ഏജന്റ് ശേഖർ 1
Agent Shekhar by സീന കുരുവിള
‘കുട്ടിക്കാലം മുതൽ അപസർപ്പക കഥകളോടും ക്രൈം ത്രില്ലറുകളോടും അടങ്ങാത്ത അഭിനിവേശമായിരുന്നു എനിക്ക്.എന്റെ നാട്ടുകാരൻ കൂടിയായ കോട്ടയം പുഷ്പനാഥ്, ബാറ്റൺ ബോസ്, മെഴുവേലി ബാബുജി അങ്ങനെ എന്നെ ത്രില്ലടിപ്പിച്ച എത്രയോ എഴുത്തുകാർ.
ഞാൻ നിങ്ങളുടെ മുന്നിൽ അത്തരമൊരു ത്രില്ലർ അവതരിപ്പിക്കുന്നു.ഏജന്റ് ശേഖർ ‘
-സീന
മുംബൈ
അജ്ഞാത കേന്ദ്രത്തിലുള്ള
റോയുടെ രഹസ്യ ഓഫിസ്
—————
ബീപ് ബീപ്
അലസമായ ഒരു ശനിയാഴ്ച സായാഹ്നം. തന്റെ മുന്നിലുള്ള കംപ്യൂട്ടറിൽ തുളച്ചുകയറുന്ന ശബ്ദത്തോടെ വന്ന മെസേജാണ് ചാരസംഘടനയുടെ മുംബൈ ചീഫായ ഗുപ്തയെ പെട്ടന്നു ജാഗരൂകനാക്കിയത്. ഒരു വിദേശ മാസികയിൽ ലോകകപ്പ് ഫുട്ബോളിനെപ്പറ്റിയുള്ള റിപ്പോർട്ട് വായി്ക്കുകയായിരുന്നു സ്പോർട്സ് പ്രേമിയായ അദ്ദേഹം.
ഗുപ്തയുടെ ക്ംപ്യൂട്ടറിൽ സൈന്യം, ഇന്റലിജൻസ്,മുംബൈ പൊലീസ് തുടങ്ങി ഒട്ടേറെ സേനകളുടെ ഹോട്ട്ലൈനുകളുണ്ട്. ഇന്റലിജൻസിന്റെ ഹോട്ട്ലൈനിലാണ് പുതിയ മെസേജ് . അടിയന്തിരപ്രാധാന്യമുള്ളതിനാലാണു ബീപ് ശബ്ദം് .ഗുപ്ത പെട്ടെന്നു തന്നെ മെസേജ് തുറന്നു.
‘വാട്ട് ‘ ..മെസേജ് വായിച്ച അദ്ദേഹം ഭയചകിതനായി ഉച്ചത്തിൽ ശബ്ദമുണ്ടാക്കി. ഒരാവർത്തി കൂടി സന്ദേശം വായിച്ച ശേഷം മെസേജ് അയച്ച ഇന്റലിജൻസ് ഉദ്യോഗസ്ഥനെ അദ്ദേഹം നേരിട്ടു വിളിച്ചു.
‘ഇതു സത്യമാണോ പ്രഭാകർ’ അദ്ദേഹം ഉദ്യോഗസ്ഥനോടു പതിഞ്ഞ ശബ്ദത്തിൽ ചോദിച്ചു.
‘അതെ സാർ, ഞങ്ങൾ കൺഫേം ചെയ്തു. അവൻ ഇന്ത്യയിലെത്തിയിട്ടു മണിക്കൂറുകളായി’ അപ്പുറത്തു നിന്ന് മറുപടിയെത്തി.
‘ബുൾഷിറ്റ്, ഇവിടെ കോസ്റ്റുഗാർഡും കസ്റ്റംസുമൊക്കെ എന്തിനാണു പ്രവർത്തിക്കുന്നത്, മയിരുകൾ..’ഗുപ്ത ഉദ്യോഗസ്ഥനോടു രോഷാകുലനായി ചോദിച്ചു.
‘സർ, അപകടകരമായ അവസ്ഥയാണ്..എന്തു ചെയ്യാനാ പ്ലാൻ’ അപ്പുറത്തു നിന്ന് ഉദ്യോഗസ്ഥൻ ഗുപ്തയോടു ചോദിച്ചു.
മറുപടി പറയാൻ മിനക്കെടാതെ ഗുപ്ത ഫോൺ വച്ചു.
‘എന്തു ചെയ്യും?’ ഇന്റലിജൻസ് ഉദ്യോഗസ്ഥൻ ചോദിച്ച ചോദ്യം ഗുപ്ത തന്നോടു തന്നെ ചോദിച്ചു. ‘ഒന്നേ ചെയ്യാനുള്ളൂ, ഒന്നു മാത്രം, ഏജന്റ് ശേഖർ’, മറുപടിയും ഗുപ്തയുടെ മനസ്സു തന്നെ പറഞ്ഞു.
സമയം കളയാതെ അദ്ദേഹം ഫോൺ കയ്യിലെടുത്തു. ശേഖറിന്റെ ഔദ്യോഗിക മൊബൈലിലേക്കാണ് അദ്ദേഹം വിളിച്ചത്. പരിധിക്ക് പുറത്തെന്ന സന്ദേശം മറുഭാഗത്ത് മുഴങ്ങി്. അഞ്ചു തവണ ആവർത്തിച്ചെങ്കിലും സ്ഥിതി പഴയതു തന്നെ. ഒരാഴ്ചയോളം അവധിയെടുത്തിരിക്കുകയാണു ശേഖർ.