ഇല്ലെന്ന് തലയാട്ടിക്കൊണ്ട് ഗോകുൽ നന്ദൻ മേനോന്റെ അരികിലുള്ള കസാരയിൽ ഇരുന്നു.
“പിന്നെ എന്താണ് ഗോകുൽ.” അരുൺ ചോദ്യം വീണ്ടും ആവർത്തിച്ചു.
“അരുൺ അയാൾ ഓടി തളർന്ന് വന്നതല്ലേ. കുറച്ച് സമയം റസ്റ്റെടുക്കട്ടെ. അതിനു ശേഷം സാവധാനം കാര്യങ്ങൾ ചോദിച്ച് മനസ്സിലാക്കാം.” നന്ദൻ മേനോൻ ഗോകുലിനെ സപ്പോർട്ട് ചെയ്ത് കൊണ്ട് പറഞ്ഞു.
ഗോകുൽ അൽപസമയം ഇരുന്ന് രണ്ട് മൂന്ന് തവണ ദീർഘനിശ്വാസം നടത്തി. “അരുൺ ഞാൻ ഇന്ന് നടത്തിയ അന്വേഷണത്തിൽ നിന്ന് മനസ്സിലായ കാര്യങ്ങളും കിട്ടിയ വോയ്സ് റെക്കോഡുകളും ഞാൽ നിനക്ക് തന്നിരുന്നില്ല. ഇവിടെ വെച്ചുണ്ടായ സംഭാഷണത്തിന്റെ ഇടക്ക് ഞാനത് മറന്ന് പോയി. അത് നിന്നെ ഏൽപിക്കാൻ വന്നതാണ് ഞാൻ.” ഗോകുൽ അരുണിനോടായി പറഞ്ഞു.
“ഹോ അതിനാണോ ഇങ്ങനെ ഓടി കിതച്ച് വന്നത്. സാവധാനം വന്നാലും അതെനിക്ക് തരാമായിരുന്നല്ലോ.”ചിരിച്ചു കൊണ്ട് അരുൺ ചോദിച്ചു.
“മതിയായിരുന്നു. എത്രയും പെട്ടന്ന് തന്നാൽ എത്രയും പെട്ടന്ന് പോവാമല്ലോ എന്ന് കരുതി വേഗം വന്നതാണ്.” ഗോകുൽ വിശദീകരിച്ചു.
സംസാരം അതികം നീണ്ടില്ല. ഗോകുൽ താൻ ഫോണിൽ റെക്കോർഡ് ചെയ്ത രണ്ട് വോയ്സ് ക്ലിപ്പുകളും ബ്ലൂടൂത്ത് വഴി അരുണിന്റെ ഫോണിലേക്ക് സെന്റ് ചെയ്തു കൊടുത്തു.
“അരുൺ ഞാൻ തൽകാലം ലോഡ്ജ് വെക്കേറ്റ് ചെയ്യുന്നില്ല. പരീക്ഷ കഴിഞ്ഞിട്ട് ഞാനുടനെ തിരിച്ചു വരാം. പിന്നെ ഫിസിക്കൽ ടെസ്റ്റിനു പോവുമ്പോൾ ലോഡ്ജ് വെക്കേറ്റ് ചെയ്യാം അത് പോരെ.” വോയ്സ് ക്ലിപ്പുകൾ സെന്റ് ചെയ്ത് കൊടുത്തതിനു ശേഷം ഗോകുൽ അരുണിനോടായി ചോദിച്ചു.
“ഓ അത് മതി. എന്നാലിനി നേരം കളയണ്ട. വേഗം പുറപ്പെട്ടോളൂ.” അരുൺ ഗോകുലിന് പോവാനുള്ള സൂചന നൽകി. നേരം വൈകിയാൽ അവന് നാട്ടിലെത്താനുള്ള ബസ് കിട്ടില്ലെന്ന് കരുതിയാണ് അവനത് പറഞ്ഞത്.
അവരോടിരുവരോടും ഒരിക്കൽ കൂടി യാത്ര പറഞ്ഞ് വീണ്ടും കാണാമെന്ന ഉറപ്പോടെ ഗോകുൽ അവിടെ നിന്നിറങ്ങി താൻ താമസിച്ചിരുന്ന ലോഡ്ജ് ലക്ഷ്യമാക്കി നടന്നു.
ഗോകുൽ പോയതിനു ശേഷം അരുണും നന്ദൻ മേനോനും ഗോകുൽ നൽകിയ വോയ്സ് ക്ലിപ്പുകൾ കേട്ടു. അരുണിന്റെ മനസ്സിൽ പല ചിന്തകളും മിന്നിമറയാൻ തുടങ്ങി.
“അരുൺ ഗോകുൽ നൽകിയ ഈ വോയ്സ് ക്ലിപ്പിൽ നിന്ന് കേസിനെ കുറിച്ച് ചില സൂചനകൾ മാത്രമേ എനിക്ക് ലഭിക്കുന്നുള്ളു. വിശദമായി പറയുകയാണെങ്കിൽ ഉപകാരമായിരുന്നു.” ഗോകുൽ നൽകിയ വോയ്സ് ക്ലിപ്പുകൾ കേട്ട് ചിന്തയിൽ മുഴുകിയിരുന്ന അരുണിനോടായി നന്ദൻ മേനോൻ പറഞ്ഞു.
പ്രേമചന്ദ്രൻ ഓഫീസിൽ വന്ന അന്ന് മുതലുള്ള കാര്യങ്ങൾ വിശദമായി തന്നെ അരുൺ നന്ദൻ മേനോനോട് പറഞ്ഞു..