“എന്താ നോക്കുന്നെ? ഇത് ഞാന്‍ തന്നാ…ഏട്ടന്‍ കഴിക്ക്..ഞാന്‍ ചായ കൊണ്ടരാം..” അന്തം വിട്ടു തന്നെ നോക്കുന്ന വാസുവിനോട് പറഞ്ഞിട്ട് അവള്‍ അടുക്കളയിലേക്ക് കയറി. വാസു പുട്ട് കടലയില്‍ കുഴച്ചു കഴിക്കാന്‍ തുടങ്ങി. ദിവ്യ ചായ കൊണ്ട് വന്നപ്പോഴേക്കും ഒരു കുറ്റി തീര്‍ന്നു കഴിഞ്ഞിരുന്നു.
“കൊണ്ടുവാ..” അവന്‍ പറഞ്ഞു.
“ഉം…” ഒരു കള്ളച്ചിരിയോടെ അങ്ങനെ മൂളിയിട്ട് അവള്‍ അടുക്കളയിലേക്ക് ചെന്ന് രണ്ട് കുറ്റി പുട്ട് കൂടി കൊണ്ടുവന്നു. വാസു അതും കഴിച്ച് ചായയും കുടിച്ചിട്ട് എഴുന്നേറ്റു. അവന്റെ തീറ്റ ദിവ്യയെ ഞെട്ടിക്കാതിരുന്നില്ല. ആണുങ്ങളായാല്‍ അങ്ങനെ കഴിക്കണം എന്നവള്‍ മനസ്സില്‍ പറഞ്ഞു.
വാസു കൈകഴുകി പുറത്തേക്ക് പോയപ്പോള്‍ അവള്‍ ആരും കാണാതെ അവന്‍ തിന്നതിന്റെ ബാക്കി അല്‍പം ഉണ്ടായിരുന്നത് എടുത്ത് കഴിച്ചു. പിന്നെ പുഞ്ചിരിയോടെ പാത്രങ്ങളുമായി ഉള്ളിലേക്ക് പോയി.
വാസു നേരെ ഗീവര്‍ഗീസ് അച്ചന്റെ അരികിലേക്ക് ആണ് പോയത്. അവന്‍ ചെല്ലുമ്പോള്‍ അച്ചന്‍ ആശ്രമ മുറ്റത്ത് ഉലാത്തുകയാണ്. അവന്റെ വേഷവിധാനവും വൃത്തിയും മെനയും ഒക്കെ കണ്ടപ്പോള്‍ അച്ചന്‍ അത്ഭുതത്തോടെ അവനെ നോക്കി.
“ഹിതാര്..വാസുവോ? നീ ആളാകെ അങ്ങ് മാറിയല്ലോടാ ചെറുക്കാ..” അച്ചന്‍ തന്റെ അത്ഭുതം മറച്ചു വയ്ക്കാതെ പറഞ്ഞു.
“ഓ..അച്ചനു തോന്നുന്നതാ..” വാസു തല ചൊറിഞ്ഞു.
“ങാ വാ….നീ വല്ലോം കഴിച്ചോ രാവിലെ?”
“ശകലം പുട്ട് കഴിച്ചു…”
“ശകലം പുട്ട്..അതും നീ! സത്യം പറയടാ..എത്ര കുറ്റി വിഴുങ്ങി?”
“ഓ..മൂന്നു കുറ്റിയെ കഴിച്ചുള്ളൂ…”
“അതെന്താ അത്രേ അവരുണ്ടാക്കിയുള്ളോ?”
വാസു ചിരിച്ചു.
“ഇഡ്ഡലി കഴിക്കുന്നോ…”
“വേണ്ട..”
“എന്നാ വാ ഇരി..വിശേഷങ്ങള്‍ ഒക്കെ പറ…”
വാസു തന്റെ ജീവിതത്തില്‍ വന്ന മാറ്റങ്ങള്‍ അച്ചനോട് പറയാന്‍ തുടങ്ങി. ശങ്കരന്‍ തന്നെ ബിസിനസില്‍ ഒപ്പം കൂട്ടിയതും ആദ്യ ദിനം തന്നെ താന്‍ മുസ്തഫയെയും മൊയ്തീനെയും കൈകാര്യം ചെയ്തതുമെല്ലാം അവന്‍ വിവരിച്ചു തുടങ്ങി.
ഈ സമയത്ത് ശങ്കരന്‍ പ്രഭാത ഭക്ഷണം കഴിച്ച ശേഷം തന്റെ ഓഫീസിലേക്ക് പോകാന്‍ ഇറങ്ങുകയായിരുന്നു. അയാളെ യാത്രയാക്കാന്‍ രുക്മിണിയും ദിവ്യയും പുറത്തേക്ക് ഇറങ്ങി വന്നു. ശങ്കരന്‍ സ്കൂട്ടര്‍ സ്റ്റാന്റില്‍ നിന്നും ഇറക്കി അതില്‍ ഇരുന്നപ്പോഴാണ് ഒരു പോലീസ് ജീപ്പ് ഇരമ്പലോടെ വന്നു മുറ്റത്ത് ബ്രെക്കിട്ടത്. അതില്‍ നിന്നും എസ് ഐ പൌലോസ് പുറത്തിറങ്ങി. അവധിയിലായിരുന്ന പൌലോസ് ചാര്‍ജ്ജ് എടുത്തിട്ടു രണ്ടു ദിവസം മാത്രമേ ആയുള്ളായിരുന്നു. ചെറുപ്പക്കാരനും ഒരാളെയും വക വയ്ക്കാത്തവനുമായിരുന്നു സബ് ഇന്‍സ്പെക്ടര്‍ പൌലോസ്. വണ്ടിയില്‍ അയാള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
“വാസുവിന്റെ വീടല്ലേ?” അയാള്‍ മീശ ചെറുതായി പിരിച്ച് ശങ്കരനെ നോക്കി ചോദിച്ചു. അപ്രതീക്ഷിതമായി പോലീസിനെ കണ്ട ഞെട്ടലില്‍ ആയിരുന്നു ശങ്കരനും കുടുംബവും.
മൃഗം 6 [Master]
Posted by