“സമീറിന്റെ വീട്ടിലേക്ക് ഒരു 15 കിലോ മീറ്റർ ദൂരം ഉണ്ട് ഇവിടെ നിന്നും . അതു കൊണ്ടാണ് ഇവിടെ വെയിറ്റ് ചെയ്യാൻ സമീർ പറഞ്ഞത് .. കുറച്ച് ഉൾ പ്രദേശമാണ് നമുക്ക് പോയിട്ട് പെട്ടെന്ന് തിരികെ വരാം “
“ലക്ഷ്മി .. ഞാൻ വരുന്നില്ല കുട്ടികൾ വരും മുൻപേ എനിക്ക് വീട്ടിലെത്തണം മാത്രവുമല്ല നിങ്ങൾ പോയി വരൂ “
തെല്ലൊരു ജാള്യതയോടെ ഞാൻ പറഞ്ഞു. എത്രയും വേഗം ആ രംഗത്തിൽ നിന്നും പുറത്തു കടന്നാൽ മതി എന്ന ചിന്ത മാത്രം ആയിരുന്നു എനിക്ക്.
“ഹേയ് … അത് പറ്റില്ല .. വീണയും വന്നേ പറ്റൂ . സമയം ഇപ്പോൾ 11 മണി ആകുന്നതേയുള്ളൂ കുട്ടികൾ വൈകുന്നേരം അല്ലേ വരുള്ളൂ അതിനു മുമ്പായി ഞാൻ നിങ്ങളെ എവിടെയാണ് പോകേണ്ടത് എന്ന് വച്ചാൽ കൊണ്ടു വിടാം “.
“അയ്യോ പിന്നീടൊരിക്കലാവാം ഇപ്പോൾ വേണ്ട നിങ്ങൾ പോയി വരൂ “
സമീറിന്റെ ക്ഷണം നിരസിച്ച് ഒഴിഞ്ഞു മാറി കൊണ്ട് ഞാൻ പറഞ്ഞു.
“ഇനി ഞാനും ലക്ഷ്മിയും തമ്മിൽ പോലും എന്ന് കണ്ടു മുട്ടുമെന്ന് ഇപ്പോൾ പറയുവാൻ സാധിക്കില്ല .. പിന്നെയല്ലേ വീണ എന്റെ വീട്ടിലേക്ക് വരുന്നത് ”
ചിരിച്ചു കൊണ്ട് സമീർ പറഞ്ഞു.
“ഒന്നും പറയണ്ട നീ വന്നേ പറ്റൂ തർക്കിച്ച് നിന്നാൽ തന്നെ സമയം പോകും നമുക്ക് ഇറങ്ങാം .. “
അധികാരത്തോടെ എന്റെ കയ്യിൽ കടന്നു പിടിച്ചു കൊണ്ട് ലക്ഷ്മി പറഞ്ഞു.
അവളെ എതിർക്കുവാൻ ഉള്ള ശേഷി എൻറെ ശരീരത്തിനോ മനസ്സിനോ ഉണ്ടായിരുന്നില്ല എന്നതാണ് സത്യം.
സമീറിന്റെയ് ആഡംബര കാറിൽ ഞങ്ങൾ അവിടെ നിന്നും പുറപ്പെട്ടു.
“എന്നാണ് വീണ കോളേജിൽ ജോയിൻ ചെയ്യുന്നത് ?”
ഡ്രൈവ് ചെയ്യുന്നതിനിടയിൽ പിന്നിലേക്ക് തിരിഞ്ഞു എന്നോടായി സമീർ ചോദിച്ചു.
“രണ്ടു ദിവസത്തിനുള്ളിൽ ജോയിൻ ചെയ്യണം ”
ഞാൻ മറുപടി നൽകി.
“സുധാകര വർമ്മ കോളേജ് കേരളത്തിലെ തന്നെ പ്രശസ്തമായ കോളേജുകളിൽ ഒന്നല്ലേ അവിടെയൊക്കെ പഠിപ്പിക്കാൻ അവസരം കിട്ടുന്നത് വളരെ നല്ല കാര്യമാണ് ”
ഫ്രണ്ട് സീറ്റിൽ ഒപ്പം ഇരിക്കുന്ന ലക്ഷ്മി യൊട് സമീർ പറഞ്ഞു , ഒരു പുഞ്ചിരിയോടെ അവള് അത് ശരി വെച്ചു.
അൽപ്പ നേരത്തെ യാത്രയ്ക്കൊടുവിൽ കാർ ടാർ റോഡിൽ നിന്നും ചെമ്മണ്ണ് പാകിയ നാട്ടിൻ പുറത്തെ വഴികളിലൂടെ ഓടിത്തുടങ്ങി. കുറച്ചു ദൂരം പോയ ശേഷം വിശാലമായ മതിൽക്കെട്ടുകൾ ഉള്ള ഗേറ്റിനു മുന്നിൽ ആയി കാർ നിന്നു. റിമോട്ട് കൺട്രോൾ ഉപയോഗിച്ച് സമീർ ഗേറ്റ് ഓപ്പണാക്കി കാർ അകത്തേക്ക് കയറ്റി. ഇൻറർ ലോക്ക് പാകിയ മുറ്റത്ത് കൂടെ വിശാലമായ ഒരു പോർച്ചിലേക്ക് കാർ വന്നു നിന്നു.
ഞാനും ലക്ഷ്മിയും കാറിൽ നിന്നും പുറത്തേക്ക് ഇറങ്ങി. റിമോട്ട് ഉപയോഗിച്ച് ഗേറ്റ് ലോക്ക് ചെയ്ത ശേഷം കാറിൽ നിന്നും പുറത്തിറങ്ങി സമീർ ഞങ്ങളെ വീട്ടിനുള്ളിലേക്ക് ക്ഷണിച്ചു.
“രണ്ടാളും അകത്തേക്ക് വരൂ “.
മെയിൻ ഡോറ് ചാവി ഉപയോഗിച്ച് സമീർ തുറക്കുന്നത് കണ്ടപ്പോഴാണ് , ഞങ്ങൾ അല്ലാതെ മറ്റാരും അവിടെ ഇല്ല എന്നുള്ള സത്യം ഞാൻ മനസ്സിലാക്കിയത്.