ഒന്നും മനസ്സിലാകാതെ നിന്ന എന്നോടായി മാഷ് വീണ്ടും പറഞ്ഞു ,
“വീണ ക്യാഷ് തന്നിരുന്നു എങ്കിൽ ഞങ്ങൾക്ക് ഡോക്ടറിനെ ഒന്ന് കണ്ടിട്ട്
പെട്ടെന്ന് ഇറങ്ങാമായിരുന്നു “
പേഴ്സിൽ നിന്നും ഞാൻ എടുത്ത് നൽകിയ കാശുമായി മാഷ് വരാന്തയുടെ യുടെ കൈ വരിയിൽ ഇരുന്ന മകനെയും കൂട്ടി അകത്തേക്ക് പോയി.
ഒരു മാത്ര ഞാൻ ആ പയ്യൻറെ മുഖം കണ്ടു , കുഴി വീണ കവിളുകൾ കണ്ണുകളിൽ ദൈന്യത തളം കെട്ടി ഇരിക്കുന്നു. കരുവാളിച്ച മുഖത്ത് എന്തോ നിരാശയുടെ അടയാളം എന്ന നിലയിൽ ഇതിൽ കുറ്റി താടി വളർന്നു നിൽക്കുന്നു. നമ്പൂതിരി മാഷ് പറഞ്ഞത് ശരിയാണ് ഇവൻറെ മനസ്സിലാണ് അപകടം സംഭവിച്ചത്.
മകനുമായി അകത്തേക്ക് പോയ മാഷിനെ നോക്കി നിന്ന എന്നെ ചിന്തയിൽ നിന്ന് പെട്ടെന്ന് ഉണർത്തിയത് സുധാമണി ചേച്ചിയുടെ ശബ്ദമാണ് ,
“മോള് എന്നാണ് കോളേജിൽ ജോയിൻ ചെയ്യുന്നത് .. എനിക്ക് അവിടെ ജോലി മേടിച്ചു തന്നത് ഇൗ നമ്പൂതിരി മാഷാണ് , അതിൻറെ ഒരു കടപ്പാട് എനിക്ക് എന്നും ഉണ്ടാകും അതു കൊണ്ട് തന്നെയാണ് ഞാൻ ഇപ്പോൾ അദ്ദേഹത്തിൻറെ കൂടെ ഇങ്ങോട്ട് വന്നത് “
“ചേച്ചി ഞാൻ കഴിവതും വേഗം പറ്റിയാൽ രണ്ട് ദിവസത്തിനുള്ളിൽ തന്നെ ജോയിൻ ചെയ്യും .. ഒരു കാര്യം ചോദിച്ചോട്ടെ ?”
എൻറെ ചോദ്യം കേട്ട് അമ്പരന്ന സുധാമണി ചേച്ചിയോട് ആയി ഞാൻ വീണ്ടും ചോദിച്ചു ,
“മാഷിൻറെ മകന് ഒരു അപകടം പറ്റി എന്ന് മാത്രമേ എനിക്ക് അറിയൂ സത്യത്തിൽ എന്താണ് സംഭവിച്ചത് ?”
“പഠിക്കാൻ മിടുക്കനായ പയ്യനായിരുന്നു , ബാംഗ്ലൂരിലെ ഏതോ ഐറ്റി കമ്പനിയിലായിരുന്നു ജോലി എന്ന് മാത്രം അറിയാം അവിടെ വെച്ച് എന്തോ കുഴപ്പത്തിൽ ചാടിയതാണ് “
തനിക്ക് അറിയാവുന്ന കാര്യം സുധാമണി ചേച്ചി സത്യസന്ധമായി പറഞ്ഞതായി എനിക്ക് തോന്നി. മാഷ് എന്നോട് അതേപ്പറ്റി ഒന്നും സംസാരിക്കാത്ത കാലത്തോളം ഇനി അത് അന്വേഷിക്കേണ്ട കാര്യം എനിക്കില്ല എന്ന് ഞാൻ ഉറപ്പിച്ചു.
“ചേച്ചി എനിക്ക് പോയിട്ട് കുറച്ച് അത്യാവശ്യമുണ്ട് മാഷ് ഡോക്ടറെ കണ്ടിട്ട് തിരികെ ഇറങ്ങുമ്പോൾ പറഞ്ഞേക്കൂ “
സുധാമണി ചേച്ചിയോട് യാത്ര പറഞ്ഞു ഞാൻ അവിടെ നിന്നും വീട്ടിലേക്ക് ഇറങ്ങി. തിരികെ വീട്ടിലേക്കുള്ള ബസ് യാത്രയിൽ മനസ്സു മുഴുവൻ പല തരത്തിലുള്ള ചോദ്യങ്ങൾ ആയിരുന്നു . ഇതൊന്നും എന്നെ ബാധിക്കുന്ന കാര്യങ്ങളല്ല എന്ന് ഉപബോധമനസ്സ് പറയുന്നുണ്ടെങ്കിലും എന്താണെന്ന് അറിയുവാനുള്ള സ്ത്രീ സഹജമായ ആകാംക്ഷ മനസ്സിൽ ഉണ്ട്.
‘കൂട്ടുകാരിയെ കണ്ടോ ? .. എന്ന അമ്മയുടെ ചോദ്യത്തിന് നല്ല അസ്സലായി കളവു പറഞ്ഞു. വൈകുന്നേരം സ്കൂൾ വിട്ടു കുട്ടികൾ വന്നു .. പിന്നെ അവരെ മേൽ കഴികിച്ച് ആഹാരം കൊടുക്കാനും അടുത്ത ദിവസത്തേക്കുള്ള ഹോം വർക്ക് ചെയ്യിപ്പിക്കുവാനും ഒക്കെയായി അവർക്ക് പിന്നാലെയുള്ള ഓട്ടപ്പാച്ചിൽ,