിച്ചു എങ്കിലും അതിനും എനിക്ക് കഴിഞ്ഞില്ല..”
ശാലിനി ഏങ്ങലടിച്ചുകൊണ്ട് മേശപ്പുറത്ത് തല കുമ്പിട്ടു കിടന്നു. എന്റെ മനസ്സില്‍ സന്തോഷത്തിന്റെ ഒരായിരം പൂത്തിരികള്‍ ഒരുമിച്ചു കത്തി. ഈ കിടക്കുന്ന എന്റെ മാലാഖ പരിശുദ്ധയാണ്..അവളെ ഒരുത്തനും നശിപ്പിച്ചിട്ടില്ല…പക്ഷെ അവളെ ശാരീരികമായി ഒരുത്തന്‍ മലിനപ്പെടുത്തിയിരുന്നു എങ്കില്‍പ്പോലും അവളെ താന്‍ കൈവിടില്ലായിരുന്നു..പക്ഷെ അത് സംഭവിച്ചിട്ടില്ല…ഇന്നവള്‍ ഒരുത്തന്റെയും സ്വന്തവുമല്ല…ദൈവം എനിക്ക് വേണ്ടി കരുതിവച്ച നിധിയാണ് ഇവള്‍. മുന്‍പൊരിക്കലും തോന്നിയിട്ടില്ലാത്ത ധൈര്യത്തോടെ ഞാന്‍ എഴുന്നേറ്റ് അവളുടെ അരികില്‍ ചെന്ന് ആ ശിരസില്‍ തലോടി. ശാലിനി മെല്ലെ തലയുയര്‍ത്തി.
“സര്‍..” വിതുമ്പലോടെ അവളെന്നെ നോക്കി.
“മോളെ…നിന്നെ ആദ്യം കണ്ട നിമിഷം തന്നെ നിന്നെ എന്റെ സ്വന്തമാക്കണം എന്ന് ആശിച്ചവനാണ് ഞാന്‍. പക്ഷെ സൌന്ദര്യമില്ലാത്ത എന്നെ നിനക്ക് ഇഷ്ടമല്ല എന്ന് പോകെപ്പോകെ ഞാന്‍ മനസിലാക്കി..ഞാന്‍ അതുകൊണ്ട് നിന്റെ വഴിയില്‍ ഒരു തടസ്സമാകാതെ ഒഴിഞ്ഞു മാറി നില്‍ക്കുകയായിരുന്നു..നീ എവിടെ ജീവിച്ചാലും സന്തോഷത്തോടെ ജീവിക്കണേ ദൈവമേ എന്ന പ്രാര്‍ത്ഥന മാത്രമേ എനിക്കുണ്ടായിരുന്നുള്ളൂ..ഇന്ന്..പക്ഷെ ഞാനെന്റെ മനസ് നിന്നെ അറിയിക്കുകയാണ്…നിനക്ക് എന്തും തീരുമാനിക്കാം…നീ എന്ത് തീരുമാനിച്ചാലും അത് നിന്റെ സന്തോഷത്തിനായിരിക്കും എന്നെനിക്ക് അറിയാം..അതുകൊണ്ട് എന്നോടുള്ള ഒരു സിമ്പതിയും നിന്നെക്കൊണ്ട് തീരുമാനം എടുപ്പിക്കരുത്..നിനക്ക് പൂര്‍ണ്ണ മനസ് ഉണ്ടെങ്കില്‍, നിന്നെ ഞാന്‍ വിവാഹം ചെയ്യാന്‍ ആഗ്രഹിക്കുന്നു…”
പറഞ്ഞു കഴിഞ്ഞപ്പോള്‍ നാളുകളായി പേറിക്കൊണ്ടിരുന്ന ഒരു വലിയ ഭാരം ഇറക്കിവച്ച ആശ്വാസം എനിക്കുണ്ടായി.
ശാലിനിയുടെ കണ്ണുകളിലെ അവിശ്വസനീയത ഞാന്‍ ശ്രദ്ധിച്ചു. ആ കണ്ണുകള്‍ വല്ലാതെ പിടയ്ക്കുന്നതും, നഷ്ടമായിപ്പോയ പ്രസരിപ്പ് അതിലേക്ക് ഇരച്ചെത്തുന്നതും ഞാന്‍ കണ്ടു. പക്ഷെ വേഗം തന്നെ അത് മാഞ്ഞുപോയി നിഷേധാര്‍ത്ഥത്തില്‍ തലയാട്ടിക്കൊണ്ട് അവള്‍ എഴുന്നെല്‍ക്കുന്നതും ഞാന്‍ കണ്ടു.
“വേണ്ട സര്‍..വേണ്ട..അങ്ങിത് മുന്പെന്നോട് പറഞ്ഞിരുന്നെങ്കില്‍ എന്ന് ഞാന്‍ ആശിച്ചിട്ടുണ്ട്..പക്ഷെ അങ്ങന്നെ അപ്പോഴെല്ലാം ഒഴിവാക്കി..ആദ്യദിനം ലഞ്ച് കഴിക്കാന്‍ ഞാന്‍ വന്നപ്പോള്‍ എന്നെ അജിത് അവരുടെ അടുത്തേക്ക് വിളിച്ചപ്പോള്‍ സാറ് അത് ഗൌനിച്ചത് പോലുമില്ല..എന്റെ മനസ് അപ്പോള്‍ എത്ര വേദനിച്ചു എന്ന് സാറിനറിയുമോ?” അവള്‍ വിതുമ്പിക്കൊണ്ടാണ് അത് പറഞ്ഞത്. ഞാന്‍ ഞെട്ടി.