“അല്ല .. ഒരിക്കലുമല്ല നിൻറെ വഴിയല്ല എന്റേത് .. എനിക്ക് എന്റെ പ്രശാന്ത് ഏട്ടൻ ഉണ്ട് … കുട്ടികൾ ഉണ്ട് .. ഇന്നലെ യഥാർത്ഥത്തിൽ സംഭവിച്ചത് എന്താണെന്ന് ലക്ഷ്മി …. നീ അറിയണം .. ഞാൻ പറയുന്നത് ഒന്ന് കേൾക്കണം പ്ലീസ് “
“വീണാ .. എനിക്ക് എൻറെ ദുഃഖങ്ങൾ തന്നെ ഒരുപാട് ഉണ്ട്.. അതൊക്കെ മറക്കുന്നതിന് വേണ്ടിയാണ് ഈ തെറ്റിന്റെ വഴിയിൽ ഞാൻ
സഞ്ചരിക്കുന്നത് .. ഇനി നിന്റെ വാദങ്ങളും കൂടി എനിക്ക് നെഞ്ചിലേറ്റാൻ വയ്യ “
പാതി തമാശയോടെ തൊഴു കൈകളോടെ എന്നെ നോക്കി ലക്ഷ്മി പറഞ്ഞു.
പെട്ടെന്ന് ഞങ്ങളുടെ ടേബിളിന്റെ അടുത്തായി ഒരു പുരുഷ സാന്നിധ്യം ഞാൻ അറിഞ്ഞു , ഒപ്പം ലക്ഷ്മിയുടെ ഉണ്ടക്കണ്ണുകൾ വിടർന്നു വികസിക്കുന്നതും അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി മൊട്ടിടുന്നതും കണ്ടു.
വലതു ഭാഗത്തേക്ക് തിരിഞ്ഞു നോക്കിയ ഞാൻ ഒന്ന് ഞെട്ടി. തൊട്ടടുത്തായി കറുപ്പ് കളർ ടീഷർട്ടും നീല ജീൻസും ധരിച്ച നാൽപ്പതിന്റെ അടുത്ത് പ്രായം തോന്നിക്കുന്ന ഒരു മനുഷ്യൻ , നല്ല വെളുത്ത നിറം മുഖം നിറഞ്ഞു നിൽക്കുന്ന കറുത്ത് ഇട തൂർന്ന കട്ടത്താടി .. താടിയുടെ മറവിലൂടെ പുഞ്ചിരിക്കുമ്പോൾ തെളിയുന്ന നുണക്കുഴികൾ , വിലകൂടിയ ഏതോ ബ്രാൻഡ് പെർഫ്യൂം മണം .. ഒറ്റ നോട്ടത്തിൽ എനിക്ക് ആളെ മനസ്സിലായി ആയി ‘സമീർ ഹംസ’.
“ക്ഷമിക്കണം ഞാൻ അല്പം വൈകിപ്പോയി .. ലക്ഷ്മി സുഖമല്ലേ ? ”
മുഴക്കമുള്ള ഉറച്ച ശബ്ദത്തിൽ അയാൾ ചോദിച്ചു.
ലക്ഷ്മി അപ്പോഴും സമീറിനെ നോക്കിക്കൊണ്ട് സ്വപ്ന ലോകത്തിൽ തന്നെയായിരുന്നു.
“എടോ .. ഇയാൾ എന്താണ് ഇങ്ങനെ നോക്കുന്നത് അന്ന് തായ്‌ലൻഡിൽ വച്ച് കണ്ടു പിരിഞ്ഞതിൽ പിന്നെ താൻ നന്നായി ഒന്ന് വണ്ണം വെച്ചിട്ടുണ്ട് ”
സമീറിനെ നോക്കി മതി മറന്നിരിക്കുന്ന ലക്ഷ്മിയോടായി അയാൾ പറഞ്ഞു.
“സമീർ … ഇത് ഞാൻ പറഞ്ഞിരുന്നില്ലേ എൻറെ ഫ്രണ്ട് വീണ .. ”
സ്വബോധത്തിലേക്ക് തിരികെ വന്ന
ലക്ഷ്മി എന്നെ അയാൾക്ക് പരിചയപ്പെടുത്തി.
“ഉവ്വ് ഉവ്വ് പറഞ്ഞിരുന്നു .. കോളേജിൽ ജോയിൻ ചെയ്യാൻ പോകുന്ന ഫ്രണ്ട് അല്ലേ .. ഹസ്ബൻഡ് ദുബൈയിൽ ആണ് അല്ലേ … അവിടെ പിന്നെ ഫുൾ മലയാളികൾ ആയതു കൊണ്ട് എപ്പോഴെങ്കിലും നേർക്കു നേർ വന്നിട്ടുണ്ടാവും .. എനി വേ കണ്ടതിൽ സന്തോഷം ”
സമീർ എന്നോടായി പറഞ്ഞു.
“ഇരിക്കൂ … “
ഞങ്ങളുടെ അടുത്ത് നിന്ന് കാര്യം പറയുന്ന അയാളോടായി മാന്യത കലർന്ന പതിഞ്ഞ ശബ്ദത്തിൽ ഞാൻ പറഞ്ഞു.
“ഇരിക്കാൻ ഒന്നും സമയമില്ല നമുക്ക് വേഗം ഇറങ്ങാം ഇപ്പൊ തന്നെ ഒരുപാട് വൈകി … ലക്ഷ്മി ക്വിക്ക് .. വേഗം ആകട്ടെ “
വലതു കൈയിലെ ചൂണ്ടു വിരൽ വാച്ചിന്റെ ഡയലിലേക്ക് കൊട്ടി കാണിച്ചു കൊണ്ട് സമീർ ലക്ഷ്മിയെ നോക്കിക്കൊണ്ട് പറഞ്ഞു.
“വീണാ .. എങ്കിൽ നമുക്ക് ഇറങ്ങാം ”
ലക്ഷ്മി എന്നോടായി പറഞ്ഞു.
“എങ്ങോട്ട് … ?”
ഒന്നും മനസ്സിലാകാതെ അതിശയത്തോടെ ഞാൻ ചോദിച്ചു.