ഡിറ്റക്ടീവ് അരുൺ 4
Detective Part 4 | Author : Yaser | Previous Part
ഏതാനും നിമിഷത്തിനുള്ളിൽ അരുൺതന്റെ മനോനില തിരിച്ചെടുത്തു. “എസ് ഐ ടെസ്റ്റിന്റെ എഴുത്തുപരീക്ഷയല്ലേ.? പോയിട്ടു വിജയ ശ്രീളിതനായി തിരിച്ചു വരൂ. അത് കഴിഞ്ഞാൽ ഫിസിക്കൽ ടെസ്റ്റും ഉണ്ടാവും. എന്തായാലും അത്രയും സമയം നിനക്കിവിടെ തുടരാമല്ലോ.?”
“തീർച്ചയായും, ഞാനും അങ്ങനെ തന്നെയാണ് കരുതുന്നത്. അരുണിനറിയാമല്ലോ, എനിക്ക് ദേവേട്ടനെ പിണക്കാൻ കഴിയില്ലെന്ന്.” നിസ്സഹായനെ പോലെ ഗോകുൽ ചോദിച്ചു.
“അറിയാം ഗോകുൽ. വളരെ ചെറുപ്പത്തിൽ തന്നെ അച്ചനുമമ്മയും നഷ്ടപ്പെട്ട നിന്നെ വളർത്തിയതിന്റെ കടപ്പാടല്ലേ.. എനിക്ക് മനസ്സിലാവും. ഇപ്പോഴും നിന്റെ നന്മക്ക് വേണ്ടിയല്ലേ അദ്ദേഹം പറയുന്നത്. നീ തീർച്ചയായും അദ്ദേഹത്തെ അനുസരിക്കണം.” അരുൺ എന്തോ മനസിൽ ചിന്തിച്ചു കൊണ്ട് പറഞ്ഞു.
“താങ്ക്സ് അരുൺ.” കൈകൾ കൂപ്പിക്കൊണ്ട് ഗോകുൽ പറഞ്ഞു.
അരുൺ ചിരിച്ചു കൊണ്ട് എഴുന്നേറ്റ് ഗോകുലിന്റെ കൂപ്പുകൈകൾ പിടിച്ചു മാറ്റി. “ഇത്തരം ഫോർമാലിറ്റിക്കു വേണ്ടിയുള്ള നന്ദി പ്രകടനങ്ങളിൽ എനിക്ക് വിശ്വാസമില്ല ഗോകുൽ.” ഗോകുലിനെ എഴുന്നേൽപ്പിച്ച മാറോട് ചേർത്ത് പുറത്ത് പതിയെ തട്ടിക്കൊണ്ട് അരുൺ പറഞ്ഞു.
“എങ്കിൽ ഞാൻ പേയ്ക്കോട്ടെ അരുൺ.” അരുണിന്റെ ആലിംഗനത്തിൽ നിന്ന് അടർന്ന് മാറിക്കൊണ്ട് ഗോകുൽ ചോദിച്ചു.
“ശരി.” ഗോകുലിന് പോവാനായി അരുൺ സമ്മതം നൽകി.
ഗോകുൽ വാതിൽ തുറന്ന് പുറത്തേക്കിറങ്ങി പോവുന്നത് അരുൺ വികാര രഹിതനായി നോക്കി നിന്നു.
“അരുൺ ഞാൻ വന്നതാണോ അയാൾ പോവാനുള്ള കാരണം.? അങ്ങനെയാണെങ്കിൽ ഞാൻ ജോയിൻ ചെയ്യാതിരിക്കാം.” ഗോകുൽ പോയ ശേഷമുണ്ടായ മൗനത്തിന് വിരാമമിട്ട് കൊണ്ട് നന്ദൻ മേനോൻ ചോദിച്ചു.
“പ്രശ്നമതൊന്നുമല്ല നന്ദേട്ടാ.. ആറ് മാസത്തോളമായി ഗോകുൽ ഇവിടെ ജോയിൻ ചെയ്തിട്ട്. സിനിമകളിൽ കാണുന്നത് പോലെ ഒരു ഡിറ്റക്ടീവ് ആവാനായിരുന്നു ആഗ്രഹം. പക്ഷേ ഈ കാലത്തിനിടക്ക് അത്തരത്തിലുള്ള ഒരു കേസ് പോലും കിട്ടിയിരുന്നില്ല. അത് മൂലം നിരാശനായ ഗോകുൽ ജേഷ്ഠനായ മഹാദേവനോട് വിളിച്ച് സങ്കടം പറഞ്ഞു. അദ്ദേഹം ഒരു എസ് ഐ ആണ്. അദ്ദേഹത്തിന്റെ ആഗ്രഹം അവനെ പോലീസുകാരൻ ആകാനായിരുന്നു. എന്തായാലും കിട്ടിയ അവസരം അയാൾ മുതലെടുത്തു എന്ന് വേണം കരുതാൻ.” ഗോകുലിന്റെ കഥ അരുൺ ചുരുങ്ങിയ വാക്കുകളിൽ നന്ദൻ മേനോനോട് വിവരിച്ചു.
“ഓ അത് ശരി. അങ്ങനെയൊരു കഥയുമുണ്ടല്ലേ. അയാൾക്കൊരു പോലീസുകാരൻ ആവണമെങ്കിൽ അയാൾ ആവട്ടെ. ഒരുതരത്തിൽ അതും ഒരു കുറ്റാന്വേഷണം ആണല്ലോ.” അയാൾ അരുണിനെ ആശ്വസിപ്പിക്കാനെന്ന പോലെ പറഞ്ഞു.
അപ്പോഴാണ് ഓടി കിതച്ച് ഗോകുൽ വീണ്ടും ആ മുറിയിലേക്ക് കയറി വന്നത്. അവന്റെ വിയർത്ത് കുളിച്ച ശരീരം കണ്ട് അരുൺ ഒരു നിമിഷം അങ്കലാപ്പിലായി.”എന്ത് പറ്റി ഗോകുൽ ആരെങ്കിലും ഉപദ്രവിക്കാൻ ശ്രമിച്ചോ.” അരുൺ ഗോകുലിനോടായി ചോദിച്ചു.