” മൈലക്കാട് ശശി എന്ന ഇയാളിൽ നിന്നും കഞ്ചാവ് , കുട്ടികളിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഏജൻറ്മാരിൽ ഒരാൾ ആണ് നിങ്ങളുടെ മകൻ വിനീഷ് .. കുറച്ച് കഞ്ചാവും പണവുമൊക്കെ പ്രതിഫലം ആയിട്ട് വിനീഷിന് ലഭിച്ചിട്ടുണ്ടായിരിക്കാം “
ജോണി ഇത് പറഞ്ഞു നിർത്തിയ നിമിഷം , ഇതിലും ഭേദം ഞാനാണ് ആ കുറ്റവാളി എന്ന് അയാൾ കണ്ടെത്തുമായിരുന്നു ഭേദം എന്ന് എനിക്ക് തോന്നി.
ഭർത്താവ് പിണങ്ങി പോയിട്ടും , ഞാൻ ജോലി ചെയ്ത് അന്തസായിട്ടാണ് എന്റെ മകനെ വളർത്തിയത്. പക്ഷേ എന്റെ മകന് കഞ്ചാവ് ലോബിയുമായി ബന്ധമുണ്ടെന്ന് പറയുമ്പോൾ എനിക്ക് വിശ്വസിക്കാൻ സാധിക്കുന്നില്ല.
“കഴിഞ്ഞ കുറച്ചു നാളുകളായി ഞങ്ങൾ മൈലക്കാട് ശശിക്ക് പിന്നാലെ ആയിരുന്നു .. അവനെ കുടുക്കാൻ പാകത്തിന് വേണ്ടത്ര തെളിവുകൾ ഒന്നും ഞങ്ങൾക്ക് കിട്ടിയിരുന്നില്ല .. ആകെ കൈയിലുള്ളത് നിങ്ങളുടെ മകനെ പോലെ അവന്റെ കുറച്ച് ഏജൻറ്മാരെ പറ്റി മാത്രമുള്ള വിവരങ്ങളാണ് .. നിർഭാഗ്യവശാൽ മൈലക്കാട് ശശി എന്നു പറയുന്ന ആൾ ഇന്നലെ രാത്രി കൊല്ലപ്പെട്ടു “
ജോണി പറഞ്ഞു നിർത്തി.
ആ കൊലപാതകത്തിന് ഉത്തരവാദിയാണ് നിങ്ങൾക്ക് മുൻപിൽ ഇരിക്കുന്നത് എന്ന് പറയുവാൻ എന്റെ നാവു പൊങ്ങി.
“നിന്റെ മകൻ രാത്രിയിൽ വൈകി വരുമ്പോൾ നിനക്ക് ചോദിച്ചു കൂടായിരുന്നോ അവനോട് എവിടെയായിരുന്നു ഇത്ര നേരം എന്ന്….”
ഉപദേശ ഭാവേണ രമ എന്നോട് പറഞ്ഞു.
ഒരു കാര്യം എനിക്ക് മനസ്സിലായി , മൈലക്കാട് ശശി എന്ന കഞ്ചാവ് വിൽപ്പനക്കാരന് എന്റെ മകനുമായി ബന്ധമുണ്ടായിരുന്നു എന്ന സത്യവും മൈലക്കാട് ശശി കൊല്ലപ്പെട്ടു എന്ന സത്യവും മാത്രമേ സബ് ഇൻസ്പെക്ടർ ജോണി അറിഞ്ഞിട്ടുള്ളൂ.
“മൺട്രോത്തുരുത്ത് കണ്ണമ്മൂല പാലത്തിനോട് ചേർന്ന് കല്ലടയാറിന് തീരത്താണ് ഓട്ടോയിൽ ഉപേക്ഷിക്കപ്പെട്ട രീതിയിൽ മൈലക്കാട് ശശിയുടെ മൃതദേഹം കണ്ടെത്തിയത് .. പ്രദേശവാസികളിൽ നിന്ന് കിട്ടിയ വിവരമനുസരിച്ച് രണ്ടു ഓട്ടോറിക്ഷകൾ അവിടെ എത്തിയിട്ടുണ്ട് .. സാഹചര്യത്തെളിവുകൾ അനുസരിച്ച് അവർ രണ്ടു പേർ ഉണ്ടാകാം .. “
എന്നോടും രമയോടും കൂടി ജോണി പറഞ്ഞു.
ഒരു ഞെട്ടലോടെ ഞാൻ ആ സത്യം മനസ്സിലാക്കി , ആ രണ്ടു പേർ എന്ന് സബ്ഇൻസ്പെക്ടർ ജോണി ഉദ്ദേശിച്ചത് ജിജോയേയും മുരളി ചേട്ടനേയും ആണ് .. ഞാൻ കാരണം .. എനിക്കു വേണ്ടി .. അവർ രണ്ടു പേരും ബലിയാടുകൾ ആകുമോ ..?
“എനി വേ .. രമ വഴി ഞാൻ ആര്യാദേവിയെ വിളുപ്പിച്ചത് നിങ്ങളുടെ മകന് ഉള്ള കഞ്ചാവ് ബന്ധം അറിയിക്കാനാണ് .. അതിനു ശേഷം ഉണ്ടായ സംഭവ വികാസങ്ങളാണ് ഇതെല്ലാം .. ഒരു പക്ഷേ അന്വേഷണം ഇനി നിങ്ങളുടെ മകനിലേക്കും നീണ്ടേക്കാം എന്തായാലും കരുതിയിരിക്കുക …”
സംഭാഷണം അവസാനിപ്പിച്ച് എഴുന്നേൽക്കാൻ ഭാവിച്ചു കൊണ്ട് ജോണി പറഞ്ഞു.
“സാർ .. പ്ലീസ് .. എന്റെ മകനെ രക്ഷിക്കണം .. അവൻറെ ഭാവി നശിപ്പിക്കരുത് . എന്തു വേണമെങ്കിലും ഞാൻ ചെയ്യാം .. “