വെള്ളം വീണു അനുപമയുടെ മുടിയും ചുരിദാറും അല്പം നനഞ്ഞിരുന്നു ,ഹരിയും . അനുപമ ഷാളിന്റെ അറ്റം കൊണ്ട് കയ്കൾ ഉയർത്തി തല തുവർത്തുന്നത് ഹരി കൗതുകത്തോടെ നോക്കി നിന്നു .
അനുപമ എന്താ എന്ന ഭാവത്തിൽ കൺ പുരികങ്ങൾ ഉയർത്തിയപ്പോൾ ഹരി പെട്ടെന്ന് അവളുടെ ചുണ്ടിൽ ഒന്ന് തൊട്ടു തൊട്ടില്ല എന്ന മട്ടിൽ ചുംബിച്ചു . അനുപമ ഞെട്ടലോടെ നാല് പാടും നോക്കി ആരും കണ്ടില്ലെന്നു ഉറപ്പു വരുത്തി ആശ്വാസം കൊണ്ടു. ഹരി അതാലോചിച്ചു വണ്ടിയിൽ ഇരുന്നു കൊണ്ട് ചിരിക്കുന്നത് അനുപമ ശ്രദ്ധിച്ചു .
“എന്താ ഹരി വെറുതെ ഇരുന്നു ചിരിക്കൂന്നേ “ അനുപമ തല ചെരിച്ചു ഹരിയെ നോക്കി..
“ഏയ്..ഒന്നുമില്ല “ ഹരി ചിരി നിർത്താതെ തന്നെ ഒന്നുമില്ല എന്ന ഭാവത്തിൽ കയ്യും വീശി . പുറത്തു അപ്പോഴും മഴ തിമിർത്തു പെയ്യുന്നുണ്ട് . കാര് ടൗണിലെ തിരക്കുകളിലേക്ക് എത്തി തുടങ്ങി . മഴ ഉണ്ടെങ്കിൽ കൂടി റോഡിൽ വാഹനങ്ങൾ ധാരാളം ഉണ്ട് . അല്പം ശക്തി ക്ഷയിച്ചു തുടങ്ങിയിരിക്കുന്നു മഴയ്ക്ക് . സാമാന്യം വലിയൊരു റെസ്റ്റോറന്റിന് മുന്പിലേക്കായി അനുപമ വണ്ടി ഓടിച്ചു കയറ്റി . മഴ ഉള്ളതിനാൽ ഹരി ഡോർ തുറന്നു ആദ്യം വണ്ടിയിൽ നിന്നും ഇറങ്ങി ഓടി , റെസ്റ്റോറന്റിന് മുന്നിലുള്ള സെക്യൂരിറ്റി ജീവനക്കാരന്റെ അടുത്തെത്തി നിന്നു . അയാൾ ഹരിയെ നോക്കി ഒന്ന് ചിരിച്ചു വിഷ് ചെയ്തു .
അനുപമ വണ്ടിയിൽ നിന്നിറങ്ങി തലയിൽ ഒരു കൈത്തലം വെച്ചു ഹരിയുടെ അടുത്തേക്ക് ഓടി അടുത്തു .അനുപമ ചെറുതായി നനഞു . ഹരിയും . അനുവും ഹരിയും കൂടി റെസ്റ്റോറന്റിന് അകത്തേക്ക് കടന്നു . ഒരു മൂലയില് സ്ഥാനം പിടിച്ചു . വളരെ കുറച്ചു പേര് മാത്രമേ അവിടെ ഉള്ളു . പലരും കാമുകി -കാമുകന്മാർ ആണെന്ന് ഹരിക്കു തോന്നി .
അവർ ഇരിക്കുന്നതിന് വശങ്ങളിലുള്ള ചില്ലു ഗ്ലാസിന് അപ്പുറത്തു മഴ ചെറുതായി പെയ്യുന്നത് ഹരിയും അനുപമയും ശ്രദ്ദിച്ചു , എന്നിട്ട് മുഖത്തോടു മുഖം നോക്കി .
“ഹരി എന്താ ആലോചിച്ചത് “ അനുപമ ഷാളുകൊണ്ട് കഴുത്തും മുഖവും തുടച്ചു കൊണ്ട് ഹരിയെ നോക്കി .
“ഏയ് ഒന്നുമില്ല , ഓരോന്ന് ആലോചിച്ചത” ഹരി പറഞ്ഞു . അപ്പോഴേക്കും വൈറ്റർ അവിടേക്കു വന്നു . അനുപമ ആണ് ഓർഡർ ചെയ്തത് രണ്ടു കോഫിയും സാൻവിച്ചും . അയാള് പോയ ഉടനെ അനുപമ സംസാരിച്ചു തുടങ്ങി . നനഞ്ഞ നെറ്റിത്തടത്തിൽ അനുപമയുടെ മുടിയിഴകൾ പറ്റി പിടിച്ചു മുന്നോട്ടു വീണു കിടക്കുന്നത് അവളെ സുന്ദരിയാക്കി മാറ്റിയിട്ടുണ്ടെന്നു ഹരി മനസ്സിലോർത്തു .
“വൈഫിന്റെ പേരെന്താ ഹരി “ അനുപമ മുന്പിലിരുന്ന ടേബിളിൻമേലേക്കു കൈമുട്ട് ഊന്നി താടിക്കു കൈകൊടുത്തു ഇരുന്നു .
“മീര ,..നേഴ്സ് ആണ് “ ഹരി മറുപടി നൽകി .
“നല്ല കുട്ടി ആയിരിക്കും അല്ലെ , ഹരിക്കു തെറ്റില്ല “ അനുപമ സ്വയം പറഞ്ഞെന്ന പോലെ ഹരിയെ നോക്കി .
അതിനു മറുപടി ആയി ഹരി ഒന്ന് ചിരിച്ചെന്നു വരുത്തി , എന്നിട്ട് ടേബിളിൽ പതിയെ താളം പിടിച്ചു . അല്പം കഴിഞ്ഞപ്പോൾ വൈറ്റർ വന്നു ഓർഡർ ചെയ്ത സാധനങ്ങൾ ടേബിളിൽ നിരത്തി വെച്ച് മടങ്ങി . അനു ഒരു കപ്പ് എടുത്തു ഹരിയുടെ നേരെ നീട്ടി . അയാളത് വാങ്ങി പതിയെ ചുണ്ടോടു ചേർത്ത് കുടിച്ചു തുടങ്ങി . അനുപമയും കുടിച്ചു കൊണ്ടിരിക്കെ ഇടം കണ്ണിട്ടു ഹരിയെ നോക്കി .