അഞ്ചു മിനിറ്റോളം കാത്തു നിന്നിട്ടും ബസ്സുകൾ ഒന്നും തന്നെ കാണുന്നില്ല , സമയം 11 നോട് അടുക്കുന്നു . നമ്പൂതിരി മാഷ് ആദ്യമായി ഒരു കാര്യം ആവശ്യപ്പെട്ടിട്ട് താമസിച്ച് ചൊല്ലുന്നത് മോശമാണ് , തീരെ ഉത്തരവാദിത്വം ഇല്ലാത്ത ഒരു പെൺകുട്ടി എന്ന സ്ഥാനം മാത്രമേ എനിക്ക് ലഭിക്കുകയുള്ളൂ. ഏതായാലും ഇനി ബസ്സ് കാത്തു നിൽക്കുന്നതിൽ അർത്ഥമില്ല , ഒരു ഓട്ടോ പിടിച്ച് പോവുക തന്നെ.
ജംഗ്ഷനിൽ നിന്നും പിടിച്ച ഓട്ടോയിൽ മുൻസിപ്പൽ ഓഫീസിന് എതിർവശമുള്ള ഡി അഡിക്ഷൻ സെൻറർ ലേക്ക് ചെല്ലുമ്പോഴേക്കും സമയം പതിനൊന്നേകാൽ കഴിഞ്ഞിരുന്നു ഏകദേശം 15 മിനിട്ടോളം താമസിച്ചാണ് ഞാൻ എത്തിയത്. ഓട്ടോക്കാരനു കാശ് കൊടുത്തു മുന്നോട്ടു നടക്കുമ്പോഴേ ഞാൻ കണ്ടു , നമ്പൂതിരി മാഷും കൂടെ ഒരു സ്ത്രീയും തെല്ലു അകലെ മാറി വരാന്തയുടെ കൈ വരിയിൽ പിൻ തിരിഞ്ഞിരിക്കുന്ന ഒരു പയ്യനും.
താമസിച്ച് ചെന്നതിന്റെ ഒരു ജാള്യത എൻറെ മുഖത്ത് ഉണ്ടായിരുന്നു ,
“മാഷേ ക്ഷമിക്കണം ബസ് കിട്ടാൻ വൈകി പിന്നെ ഒരു ഓട്ടോ പിടിച്ചു വരേണ്ടി വന്നു അതുകൊണ്ടാണ് താമസിച്ചത് . “
നമ്പൂതിരി മാഷ് ഇങ്ങോട്ട് എന്തെങ്കിലും പറയും മുൻപ് അങ്ങോട്ട് കയറി ഞാൻ പറഞ്ഞു.
“ഹേയ് .. ഞങ്ങൾ എത്തിയിട്ട് ഒരു അഞ്ചു മിനുട്ട് ആകുന്നതേയുള്ളൂ , ഇത് സുധാമണി എൻറെ അയൽവാസിയാണ് ഒപ്പം നമ്മുടെ കോളേജിലെ ലെ പീയൂണും കൂടി ആണ് “
കൂടെയുണ്ടായിരുന്ന സ്ത്രീയെ ചൂണ്ടിക്കാട്ടി നമ്പൂതിരി മാഷ് പറഞ്ഞു.
തല അല്പം നരച്ച അധികം പ്രായം തോന്നാത്ത ഒരു പാവം സ്ത്രീ. അവർക്ക് ഔപചാരികതയുടെ പേരിൽ ഒരു പുഞ്ചിരി ഞാൻ സമ്മാനിച്ചു.
” ഇനിയിപ്പോ നമ്മൾ എല്ലാവരും ഒരുമിച്ച് ഒരു കുടുംബം പോലെ കോളേജിൽ കഴിയേണ്ടതല്ലേ.. “
എൻറെ പുഞ്ചിരിക്ക് മറുപടിയായി ആ സ്ത്രീ പറഞ്ഞു.
“അതേ അതെ … വീണയ്ക്ക് എന്താവശ്യമുണ്ടെങ്കിലും അത് ഔദ്യോഗികമായും അനൗദ്യോഗികമായും സുധാമണിയുടെ സഹായം തേടാം ”
മാഷ് പറഞ്ഞു.
വരാന്തയുടെ കൈ വരിയിൽ ഞങ്ങൾക്ക് പിൻ തിരിഞ്ഞിരിക്കുന്ന പയ്യനിലേക്ക് എൻറെ നോട്ടം പോയി ,
ഇവിടെ ഇങ്ങനെ ഒരു സൗഹൃദ സംഭാഷണം നടക്കുന്നതിന്റെ യാതൊരു ഭാവവും ഇല്ലാതെ മുന്നിലേക്ക് തന്നെ നോക്കിയിരിക്കുകയാണ് പയ്യൻ .
എൻറെ നോട്ടത്തിന്റെ അർത്ഥം മനസ്സിലാക്കിയിട്ടെന്നോണം മാഷ് പറഞ്ഞു ,
“എൻറെ മകനാണ് നരേഷ് , അന്ന് വന്നപ്പോൾ പരിചയപ്പെടുത്താൻ പറ്റിയില്ല “
ഞങ്ങൾക്ക് പിന്തിരിഞ്ഞു വരാന്തയിലെ കൈ വരിയിൽ ഇരിക്കുക അല്ലാതെ ആ പയ്യനിൽ നിന്നും ഒരു നോട്ടം പോലും ഉണ്ടായില്ല.
ഒരു വിളറിയ ചിരി സമ്മാനിച്ചു കൊണ്ട് ഞാൻ മാഷിനോട് ചോദിച്ചു ,
“അപകടം പറ്റിയതിന്റെ ബുദ്ധിമുട്ടൊക്കെ മാറിയോ ഇപ്പോൾ എങ്ങനെയുണ്ട് ?”
“ഹാ .. മനസ്സിനാണ് കൂടുതൽ അപകടം പറ്റിയത് മനസ്സിൽ അപകടം സംഭവിക്കുന്നത് ആണല്ലോ ഏറ്റവും വലിയ ദുരന്തം “
മാഷ് പറഞ്ഞു.