മൃഗം 10 [Master]

Posted by

“അയിനിപ്പം ഇബട കടി ഒന്നും ഇല്ലല്ലോ പഹയാ..പിന്നെങ്ങനാ അനക്ക് മാത്രം തര്വ” വാസു സരസനാണ് എന്ന് മനസിലാക്കിയ മൂസാക്കയും വിട്ടുകൊടുത്തില്ല.

“ഓ..എന്നാപ്പിന്നെ ചായ രണ്ടു ഗ്ലാസ് പോരട്ടെ” വാസു തല ചൊറിഞ്ഞു.

വളരെ വലിഞ്ഞുമുറുകി നിന്നിരുന്ന ആ വീട്ടിലെ അന്തരീക്ഷം ഐസ് പോലെ ഉരുകുന്നത് കണ്ടപ്പോള്‍ ഡോണ അത്ഭുതത്തോടെ വാസുവിനെ നോക്കി. അവളുടെ കണ്ണുകളില്‍ ഒരുതരം ആരാധന പ്രകടമായിരുന്നു. സുബൈദ ഉള്ളിലേക്ക് പോയപ്പോള്‍ ഡോണ മൂസയെ നോക്കി.

“മോനെ..ഞമ്മള്‍ക്ക് പടച്ചോന്‍ ഒരു മോളെ തന്നിരുന്നു..ഈ ഡോണ മോളെപ്പോലെ സുന്ദരിയും മിടുക്കിയുമായിരുന്നു ഓള്‍..പേര് മുംതാസ്..സ്കൂള്‍ മുതല്‍ കോളജ് ബരെ ഇവര്‍ രണ്ടുപേരും ആത്മാര്‍ത്ഥ സുഹൃത്തുക്കള്‍ ആയിരുന്നു. എന്റെ മുംതാസും ഡോണ മോളും എന്നെ വാപ്പച്ചി എന്നാണ് വിളിക്കുന്നത്..ഇവര് രണ്ടുപേരും എനിക്കും സുബൈദാനും ഒരേപോലെ ആണ്..ഡോണ മോള് ഈ നഗരത്തിലെ ഒരു കോടീശ്വരന്റെ മോളാണ് എന്ന് എന്റെ മുംതാസ് പറഞ്ഞിട്ട് ഞമ്മള്‍ വിശ്വസിച്ചില്ല..അവള്‍ എന്നെ ഈ മോള്‍ടെ ബീട്ടില്‍ ഒരീസം കൊണ്ടോയി..പടച്ചോനാണേ ഈ മോള്‍ടെ മനസിന്റെ ബലുപ്പം അന്നാണ് ഞമ്മള് നേരില്‍ അറീന്നത്…ഇവിടെ ഞമ്മട ഈ ചെറിയ കൂരേല്‍ ഞമ്മക്കൊപ്പം ഇരുന്ന് എത്ര തവണ ഈ മോള് ആഹാരം കയ്ചിട്ടുണ്ടെന്നോ.. ഈ ഭാഗത്തേക്ക് സാധാരണക്കാര് പോലും ബരാറില്ല..അത്രക്ക് മോസം കോളനിയാ ഇത്..” ഒരു ദീര്‍ഘനിശ്വാസത്തോടെ നിര്‍ത്തി കണ്ണുകള്‍ തുടച്ചിട്ട് മൂസാക്ക തുടര്‍ന്നു:

“റെയില്‍വേ സ്റ്റേഷന്റെ അടുത്ത് ഒരു തട്ടുകട നടത്തിയാണ് ഞമ്മള് കുടുംബം പോറ്റിയിരുന്നത്..പഠിക്കാന്‍ മിടുക്കിയായ എന്റെ മോളെ പഠിപ്പിച്ചു വല്യ ഒരാളാക്കി, നല്ല നിലയില്‍ നിക്കാഹ് നടത്തി വിടണം എന്ന ഒരൊറ്റ സ്വപ്നമേ ഞമ്മക്ക് ജീവിതത്തില്‍ ഉണ്ടായിട്ടുള്ളൂ. ഓള്‍ക്ക് വേണ്ടി ജോലി ചെയ്യാനും ജീവിക്കാനും ഞമ്മക്ക് പെരുത്ത് സുഖം തന്നായിരുന്നു..ഓലെ പഠിപ്പിക്കുക..ഓള്‍ക്ക് നല്ല തുണി ബാങ്ങി നല്‍കുക..ഓള്‍ക്ക് ഇഷ്ടമുള്ള ആഹാരം നല്‍കുക..ഞമ്മടെ ജീബിതം മൊത്തം ഓലെ ചുറ്റിപ്പറ്റി ആയിരുന്നു മോനെ….ഞമ്മള് രാത്രി വളരെ വൈകിയും കച്ചോടം നടത്തി നല്ലൊരു സ്ഥലത്ത് ചെറിയ ഒരു പൊര ബക്കാനും ഓള്‍ടെ നിക്കാഹ് അവിടെ വച്ച് നടത്താനും വേണ്ട പണം കുറേശ്ശെ സമ്പാദിച്ചു വയ്ക്കുന്നുണ്ടായിരുന്നു..കോളജിലെ പഠിപ്പ് കഴിഞ്ഞ് ഈ മോള് ഏതോ ടിവി കമ്പനീല് ജോലിക്ക് കയറിയപ്പോള്‍ ഓള്‍ക്ക് ഒരു ബാങ്കിലാണ് ജോലി കിട്ടിയത്. ആദ്യശമ്പളം കിട്ടിയ അന്ന് എന്റെ മോള് ഞമ്മക്ക് എന്തൊക്കെയാ ബാങ്ങി ബന്നതെന്നോ..അന്ന് ഈ മോളേം ഇബട ബിളിച്ച് നല്ല ബിരിയാണീം കയ്ച്ച് ഞങ്ങള്‍ എത്ര സന്തോഷിച്ചു….പച്ചേങ്കി ആ സന്തോസം പടച്ചോന് പിടിച്ചില്ല മോനെ..പിടിച്ചില്ല…ജോലിക്ക് കയറി ഏതാണ്ട് ആറോ ഏഴോ മാസങ്ങള്‍ ആയപ്പോഴാണ് എന്റെ കുട്ടി ആ കടുംകൈ ചെയ്തത്..ഈ വീടിന്റെ മച്ചില്‍ ഓള്…ഓള്…” പൂര്‍ത്തിയാക്കാനാകാതെ മൂസാക്ക തേങ്ങി.

Leave a Reply

Your email address will not be published. Required fields are marked *