പഞ്ചാബിലെ കോൺഗ്രസ് സർക്കാരിനെ പിരിച്ചു വിടലും അവിടെ അടിയന്തരാവസ്ഥ പ്രഖ്യാപിക്കലും പിന്നീട് നടന്ന ഓപറേഷൻ ബ്ലൂസ്റ്റാറും എല്ലാം കുഞ്ഞു പഠിച്ചിട്ടില്ലേ.. കഥയിൽ മുഴുകിയിരുന്ന സാമിനോട് ബാബുവേട്ടൻ ചോദിച്ചു
സാം അതിനു അതെ എന്ന് മറുപടി കൊടുത്തു
(പഞ്ചാബിലെ അമൃത്സറിലെ ഹർമന്ദിർ സാഹിബ് (ഗോൾഡൻ ടെമ്പിൾ) സമുച്ചയത്തിന്റെ കെട്ടിടങ്ങളിൽ നിന്ന് തീവ്രവാദ മതനേതാവ് ജർനൈൽ സിംഗ് ഭീന്ദ്രൻവാലെയെയും അനുയായികളെയും നീക്കം ചെയ്യുന്നതിനായി 1984 ജൂൺ 1 നും 8 നും ഇടയിൽ നടത്തിയ ഇന്ത്യൻ സൈനിക നടപടിയുടെ രഹസ്യനാമമായിരുന്നു ഓപ്പറേഷൻ ബ്ലൂ സ്റ്റാർ)
ബാബുവേട്ടൻ തുടർന്നു..
അതിനു ശേഷം നടന്ന മേഡത്തിന്റെ മരണം എന്നെ ആകെ തളർത്തി.. എന്റെ കൺമുമ്പിൽ ആയിരുന്നു മേഡം വെടിയേറ്റ് വീണത്.. ഞങ്ങൾ ഓടി എത്തുമ്പോഴേക്കും മേഡം നിലത്തു വീണിരുന്നു എന്ത് ചെയ്യണം എന്നറിയാതെ ഞങ്ങൾ പകച്ചു നിന്ന നിമിഷം ചുറ്റും ചുടു ചോരയുടെ ഗന്ധം അലയടിച്ചു.. മേഡത്തിന്റെ മരണ വാർത്ത കാട്ടു തീ പോലെ ഇന്ത്യ മൊത്തം പടർന്നു.. ഞാൻ ആയിരുന്നു രാജ് ഭായിയെ അമ്മയുടെ മരണവിവരം അറിയിച്ചത്.. അന്ന് അദ്ദേഹം മിഡ്നാപൂരിൽ ആയിരുന്നു.. ഉടൻ തന്നെ അദ്ദേഹത്തിനുള്ള ഹെലികോപ്റ്റർ റെഡി ആക്കാൻ മെസ്സേജ് വന്നു.. ഓൾ ഇന്ത്യ മെഡിക്കൽ സയൻസിൽ ത്രിവർണ്ണ പതാകയിൽ പൊതിഞ്ഞ മേഡത്തിന്റെ ഭൗതിക ശരീരം കണ്ടപ്പോൾ എന്റെ മനസ്സ് ആകെ തളർന്നു പോയിരുന്നു.. രാജ് ഭായ് കഴിഞ്ഞാൽ ഞാൻ ഏറ്റവും കൂടുതൽ ബഹുമാനിച്ചിരുന്ന എന്റെ മേഡം.. ആ സമയത്ത് ആയിരുന്നു രാജ് ഭായിയുടെ ആശുപത്രിയിലേക്കുള്ള വരവ്.. ത്രിവർണ്ണ പതാകയിൽ പൊതിഞ്ഞുള്ള അമ്മയുടെ മൃതദേഹം അദ്ദേഹം കണ്ടപ്പോൾ എനിക്ക് കാണാമായിരുന്നു അദ്ദേഹത്തിന്റെ ഉള്ളിലെ വിഷമം.. അദ്ദേഹം പുറത്തു കാണിക്കുന്നില്ല എന്നുള്ളു.. എല്ലാ പ്രതിസന്ധികളെയും ധീരമായി നേരിടാനും ഏറ്റവും തീഷ്ണമായ ദുരന്തങ്ങളെ പോലും പ്രശാന്തമായ മനസോടെ അഭിമുഖരിക്കാനും എന്നെ പഠിപ്പിച്ച ആ വലിയ മനുഷ്യൻ സ്വന്തം അമ്മയുടെ മൃതദേഹത്തിന് മുന്നിൽ ധീരതയോടെ പതറാതെ നിന്നപ്പോൾ എന്നെ മാത്രം അല്ല അവിടെ നിന്നവരെയും വല്ലാതെ അത് അമ്പരപ്പിച്ചു..
ഡൽഹിയിലെ രാജ് ഘട്ട്ലെ ശക്തി സ്ഥലിൽ(പ്ലേസ് ഓഫ് പവർ) ലോകരാദ്ധ്യയായ ആ ശക്തയായ വനിതയുടെ ഭൗതിക ശരീരം എരിഞ്ഞു അടങ്ങുമ്പോൾ അദ്ദേഹം ധീരതയോടെ നിന്നു.. മുത്തശ്ശിയുടെ ചിതയുടെ അടുത്ത് നിന്നു കരഞ്ഞ രാഹുലിന്റെ ആശ്വസിപ്പിച്ച അദേഹത്തിന്റെ കണ്ണുകളിലും കാണാമായിരുന്നു സ്വന്തം അമ്മയുടെ മരണം ഉണ്ടാക്കിയ വിഷമത്തിന്റെ തീവ്രത.. ഞാൻ അദ്ദേഹത്തിന്റെ പിറകിൽ തന്നെ നിന്നു..