മൃഗം 6 [Master]

Posted by

വാസു നേരെ എസ് ഐയുടെ മുറിയുടെ അരികിലെത്തി നിന്നു. ഉള്ളില്‍ എസ് ഐ ആരോടോ തട്ടിക്കയറുന്നത് അവന്‍ കേട്ടു.
“താനെന്താ എന്നെ പൊട്ടന്‍ കളിപ്പിക്കുകയാണോ? എടൊ രാവിലെ ഞാനവിടെ ചെന്നപ്പോള്‍ അവനെ കിട്ടിയിരുന്നെങ്കില്‍ എന്താകുമായിരുന്നു കഥ? ഇപ്പോഴവന്‍ ആശുപത്രിയില്‍ ആയേനെ..മേലാല്‍ ഇത്തരം പോക്രിത്തരം കാണിച്ചു പോകരുത്..രാവിലെ പരാതി..ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ അയാളുടെ ഒരു മനംമാറ്റം..”
എസ് ഐ ഏതോ കടലാസ് വലിച്ചുകീറി കളയുന്ന ശബ്ദം വാസു കേട്ടു.
“ഒരബദ്ധം പറ്റി സര്‍.ക്ഷമിക്കണം” രവീന്ദ്രന്റെ ചമ്മിയ സ്വരം വാസുവിന്റെ കാതിലെത്തി.
“ഉം പോ..”
രവീന്ദ്രന്‍ പുറത്തേക്ക് ഇറങ്ങിവന്നു. പുറത്ത് നില്‍ക്കുന്ന വാസുവിനെ കണ്ടപ്പോള്‍ അയാളുടെ മുഖം ചുവന്നു. ഉള്ളില്‍ തികട്ടിവന്ന കോപം കടിച്ചമര്‍ത്തി ഒന്നിരുത്തി മൂളിയിട്ട് അയാള്‍ പുറത്തേക്ക് പോയി. ഒരു പോലീസുകാരന്‍ ഉള്ളിലേക്ക് കയറി വാസു കാണാന്‍ നില്‍ക്കുന്ന വിവരം എസ് ഐയോട് പറഞ്ഞിട്ട് പുറത്തിറങ്ങി.
“കേറിവാ” ഉള്ളില്‍ നിന്നും എസ് ഐ പൌലോസിന്റെ കനത്ത ശബ്ദം വാസു കേട്ടു. അവന്‍ വാതില്‍ തുറന്ന് ഉള്ളില്‍ കയറി.
“ആരാടാ നീ?” എസ് ഐ അവന്റെ കണ്ണിലേക്ക് നോക്കി ചോദിച്ചു.
“ഞാന്‍ വാസു..സാറ് രാവിലെ എന്നെ തിരക്കി വീട്ടില്‍ ചെന്നിരുന്നു എന്നറിഞ്ഞ് വന്നതാണ്….” വാസു പറഞ്ഞു.
അവന്റെ കൂസലില്ലായ്മ പൌലോസ് ശ്രദ്ധിച്ചു. പേടിയില്ലാത്ത ഇനമാണ്‌ ഇവന്‍ എന്നയാള്‍ മനസ്സില്‍ പറഞ്ഞു.
“ഓഹോ..നീയാണ് അപ്പോള്‍ ആ താരം…ഇങ്ങോട്ട് മാറി നില്‍ക്കടാ….” എസ് അവനെ വിരല്‍ ചൂണ്ടി മാറ്റി നിര്‍ത്തിച്ചു.
“ഒടുക്കത്തെ ഭാഗ്യമാണല്ലോടാ നിനക്ക്…ഇപ്പോള്‍ അങ്ങോട്ട്‌ ഇറങ്ങിപ്പോയില്ലേ? അയാള്‍ നിനക്കെതിരെ തന്ന പരാതിയില്‍ നിന്നെ തൂക്കാനാണ് ഞാന്‍ രാവിലെ വന്നത്..പക്ഷെ ആ സമയത്ത് നീ അവിടില്ലായിരുന്നു..ഇപ്പോള്‍ പരാതി തന്നയാള്‍ അത് പിന്‍വലിക്കുകയും ചെയ്തു…ഇല്ലായിരുന്നെങ്കില്‍..” പൌലോസ് മുഷ്ടി ചുരുട്ടി. വാസു മിണ്ടിയില്ല.
“ഉം..എന്തായിരുന്നെടാ ടൌണിലെ പ്രശ്നം?” എസ് ഐ ചോദിച്ചു.
“സാറേ.എന്റെ അച്ഛന്‍ പലിശയ്ക്ക് പണം നല്‍കുന്ന ബിസിനസാണ് ചെയ്യുന്നത്..അച്ഛന്‍ രണ്ടു വര്‍ഷം മുന്‍പ് കൊടുത്ത പണം തരാതെ അച്ഛനെ ഭീഷണിപ്പെടുത്തി നടക്കുകയായിരുന്നു മുസ്തഫയും അനിയനും..ഞാനത് ചോദിക്കാന്‍ ചെന്നപ്പോള്‍ എന്നെ അവര്‍ ആക്രമിക്കാന്‍ വന്നു..എന്റെ രക്ഷയ്ക്ക് വേണ്ടി ഞാനും തിരിച്ച് ആക്രമിച്ചു…”
“അപ്പോള്‍ നീ പണം പിടിച്ചു പറിച്ചതോ?”
“അങ്ങനെ ഉണ്ടായിട്ടില്ല സര്‍. ചോദിച്ചു വാങ്ങിയതാണ്..അതും അച്ഛന് നല്‍കാനുള്ള പണമല്ലാതെ ഒരു ചില്ലി പോലും കൂടുതല്‍ വാങ്ങിയിട്ടില്ല….”
പൌലോസ് അവനെ അടിമുടി ഒന്ന് നോക്കി.
“ഉം..നിനക്കെതിരെ ഇറച്ചിക്കടക്കാര്‍ പരാതി എഴുതി തന്നിട്ടില്ല…അതുകൊണ്ട് കേസ് എടുക്കുന്നില്ല..ഇനി മേലാല്‍ നിന്റെ പേരില്‍ ഇവിടെ വല്ല പരാതിയും വന്നാല്‍ എടുത്തിട്ടു കിളയ്ക്കും ഞാന്‍..മനസിലായോടാ?” പൌലോസ് സ്വരം കടുപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *