“ഓക്കെ താങ്ക്സ്. നിങ്ങൾ രശ്മിയുടെ അടുത്ത കൂട്ടുകാരികൾ ആണോ.? നിങ്ങളോട് എന്തെല്ലാം കാര്യങ്ങൾ ചോദിക്കാൻ പറ്റും എന്നറിയാൻ വേണ്ടിയുള്ള ചോദ്യമാണ് കെട്ടോ.”
“അങ്ങനെ അടുത്ത കൂട്ടുകാരിയൊന്നുമല്ല. കോളേജിലേക്ക് പോവുമ്പോഴും വരുമ്പോഴുമുള്ള സൗഹൃദം. എന്തെങ്കിലും ഒരാവശ്യമില്ലാതെ അവൾ കോളേജിൽ വെച്ച് ഞങ്ങളോട് സംസാരിച്ചിട്ടു പോലുമില്ല.”
“ഓഹ് അങ്ങനെയാണല്ലേ. അപ്പോൾ അവൾ നിങ്ങളുടെ കൂടെയല്ലേ കോളേജിൽ വരുന്നതും പോവുന്നതും.”
“സാധാരണ അങ്ങനെ തന്നെയാണ്. എന്നാൽ അവളില്ലാതെ ഞങ്ങളും ഞങ്ങളില്ലാതെ അവളും കോളേജിൽ പോവുന്ന ദിവസങ്ങളും ഉണ്ടാവാറുണ്ട്.” കുറച്ചൊന്ന് ആലോചിച്ച ശേഷമാണ് രേഷ്മ മറുപടി പറഞ്ഞത്.
”ശരി അങ്ങനെയാണെങ്കിൽ ഒരൊറ്റ കാര്യമാണ് എനിക്ക് നിങ്ങളിൽ നിന്നറിയാനുള്ളത്.രശ്മിയെ കാണാതായെന്ന് പറയുന്ന ദിവസം അവൾ നിങ്ങളോടൊപ്പം കോളേജിൽ വന്നിരുന്നോ.?”
“ചേട്ടാ എനിക്ക് ഒന്നാലോചിക്കണം എങ്കിലേ ഇതിനുത്തരം പറയാൻ കഴിയൂ കുറേ ദിവസം ആയില്ലേ അത് കൊണ്ടാണ്.” രേഷ്മ പ്രിയക്ക് നേരെ തിരിഞ്ഞ് അവളോട് ചെറിയ ശബ്ദത്തിൽ ചില കാര്യങ്ങൾ ചോദിക്കുന്നതവൻ കേട്ടു. എന്നാൽ അതെന്താണെന്ന് വ്യക്തമായില്ല.
പ്രിയയുമായുള്ള കുറച്ച് നേരത്തെ ചർച്ചക്ക് ശേഷം രേഷ്മ അരുണിന് നേരെ തിരിഞ്ഞു. “ചേട്ടാ അന്നവൾ കോളേജിൽ വന്നിരുന്നു. ഞങ്ങൾ ഗേറ്റിനടുത്തുള്ള സ്റ്റോറിൽ നിന്ന് പേന വാങ്ങാൻ നിന്നപ്പോൾ അവൾ ഗേറ്റ് കടന്ന് ഉള്ളിലേക്ക് കയറുന്നത് ഞങ്ങൾ കണ്ടതാണ്. പക്ഷേ ക്ലാസ് മുറിയിൽ എത്തിയപ്പോൾ അവളവിടെ ഇല്ലായിരുന്നു.”
അത് കേട്ട അരുൺ അവളുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി. ഭാവ വ്യത്യാസമേതുമില്ലാതെയാണ് മറുപടി. അവന്റെ മനസ് കൂടുതൽ ആശയ കുഴപ്പത്തിലാവുകയാണ് ചെയ്തത്.
“തന്ന വിവരങ്ങൾക്ക് നന്ദി.” അരുൺ അവരോട് നന്ദി പറഞ്ഞ് കൊണ്ട് തിരിച്ചു നടന്നു. സൂത്രത്തിൽ അവർ പോക്കറ്റിൽ നിന്നും ഫോണെടുത്ത് വോയ്സ് റെക്കോർഡർ ഓഫ് ചെയ്തു.
അവൻ തിരിച്ചു വരുന്നത് കണ്ട നന്ദൻ മേനോൻ ബൊലേറോയുമായി അവന്റെ അരികിലെത്തി. അരുൺ യാന്ത്രികമായി തന്നെ ആ വണ്ടിയുടെ കോ- ഡ്രൈവർ സീറ്റിലേക്ക് കയറിയിരുന്നു.
അരുണിന്റെ മുഖത്തേക്ക് നോക്കിയപ്പോൾ തന്നെ അവൻ എന്തൊക്കെയോ കുഴപ്പത്തിലാണെന്ന് അയാൾക്ക് തോന്നി. അത് കൊണ്ടയാൾ കൂടുതൽ ചോദ്യങ്ങൾക്ക് മുതിരാതെ വണ്ടി നേരെ ഓഫീസിലേക്ക് വിട്ടു.
ഓഫീസിലെത്തിയിട്ടും അരുൺ കാര്യമായൊന്നും സംസാരിച്ചില്ല. അവനെ അവന്റെ പാട്ടിന് വിടാൻ തീരുമാനിച്ച നന്ദൻ മേനോൻ അവനോട് കൂടുതലൊനും ചോദിക്കാനും നിന്നില്ല.
ആറ് മണിയായപ്പോൾ നന്ദൻ മേനോൻ പോവാൻ തയ്യാറായിക്കൊണ്ട് അരുണിനെ സമീപിച്ചു. “അരുൺ സമയം ആറ് മണിയായി ഞാനിറങ്ങിയാലോ.” നന്ദൻ മേനോന്റെ ചോദ്യം അരുണിനോടായിരുന്നു.