ആമ്പൽകുളം
Aambal Kulam | Author : Arrow
(ഇത് എന്റെ ആദ്യ സംരംഭം ആണ്, വെറുതെ ഒന്ന് പേടിപ്പിച്ചു വിട്ടാൽ ഞാൻ നന്നായിക്കോളാം. എന്ന് ആരോ എന്ന ആരോമൽ ?)
“മുത്തശ്ശി ഞാൻ ഒന്ന് ആമ്പൽകുളം വരെ പോയിട്ട് വരാം “
“ഹരിക്കുട്ടാ ഇപ്പോ പത്തു മണി ആവാറായില്ലേ, ഈ രാത്രി തന്നെ പോണോ, നല്ല മഞ്ഞും ഉണ്ടാവും “
” എന്റെ മുത്തശ്ശി, ഇന്ന് വന്നപ്പോഴേ ആദ്യം അവിടേക്ക് പോണം എന്ന് വിചാരിച്ചത, പക്ഷേ ഷീണം മൂലം ഉറങ്ങിപ്പോയി. ഇന്ന് നല്ല നിലാവും ഉണ്ടല്ലോ ഞാൻ അല്പനേരം ആ പടവിൽ ഇരുന്നിട്ട് പെട്ടന്ന് വരാം, കൊല്ലം കൊറേ ആയില്ലേ നമ്മുടെ നാട്ടിലെ മഞ്ഞു കൊണ്ടിട്ട് “
ഇത്രയും പറഞ്ഞ് ഞാൻ, മുത്തശ്ശിയുടെ മറുപടിക്ക് കാത്ത് നിൽക്കാതെ തൊടിയിലേക്ക് ഇറങ്ങി. ഈ ആമ്പൽകുളം എന്നു പറയുന്നത് ഞങ്ങളുടെ തറവാട്ട് കുളമാ. കുളപ്പുരയും ഒക്കെ ഉള്ള ഒരു തനി traditional കേരള style കുളം. വേനൽ കാലത്തുപോലും വെള്ളം കുറയാത്ത വലിയ കുളം. വെള്ളത്തിനു മുകളിൽ പച്ച പരവധാനി വിരിച്ചത് പോലെ മുഴുവൻ ആമ്പൽ ഇലകൾ അവിടവിടെ വിരിഞ്ഞു നിൽക്കുന്ന ആമ്പൽപൂക്കളും കൂമ്പിയ മൊട്ടുകളും അത് ഒരു കാഴ്ച തന്നെയാണ്. ഞാൻ എന്റെ ബാല്യത്തിന്റെ ഏറിയ പങ്കും ചിലവിട്ടത് ആ കുളക്കടവിൽ ആയിരുന്നു. തൊടിയിലൂടെ, ആ നിലാവത്ത് മഞ്ഞു കൊണ്ട് കുളക്കടവിലേക്ക് നടന്നപ്പോൾ ഓർമ്മകളും കാട് കയറുന്നത് ഞാനറിഞ്ഞു.
” അവന്റെ തലവെട്ടം കണ്ടപ്പോഴേ എന്റെ മകൻ പോയി തന്തയെ കൊല്ലാൻ ഉണ്ടായ അസുര വിത്ത് ”
മുത്തശ്ശൻ എന്നു കേൾക്കുമ്പോൾ ആദ്യം മനസ്സിലേക്ക് ഓടിയെത്തുന്നത് ഈ വാചകം ആണ്. എന്നെ കാണുമ്പോൾ എല്ലാം അദ്ദേഹം ഉരുവിടുന്ന മന്ത്രം. അതുകൊണ്ട് തന്നെ കഴിവതും ആരുടേയും മുന്നിൽ പെടാതിരിക്കാൻ ഞാൻ ബാല്യം മുതലേ വല്ലാതെ ശ്രമിച്ചിരുന്നു. ആമ്പൽകുളം ആയിരുന്നു എന്റെ പ്രധാന അഭയസ്ഥലം. അവിടെ എത്ര സമയം ഇരുന്നാലും എനിക്ക് മതിയാവില്ല, എന്റെ ദുഃഖങ്ങൾ അവിടെ ഇരിക്കുന്ന നേരത്ത് എന്നെ വേട്ടയാടിയിരുന്നതേ ഇല്ല.
പേര് ഹരിനാരായണൻ, ജനനം നാട്ടിലെ തന്നെ ഏറ്റവും പേര് കേട്ട തറവാട്ടിൽ. പക്ഷെ അതിന്റെ യാതൊരു പ്രൗഢിയും എനിക്ക് അനുഭവിക്കാൻ സാധിച്ചിട്ടില്ല എന്നതാണ് സത്യം, ഞാൻ ജനിച്ചു വീണ അന്ന് തന്നെ തുടങ്ങിയതാണ് എന്റെ നല്ല സമയം. അന്ന് എന്റെ ജനന വാർത്ത അറിഞ്ഞ് എന്നെ കാണാൻ പാഞ്ഞെത്തിയ അച്ഛനെ ഒരു ആക്സിഡന്റ് കൊണ്ടുപോയി. പോരെ പൂരം, അന്ന് തുടങ്ങിയ കുത്ത് വാക്കുൾ നീണ്ട 15 കൊല്ലങ്ങൾ എന്റെ നെഞ്ചിനെ കുത്തിനോവിച്ചു കൊണ്ടേ ഇരുന്നു, ഞാൻ പത്തിൽ പഠിക്കുന്ന സമയം, എന്റെ 15ആം പിറന്നാളിന്റെ അന്ന്, അതായത് എന്റെ അച്ഛന്റെ പതിനഞ്ചാമത്തെ ആണ്ടിന്റെ അന്ന്, അന്നാണ് എന്റെ തലക്ക് മുകളിൽ നിന്ന് ശനി ഒഴിഞ്ഞു പോയത് എന്നുപറയാം. അന്ന് എന്റെ ഇളയച്ഛൻ പറഞ്ഞതനുസരിച് ഞാൻ ഒരു സാഹസം കാട്ടി, എന്റെ അച്ഛന് ആണ്ടു ബലി ഇടാൻ ഞാൻ ഇരുന്നു.
” ഫ… കഴുവേറി… എന്റെ മോനെ കൊന്നതും പോര, അവന് പിണ്ഡാച്ചോർ ഒണ്ടാക്കുന്നോ “