അതിന്റെ മറുപടി ഒരു ചിരി ആയിരുന്നു; ഉറക്കെയുറക്കെ ഉള്ള ഒരു ചിരി. എനിക്ക് അന്നും ഇന്നും അര്‍ഥം മനസ്സിലായിട്ടില്ലാത്ത ചിരി. ചിരിച്ചുകൊണ്ട് അവള്‍ നടന്നുപോയപ്പോള്‍, എന്റെ ഹൃദയം പറിച്ച് എടുത്തുകൊണ്ടായിരുന്നു അവള്‍ പോയത്..കാലുകള്‍ക്ക് ബലം നഷ്ടപ്പെട്ടവനെപ്പോലെ ഞാന്‍ നിലത്തേക്ക് ഇരുന്നുപോയി. നടന്നു പോകുന്ന എന്റെ പൊന്നുമോളെ കാണാന്‍ കണ്ണിലെ മൂടല്‍ എന്നെ അനുവദിച്ചില്ല.
—————-
ഞാനീ കുറിപ്പ് എഴുതുന്നത് അന്ന് നിഷയെ ആദ്യമായി കണ്ടുമുട്ടി ഏതാണ്ട് ഏഴോ എട്ടോ വര്‍ഷങ്ങള്‍ക്ക് ശേഷമാണ്. അവള്‍ വിവാഹിതയായി ഷീനയെയും ഒപ്പം കൂട്ടി വിദേശത്തേക്ക് പോയി. ഇപ്പോള്‍ അവര്‍ അവിടെയാണ്. നാട്ടില്‍ ഉണ്ടായിരുന്നപ്പോള്‍ ഇടയ്ക്ക് പലതവണ ഞാന്‍ അവരെ കാണാന്‍ പോയെങ്കിലും ഒരിക്കല്‍ പോലും നിഷ എന്നെ അച്ഛന്‍ എന്ന് വിളിച്ചിരുന്നില്ല. എന്റെ മകള്‍ മിടുക്കി മാത്രമല്ല, അസാമാന്യ മനധൈര്യം ഉള്ള പെണ്‍കുട്ടി കൂടി ആണ് എന്ന് ഞാന്‍ അറിഞ്ഞ ദിവസങ്ങള്‍ ആയിരുന്നു ആ നാളുകള്‍. അവളുടെ സാമീപ്യം നല്‍കുന്ന സന്തോഷം എനിക്ക് വേറെ ഒരാളുടെ സാമീപ്യത്തിലും ലഭിച്ചിരുന്നില്ല, ലഭിക്കുന്നില്ല എന്നതാണ് സത്യം. എന്റെ മോളുടെയും അവളുടെ അമ്മയുടെയും കൂടെ ജീവിക്കാന്‍ ഭ്രാന്തമായി ഞാന്‍ മോഹിച്ചെങ്കിലും അതിനുള്ള വിധി എനിക്കുണ്ടായിരുന്നില്ല. അല്‍പ്പം പോലും ചാഞ്ചല്യം എന്റെ പൊന്നോമന മകള്‍ക്ക് ഉണ്ടായിരുന്നില്ല. സ്വന്തം അമ്മയ്ക്ക് പറ്റിയ പിഴവ് സ്വജീവിതത്തില്‍ ഉണ്ടാകാതിരിക്കാന്‍ അവള്‍ ബദ്ധ ശ്രദ്ധാലു ആയിരുന്നു. അതുകൊണ്ട് ദൈവം അവള്‍ക്ക് വളരെ നല്ലൊരു ഭര്‍ത്താവിനെയും മനോഹരമായ ഒരു ജീവിതവും നല്‍കി അനുഗ്രഹിച്ചു. പുറമേ എന്നെ അച്ഛനായി അവള്‍ കാണുന്നില്ല എങ്കിലും, എന്നെ അവള്‍ വിളിക്കും. നിങ്ങള്‍ വിശ്വസിക്കാന്‍ ഇടയില്ല..പക്ഷെ സത്യമാണ്. എല്ലാ ദിവസവും എന്റെ മകള്‍ എന്നെ വിളിച്ചു സംസാരിക്കും. പക്ഷെ എന്നെ അവള്‍ അങ്കിള്‍ എന്നുതന്നെയാണ് അഭിസംബോധന ചെയ്യുന്നത്. അത് വെറും ബാഹ്യപ്രകടനം മാത്രമാണ് എന്ന് പക്ഷെ എനിക്ക് മനസിലായിക്കഴിഞ്ഞിരുന്നു. എന്നെ ജീവനുതുല്യം എന്റെ പൊന്നോമന മകള്‍ സ്നേഹിക്കുന്നു..അവളുടെ അമ്മയെപ്പോലെ തന്നെ..
The End