“പറയൂ സാർ ക്ഷമിക്കണം പെട്ടെന്ന് ഫോണിൽ കൂടി ശബ്ദം കേട്ടിട്ട് മനസ്സിലായില്ല.. പ്രത്യേകിച്ച് അസമയത്തുള്ള ഒരു കോള് ..ഒരുപാട് പേടിയോടെയാണ് ഞാൻ എടുത്തത് “
വിനയപൂർവ്വം ഞാൻ മറുപടി നൽകി.
“അതെ .. അസമയത്തുള്ള കോൾ അനാവശ്യമാണ് പക്ഷേ ഒരു ആവശ്യത്തിന് ആകുമ്പോൾ തീരെ ഒഴിവാക്കുവാൻ സാധിച്ചില്ല അതുകൊണ്ടാണ് ഞാൻ ആദ്യം തന്നെ ക്ഷമ പറഞ്ഞത് “
മാഷ് പറഞ്ഞു.
“സാർ പറഞ്ഞോളൂ … “
“എനിക്ക് കാശിനു ചെറിയൊരു അത്യാവശ്യം സാധിക്കുകയാണെങ്കിൽ നാളെ എനിക്ക് ഒരു 5000 രൂപ തരാൻ സാധിക്കുമോ ?”
സാറിൻറെ ആവശ്യം എനിക്ക് കേട്ടിട്ട് തീരെ അപരിചിതത്വം തോന്നി. പക്ഷേ അതിൽ അരുതായ്മ ഒന്നും ഇല്ല താനും.
എൻറെ ഭാഗത്തു നിന്നുള്ള മറുപടി വൈകിയതിനാൽ മാഷ് പറഞ്ഞു ,
“ബുദ്ധിമുട്ടാണെങ്കിൽ വേണ്ട കേട്ടോ ഞാൻ ഇങ്ങനെ ഒരു കാര്യം ചോദിച്ചിട്ട് ഇല്ല എന്ന് തന്നെ കരുതിക്കോളൂ “
“അയ്യോ സാർ ഒരു ബുദ്ധിമുട്ടുമില്ല നാളെ എവിടെ വന്നാണ് സാറിന് കാശ് തരേണ്ടത് എന്ന് പറഞ്ഞാൽ മാത്രം മതി “
“ബുദ്ധിമുട്ടാവില്ലെങ്കിൽ മുൻസിപ്പൽ ഓഫീസിന് എതിർ വശത്തുള്ള ഡി അഡിക്ഷൻ സെൻററിൽ രാവിലെ ഒരു 11 മണിയാവുമ്പോൾ എത്തിച്ചേർന്നാൽ വളരെ ഉപകാരമാകും .. പിന്നെ ഈ തുക എനിക്ക് എന്ന് തിരികെ തരാൻ സാധിക്കും എന്ന് ഉറപ്പ് പറയുവാൻ പറ്റുകയില്ല, ഇനി അഥവാ തിരികെ തരുവാൻ സാധിച്ചില്ല എങ്കിൽ എനിക്ക് തരാമെന്ന് വാഗ്ദാനം ചെയ്തിരുന്ന ശമ്പള തുകയിൽ നിന്നും കുറച്ചു തന്നാൽ മതി “
അതീവ വിനയത്തോടെ മാഷ് പറഞ്ഞു.
“അയ്യോ സാർ .. താങ്കളെ ഞാൻ എൻറെ ഗുരു സ്ഥാനിയനും പിതൃ സ്ഥാനീയനും ആയി മാത്രമേ കണ്ടിട്ടുള്ളൂ അങ്ങനെയുള്ള ഒരു വ്യക്തി എന്നോട് കാശിന്റെ കണക്ക് പറയുന്നത് വളരെ വിഷമം ഉണ്ടാക്കുന്ന കാര്യമാണ്. താങ്കൾക്ക് എന്ത് അത്യാവശ്യം വന്നാലും എന്നോട് ചോദിക്കാം .. അതിനൊരു മടിയും വിചാരിക്കേണ്ടതില്ല.എന്നെ ഒരു മകളുടെ സ്ഥാനത്ത് കണ്ടാൽ മതി .. താങ്കൾ എന്നോട് ചോദിച്ച തുക എനിക്ക് തരുവാൻ സാധിക്കും.താങ്കൾ ഈ തുക തിരികെ തരുന്ന കാര്യങ്ങളൊക്കെ നമുക്ക് നമുക്ക് പിന്നീട് ആലോചിക്കാം “
നമ്പൂതിരി മാഷിന് മറുപടി നൽകുമ്പോൾ എൻറെ കണ്ണ് നിറഞ്ഞിരുന്നു. അദ്ദേഹത്തിനു വേണ്ടി ഞാൻ ഇപ്പോൾ ഇങ്ങനെ ചെയ്യുന്നത് ഒരു പുണ്യമാണ് .കാരണം മാസ ശമ്പളം നൽകാം എന്ന് പറഞ്ഞിട്ട് ആണെങ്കിൽ പോലും എനിക്ക് വേണ്ടി ജോലി ഉപേക്ഷിക്കാൻ തയ്യാറായ മഹത് വ്യക്തിയാണ് അദ്ദേഹം.
“ഇങ്ങനെയുള്ള കുട്ടികളെ കണ്ടു മുട്ടുന്നത് തന്നെ ഒരു മുജ്ജന്മ സുകൃതം ആണ് . പുണ്യം ചെയ്ത മാതാപിതാക്കളാണ് വീണയുടെത് , ഇങ്ങനെ ഒരു തങ്കക്കുടത്തിനെ സ്വന്തമാക്കാൻ സാധിച്ച മോളുടെ ഭർത്താവാണ് ഈ ഭൂമിയിലെ ഏറ്റവും പുണ്യം ചെയ്ത പുരുഷൻ “
നമ്പൂതിരി സാർ അദ്ദേഹത്തിൻറെ അനുഗ്രഹാശിസ്സുകൾ എനിക്കുമേൽ ചൊരിഞ്ഞു.