‘ പണ്ടു സിനിമയിൽ അഭിനയിക്കുന്നതിനായി ഞാൻ ഡാൻസ് പഠിച്ചിരുന്നു, ഇന്നു വൈകുന്നേരം ഒന്നു പ്രാക്ടീസ് ചെയ്താൽ മതിയാകും’ ശ്വേത പറഞ്ഞു. ശേഖറിനു പിന്നൊന്നും പറയാനില്ലായിരുന്നു. ‘പെർഫക്ട്’ ഗുപ്ത അവരെ അഭിനന്ദിച്ചു.
ഇതു നടക്കുമെന്ന് എനിക്കു തോന്നുന്നില്ല, ഹണിട്രാപ്പിനു പ്രത്യേക പരിശീലനം വേണം, ഇതുമായി അംഗീകരിക്കാൻ എനിക്കാവില്ല. പങ്കജ് ഡാൻസ് ബാറിൽ ഞാൻ തന്നെ നൃത്തം ചെയ്യുന്നതാകും നല്ലത്’ വീർത്തു കെട്ടിയ മുഖത്തോടെ തിങ്കൾ പറഞ്ഞു. ശ്വേതയുടെ കളിയാക്കലുകൾ അവളെ ബാധിച്ചിരുന്നു.
‘എങ്കിൽ പിന്നെ രണ്ടുപേരും നൃത്തം ചെയ്യട്ടെ’ ഗുപ്ത പറഞ്ഞു.തിങ്കളിനെ പിണക്കാൻ ഗുപ്തയ്ക്കു പറ്റില്ലായിരുന്നു. അയാളുടെ പ്രധാന ഊത്തുകാരിയാണു തിങ്കൾ.
ഏതായാലും ആ തീരുമാനത്തോടെ ചർച്ച പിരിഞ്ഞു. ഗു്പ്തയും തിങ്കളും ശ്വേതാവില്ലയിൽ നിന്നു മടങ്ങി.
പങ്കജ് ഡാൻസ് ബാർ, വിക്രോലി.
സമയം വൈകിട്ട് അഞ്ചുമണി
മനോഹരമായ ഒരു റിസോർട്ട്, അതായിരുന്നു പങ്കജ് ഡാൻസ് ബാർ. ഡാൻസ് ബാറെന്നു പേരുണ്ടെങ്കിലും മുംബൈയിലെ ഇത്തരം മറ്റുസങ്കേതങ്ങളെപ്പോലെയായിരുന്നില്ല പങ്കജ്. ഫൈവ് സ്റ്റാർ സൗകര്യങ്ങൾ.എസി റൂമുകൾ, ബില്യാർഡ്‌സ് കോർട്ട്, വലിയ പൂന്തോട്ടം,അണ്ടർഗ്രൗണ്ട് പാർക്കിങ് തുടങ്ങി എല്ലാവിധ സംരംഭങ്ങളും അവിടുണ്ട്. വിദേശിപണക്കാർ, അധോലോക അംഗങ്ങൾ, സിനിമാസംവിധായകർ തുടങ്ങി മുംബൈയിലെ ധനികവർഗം സന്ദർശിക്കുന്നയിടം. പങ്കജ് ഡാൻസ് ബാറിൽ നൃത്തം ചെയ്യാൻ അങ്ങനെ എല്ലാവർക്കും അവസരം ലഭിക്കാറില്ല. ഗുപ്ത തന്‌റെ ഉന്നതതല ബന്ധങ്ങൾ ഉപയോഗിച്ചാണു തിങ്കളിനും ശ്വേതയ്ക്കും ഇന്നു നൃത്തം ചെയ്യാൻ രംഗമൊരുക്കിയത്.
ബാറിലേക്ക് ആളെക്കടത്തിവിടുന്ന ബൗൺസർമാരുടെ വേഷത്തിലായിരുന്നു ഗുപ്തയും ശേഖറും, അവരുടെ അരയിൽ പിസ്റ്റളുകളുണ്ടായിരുന്നു.സന്ദർശകർ ഓരോരുത്തരായി എത്തിത്തുടങ്ങി. ശരീരപരിശോധന നടത്തിയ ശേഷം ഓരോരുത്തരെയായി അവർ അകത്തേക്കു കടത്തിവിട്ടു.അത്രയും നേരം കാത്തുനിന്നിട്ടും അവർ പ്രതീക്ഷിച്ച അതിഥി വന്നില്ല…യൂസഫ്. നൃത്തം തുടങ്ങാറായി.
ശേഖറും ഗുപ്തയും നിരാശരായി,ഒരേയൊരു കച്ചി്തുരുമ്പു നഷ്ടപ്പെട്ട മാതിരി ഇരുവരും മുഖാമുഖം നോക്കി നിന്നു.എന്നാൽ പ്രതീക്ഷ അസ്ഥാനത്തായില്ല,അവൻ..യൂസഫ് ഷാ ഒടുവിലെത്തുക തന്നെ ചെയ്തു.
പൊക്കം കുറഞ്ഞു ശരീരത്തിന് അധികം വണ്ണമില്ലാത്ത ഒരു വ്യക്തിയായിരുന്നു യൂസഫ്, 35 വയസ്സ് പ്രായം തോന്നിക്കും.പ്രത്യേകരീതിയിൽ തയാർ ചെയ്ത ഫ്രഞ്ച്താടിയാണ് അവന്‌റെ മുഖത്ത് ആരും ആദ്യം ശ്രദ്ധിക്കുക.ജീൻസും കറുത്ത പോളോ ടീഷർട്ടുമായിരുന്നു വേഷം.ഒറ്റനോട്ടത്തിൽ തന്നെ യൂസഫിനെ ശേഖറും ഗുപ്തയും തിരിച്ചറിഞ്ഞു, ഇരുവരും പരസ്പരം നോക്കി തലകുലുക്കി. അവരുടെ ഹൃദയം പടപടാ മിടിക്കുന്നുണ്ടായിരുന്നു.
‘ആപ്കാ നാം?’ റിസർവു ചെയ്തവരുടെ പട്ടിക നോക്കി ഗുപ്ത ചോദിച്ചു.
‘സലീം..സലീം അഹമ്മദ് ..’ യൂസഫ് ഷാ പറഞ്ഞു.ശേഖറിന്‌റെ മുഖത്ത് ഒരു കത്തൽ കണ്ടു,സലീം അഹമ്മദ് എന്ന കള്ളപ്പേരിലാണ് യൂസഫ് ഇന്ത്യയിലെത്തിയത്.
‘അന്തർ ജാവോ..’ ഗുപ്ത അവനെ ഡോർ തുറന്ന് അകത്തേക്കു കടത്തിവിട്ടു.തുടർന്ന് ശേഖറും ഗുപ്തയും ഡാൻസ് ബാറിനുള്ളിലേക്കു കയറി.
രാജകീയമായ ഒന്നായിരുന്നു ഡാൻസ് ബാർ.ഹാളിനുള്ളിൽ വിവിധ കസേരകളിൽ ഇരി്ക്കുന്ന അതിഥികൾ, അവർക്ക് ചഷകങ്ങളിൽ കൂടിയ മദ്യം വിളമ്പുന്ന അർധനഗ്നാംഗികളായ വനിതകൾ.