പ്രണയഭദ്രം 2 [ഭദ്ര]

Posted by

കാർ നഗരത്തിനുള്ളിലൂടെ കുറച്ചേറെ ദൂരം ഓടിക്കഴിഞ്ഞു. വഴികളൊക്കെ അവന് ചിരപരിചിതമെന്നപോലെ. എവിടേക്കാണെന്ന് പോലും ചോദിക്കാതെ അവനെയും നോക്കി കണ്ണു ചിമ്മാതെ ഇരുന്നു. ഒരു കൂറ്റൻ വീടിന്റെ ഗേറ്റിലൂടെ കാർ അകത്തേക്ക് കയറിയപ്പോഴാണ് പരിസരബോധം എനിക്കുണ്ടായത്. ഞങ്ങളെ കാത്തെന്നോണം ഏതാനും ചിലർ പൂമുഖത്ത് നിൽപ്പുണ്ടായിരുന്നു. എന്റെ ഉള്ളിൽ പേടിയും പരിഭ്രമവും നിറഞ്ഞു. അവന്റെ കൈകളിൽ ഞാൻ ഇറുക്കെ പിടിച്ചു ഒരു
ധൈര്യത്തിനെന്നോണം… അവനെ കണ്ണു മിഴിച്ചു നോക്കി…

എന്നെ നോക്കി മനോഹരമായി ഒന്നു ചിരിച്ചിട്ട്

” പേടിക്കേണ്ട…. വാ… ഇറങ്ങ്…

ഇറങ്ങ് ഭദ്രാ ഞാനല്ലേ പറയുന്നേ… “

ഞാൻ ഇറങ്ങി ഡോർ അടക്കുമ്പോഴേക്കും അവിടെ നിന്നവരിൽ സമപ്രായക്കാരെന്നു തോന്നിച്ച രണ്ടുപേർ അവനെ തോളിൽ തട്ടി അഭിനന്ദിക്കുകയും കെട്ടിപ്പിടിക്കുകയുമൊക്കെ ചെയ്യുന്നുണ്ടായിരുന്നു..

അവരോടൊപ്പം നിന്ന ഒരു പെൺകുട്ടി ഒക്കത്തു ഒരു കുഞ്ഞുമായി എന്റെ അടുത്തേക്ക് വന്നു.

ഭദ്രാച്ചേച്ചിയെ ഒന്നു കാണാൻ കാത്തിരിക്കുവായിരുന്നു നമ്മൾ എല്ലാരും…. ഒറ്റയാനെ മെരുക്കി തളച്ച ആളല്ലേ…. അച്ചുവേട്ടൻ പറഞ്ഞു പറഞ്ഞു ഞങ്ങൾക്കൊക്കെ കാണാൻ കൊതിയായിരുന്നു… ഇന്നലെ ഒറ്റ ദിവസം കൊണ്ടാണ് എല്ലാം ഒരുക്കിയത് കേട്ടോ…. അയ്യോ വിശേഷം പറഞ്ഞു നിന്നു അകത്തേക്ക് വിളിക്കാൻ മറന്നു…. ചേച്ചി വാ…

അച്ചുവിനൊപ്പം നിന്ന ആൾ ഒക്കത്തിരുന്ന കുഞ്ഞിനെ എടുത്തു.. “ഭദ്രേച്ചി… ഞങ്ങൾ സ്കൂൾ തൊട്ടു ഇവന്റെ കൂടെ ഉള്ളവരാണ് കേട്ടോ…. partners in crime, എന്നു പറയുന്നതാവും കൂടുതൽ ശരി. ഞാൻ രാജേഷ്…. ഇതെന്റെ ഭാര്യ… നിത്യ… പിന്നെ… ഇതു ഞങ്ങളുടെ കുഞ്ഞാറ്റ…. അതാണ് അനൂപ്..

ഞാൻ അവരെ നോക്കി ഒന്നു പുഞ്ചിരിക്കാൻ ശ്രമിച്ചു. എന്റെ മുഖത്തു നിഴലിക്കുന്ന പരിഭ്രമം കണ്ടിട്ടാവണം അച്ചു എന്റെ അടുത്തേക്ക് വന്നിട്ട് എന്നെ ചേർത്തു പിടിച്ചു. പറഞ്ഞു..

” വാ “

” എല്ലാം റെഡി ആണ്… നിങ്ങൾ വരാൻ കാത്തിരിക്കുന്നയായിരുന്നു എല്ലാവരും ” അനൂപ് പറഞ്ഞു.

” എന്താ അച്ചു എന്താ ഇവിടെ…. എന്താ ന്നു പറ… “ഒന്നും മനസിലാവാതെ ഞാൻ അവനോട് പതിയെ ചോദിച്ചു… അതിനിടയിൽ രാജേഷിന്റെ അമ്മ എന്നു സ്വയം പരിചയപ്പെടുത്തിയ ഐശ്വര്യമുള്ള ഒരമ്മ വളരെ സ്നേഹത്തോടെ എന്റെ കൈ പിടിച്ചു. ” നല്ല ഐശ്വര്യമുള്ള കുട്ടി…. അച്ചു ഇതാകെ പേടിച്ചിരിക്കുവാനല്ലോടാ… നീ ഒന്നും പറഞ്ഞില്ലേ അതിനോട്?? “

Leave a Reply

Your email address will not be published. Required fields are marked *