ഏജന്‌റ് ശേഖർ [സീന കുരുവിള]

Posted by

ഭായിഖാൻ എന്നറിയപ്പെടുന്ന ഒരു വ്യക്തിയാണ് എടിജിയുടെ പരമോന്നത നേതാവ്.ആരാണ് ഭായിഖാനെന്നോ അയാൾ ഏതു രാജ്യക്കാരനാണെന്നോആർക്കുമറിയില്ല, അജ്ഞാത വ്യക്തിയായി തുടരുന്ന ഭായിഖാന്‌റെ വലംകൈയാണു യൂസഫ്.
‘അപ്പോൾ എന്തോ പേടിക്കാനുണ്ടല്ലോ’ ശേഖർ താഴേക്കു നോക്കിക്കൊണ്ടു പറഞ്ഞു.
‘തീർച്ചയായും’ വിസ്‌കി ഒന്നുകൂടി മൊത്തി ചിറി തുടച്ചുകൊണ്ട് ഗുപ്ത പറഞ്ഞു.’ഇന്‌റലിജൻസ് റിപ്പോർട്ട് പ്രകാരം നാലു അതിനൂതന സൂപ്പർസ്‌കഡ് മിസൈലുകളുമായാണ് അവൻ ഇന്ത്യയിലെത്തിയത്.ചൈന അവനു നൽകിയതാണ്. ഇവിടെ ആക്രമിക്കാൻ.’
ഗുപ്ത പറഞ്ഞു നിർത്തി. അദ്ദേഹത്തിന്‌റെ ചുണ്ടുകൾ വിറയ്ക്കുന്നുണ്ടായിരുന്നു.
‘മണ്ടത്തരം പറയാതെ ഗുപ്തസാർ,’ ശേഖർ ഉച്ചത്തിൽ പറഞ്ഞു.’ഇത്രയും വലിയ മിസൈലുകളുമായി ഒരുത്തൻ ഇന്ത്യയിൽ എങ്ങനെ കയറും. സാധ്യമല്ല. ഇതു തെറ്റായ വിവരമാണ്.’ ശേഖർ ആവേശം കൊണ്ടു.
‘അല്ല,’ തെല്ലു നിശബ്ധത പാലിച്ച ശേഷം ഗുപ്ത പറഞ്ഞു. ‘ശേഖറിനു സൂപ്പർസ്‌കഡ് മിസൈലിനെക്കുറിച്ച് അറിയാഞ്ഞിട്ടാണ്. ഒരു ക്രിക്കറ്റ് ബാറ്റിന്‌റെ നീളവും വണ്ണവുമുള്ള ചെറുമിസൈലുകളാണ് ഇവ.ഒരു ബാഗിൽ നാലെണ്ണം കൊണ്ടുവരാം. സാധാരണ പരിശോധനകളിലൊന്നും ഇവ മിസൈലാണെന്നു മനസ്സിലാകില്ല.
വലുപ്പം ഇത്രേയുള്ളെന്നു കരുതി ഇവ ചില്ലറക്കാരല്ല. ആണവായുധങ്ങളാണ്.ഒരു നഗരം മുഴുവൻ നശിപ്പിക്കാൻ ഒരെണ്ണം ധാരാളം. ഇവയ്ക്ക് ഒരു സ്വിച്ച് സംവിധാനമുണ്ട്. സ്വിച്ച് ഓണാക്കി 10 ദിവസം വേണം ഇവ പറന്നുപൊങ്ങാൻ.എന്‌റെ അനുമാനം ശരിയാണെങ്കിൽ യൂസഫ് ഷാ ഈ മിസൈലുകൾ എവിടെയോ സ്ഥാപിച്ചു സ്വിച്ച് ഓൺ ചെയ്തു കാണണം.അവനിപ്പോൾ എത്തിയിട്ട് 2 ദിവസം. അതായത്, കൃത്യം എട്ടുദിവസത്തിനുള്ളിൽ നമ്മൾ എന്തെങ്കിലും ചെയ്തില്ലെങ്കിൽ ഇന്ത്യയുടെ നാലു നഗരങ്ങൾ നശിച്ചില്ലാതാകും. കോടിക്കണക്കിനു ജനങ്ങൾ വെന്തുമരിക്കും….’വികാരാധീനനായി ഗുപ്ത പറഞ്ഞു.
വിസ്‌കി ഗ്ലാസ് കൈയിൽ പിടിച്ചു ശേഖർ തരിച്ചിരുന്നു.കാര്യത്തിന്‌റെ ഗൗരവം അവനു മനസ്സിലായത് അപ്പോഴാണ്.
‘നമുക്ക് എന്തു ചെയ്യാനാകും?’ ശേഖർ ചോദിച്ചു.
‘നമുക്ക് ചെയ്യേണ്ടത് ഈ കാര്യങ്ങളാണ്.’ ഗ്ലാസ് വീണ്ടും നിറച്ചു ഗുപ്ത തുടർന്നു.’ ഒന്ന് ,യൂസഫ്ഷായെ കണ്ടെത്തുക, മിസൈലുകൾ സ്ഥാപിച്ചത് എവിടെയെന്നറിയുക. രണ്ട്, യൂസഫ് ഷായെ തീർക്കുക, അതോടെ എടിജിയുടെ ശക്തി പതിൻമടങ്ങായി കുറയും. മൂന്ന്, മിസൈൽ സ്ഥാപിച്ചിടത്തുപോയി സ്വിച്ച് കണ്ടെത്തുക, അതു സ്വിച്ച് ഓഫ് ചെയ്തു മിസൈൽ നിർവീര്യമാക്കുക.’ഗുപ്ത ഒറ്റശ്വാസത്തിൽ പറഞ്ഞു നിർത്തി.
‘ഊം, നമ്മൾ കളത്തിലിറങ്ങാൻ പോകുന്നു,യൂസഫ് ഷാ എന്ന വൻമരം നമ്മൾ വീഴ്ത്തും,എത്ര കളികൾ നമ്മൾ കണ്ടിരിക്കുന്നു.’ശേഖർ ആവേശത്തോടെ പറഞ്ഞു.
‘അത്ര എളുപ്പമല്ല കാര്യം,’ ഗുപ്ത പറഞ്ഞു.’ യൂസഫ് ഷായെ കണ്ടെത്തിയാൽ തന്നെ മിസൈൽ എവിടുണ്ടെന്ന് അവൻ പറയില്ല. നമ്മൾ എത്ര വേദനിപ്പിച്ചാലും എന്തൊക്കെ ചെയ്താലും അവൻ പറയില്ല.

Leave a Reply

Your email address will not be published. Required fields are marked *