മൃഗം 6 [Master]

Posted by

“പേടിയോ..എന്റെ ഈശ്വരാ നല്ലത് ചെയ്താലും പ്രശ്നമാണോ..അമ്മ എന്തിനാ പേടിക്കുന്നത്..” ദിവ്യ പുട്ടിനുള്ള മാവ് നനച്ചുകൊണ്ട് ചോദിച്ചു.
“ഒരു സെക്കന്റ് കൊണ്ട് രാത്രി പകല്‍ ആയതുപോലെയുള്ള മാറ്റമല്ലേ..എങ്ങനെ ഞെട്ടാതിരിക്കും…..” രുക്മിണി മുഖത്തെ അത്ഭുതഭാവം വിടാതെ പറഞ്ഞു.
“എല്ലാറ്റിനും വാസുവേട്ടന്‍ ആണമ്മേ കാരണം..ആ മനുഷ്യനെ മനസിലാക്കാന്‍ ഞാനും അച്ഛനും കുറെ വൈകി..അതിന്റെ പ്രായശ്ചിത്തം കൂടിയാണ് ഈ മാറ്റം എന്ന് കൂട്ടിക്കോ….” ദിവ്യ അമ്മയെ നോക്കാതെ പറഞ്ഞു.
“ഉം..അവസാനം നിങ്ങള്‍ അവനെ മനസിലാക്കിയല്ലോ..അത് മതി”
“അത് മാത്രം പോരമ്മേ..ഇത്ര നാളും ആ പാവത്തിനെ അധിക്ഷേപിച്ചതിന് പത്തിരട്ടിയായി ഞാന്‍ സ്നേഹം പകരം നല്‍കും..എന്നാലെ എനിക്ക് സമാധാനം കിട്ടൂ..”
രുക്മിണി ചെറിയ സംശയത്തോടെ മകളെ നോക്കി. പിന്നെ അവള്‍ ഒരു ദീര്‍ഘനിശ്വാസത്തോടെ മുഖം മാറ്റി ജോലിയില്‍ വ്യാപൃതയായി.
വാസു രാവിലെ കുളിച്ചു വേഷം മാറി ശങ്കരന്റെ അരികിലെത്തി. അയാള്‍ ചായ കുടിച്ചുകൊണ്ട് പത്രപാരായണത്തില്‍ മുഴുകി ഇരിക്കുകയായിരുന്നു.
“അച്ഛാ..എനിക്ക് ഒരിടം വരെ പോകണം..ഞാന്‍ അവിടുന്ന് നേരെ കടയിലോട്ടു വന്നോളാം…” അവന്‍ പറഞ്ഞു.
“എവിടെ പോകുന്നു മോനെ നീ?”
“എന്റെ ഒരു സുഹൃത്തിനെ കാണാന്‍ ആണ്..”
“എന്നാല്‍ നീ സ്കൂട്ടര്‍ എടുത്തോ..”
“വേണ്ട..ഞാന്‍ നടന്നു പൊയ്ക്കോളാം..”
“ശരി..ആ ബൈക്ക് ഇന്ന് കിട്ടിയേക്കും..ഞാന്‍ കുറച്ചു കഴിഞ്ഞ് അവന്മാരെ ഒന്ന് വിളിച്ചു നോക്കാട്ടെ” ശങ്കരന്‍ പറഞ്ഞു.
വാസു അടുക്കളയില്‍ രുക്മിണിയെ കാണാന്‍ ചെന്നപ്പോള്‍ പതിവിനു വിപരീതമായി അമ്മയെ സഹായിക്കുന്ന ദിവ്യയെ കണ്ടു ചെറുതായൊന്ന് അമ്പരന്നു. അവനെ കണ്ടപ്പോള്‍ ദിവ്യയുടെ മുഖം തുടുത്തു.
“അമ്മെ..ഞാന്‍ പോവ്വാണ്…ഒരാളെ കാണാനുണ്ട്” അവന്‍ പറഞ്ഞു.
“കഴിച്ചിട്ട് പോ മോനെ..”
“വേണ്ട..ഞാന്‍ പുറത്ത് നിന്നും കഴിച്ചോളാം…”
“കഴിക്ക് വാസുവേട്ടാ..അമ്മെ അ കറി ഇങ്ങെടുക്ക്..”
ദിവ്യ വേഗം ചൂട് പുട്ട് ഒരു പ്ലേറ്റില്‍ എടുത്ത് ഡൈനിംഗ് മുറിയില്‍ എത്തി മേശപ്പുറത്ത് വച്ചു; പിന്നാലെ കറിയും അവള്‍ തന്നെ കൊണ്ടുവന്നു അതിലേക്ക് ഒഴിച്ചു. വാസു അമ്പരന്ന് അവളെയും രുക്മിണിയെയും നോക്കി. രുക്മിണി പുഞ്ചിരിച്ചു.
“ഇരിക്ക്..” ദിവ്യ അവന്റെ കൈയില്‍ പിടിച്ച് കസേരയില്‍ ഇരുത്തി. വാസു അവിശ്വസനീയതയോടെ അവളുടെ പ്രവൃത്തി നോക്കി അന്തം വിട്ടിരിക്കുകയായിരുന്നു; അതിലേറെ രുക്മിണിയും.

Leave a Reply

Your email address will not be published. Required fields are marked *