കുറച്ച് കഴിഞ്ഞ് പോവാം നന്ദേട്ടാ. നന്ദേട്ടനിരിക്ക്. എനിക്ക് കുറച്ച് സംസാരിക്കാനുണ്ട്.” തനിക്കെതിരെയുള്ള കസാരയിലേക്ക് ചൂണ്ടിക്കൊണ്ട് അരുൺ പറഞ്ഞു.
“നീ ടെൻഷനിൽ ആണെന്നു കരുതിയാണ് ഇതുവരെ ഞാൻ നിന്നോടൊന്നും ചോദിക്കാതിരുന്നത്.” അരുണിനെതിരെയുള്ള കസാരയിൽ ഇരുന്ന് കൊണ്ട് നന്ദൻ മേനോൻ പറഞ്ഞു.
“അതേ നന്ദേട്ടാ ഞാൻ ഇപ്പോഴും ടെൻഷനിൽ തന്നെയാണ്. രശ്മിയുടെ കേസ് കൂടുതൽ കുഴപ്പിക്കുന്നത് ഇപ്പോഴാണ്. ഗോകുൽ ശേഖരിച്ച മൊഴികളിൽ രശ്മിയുടെ വീടിന്റെ തൊട്ടടുത്തുള്ള കടക്കരൻ പറയുന്നത് രശ്മി തനിച്ചാണ് കോളേജിലേക്ക് പോയതെന്ന്. എന്നാൽ രശ്മിയുടെ കൂടെ കോളേജിൽ പോവുന്ന രേഷ്മയും പ്രിയയും പറയുന്നു അവർ ഒരുമിച്ചാണ് കോളേജ് ഗേറ്റ് വരെ ചെന്നതെന്ന്.”
“അപ്പോൾ ക്ലാസിൽ രശ്മി എത്തിയിട്ടില്ലെന്ന് അവരും സമ്മതിക്കുന്നുണ്ടല്ലേ. അത് നല്ലതാണ്. പക്ഷേ ഒരാൾ കൂടിയുണ്ടല്ലോ രശ്മിയുടെ കൂട്ടുകാരി. ചന്ദ്രിക. നീ അവളുടെ മൊഴി ശേഖരിച്ചോ.?” നന്ദൻ മേനോൻ അരുണിനോടായി ചോദിച്ചു.
ചന്ദ്രിക എന്ന പേര് കേട്ടപ്പോൾ തന്നെ അരുണിന്റെ മനസ്സിൽ ഒരു കുളിർമഴ പെയ്ത അനുഭൂതി ഉണ്ടായി.
“ഇല്ല രശ്മിയെ കാണാതായതിന് ശേഷം ആ കുട്ടി കോളേജിൽ പോയിട്ടില്ലെന്നാണ് എനിക്ക് കിട്ടിയ റിപ്പോർട്ട്.” കുറച്ചൊന്ന് ആലോചിച്ച ശേഷമാണ് അരുൺ മറുപടി പറഞ്ഞത്.
“എങ്കിൽ ആ കുട്ടിയിൽ നിന്നും വിവരങ്ങൾ ഞാൻ ശേഖരിച്ചാലോ.?”
“വേണ്ട. അത് ഞാൻ തന്നെ അന്വേഷിച്ചോളാം.” അരുൺ ആലോചിക്കുക പോലും ചെയ്യാതെയാണ് മറുപടി പറഞ്ഞത്. അവളെ നേരിട്ട് കാണണമെന്ന ചിന്തയാണ് അതിനവനെ പ്രോത്സാഹിപ്പിച്ചത്.
“എന്താ അരുൺ ഇനിയും എന്നെ ഈ കേസിൽ നിന്നും ഒഴിവാക്കി നിർത്തുകയാണോ.?” അരുണിന്റെ മനസ്സിലെന്തെന്ന് മനസ്സിലാവാതെ നന്ദൻ മേനോൻ ചോദിച്ചു.
“ഏയ് അങ്ങനെയൊന്നുമല്ല നന്ദേട്ടാ വേറൊരു പേഴ്സണൽ കാര്യമുണ്ട്.” ചമ്മലോടെയാണ് അരുൺ മറുപടി പറഞ്ഞത്.
“ഓ അതാണോ കാര്യം എങ്കിൽ നീ തന്നെ അത് കൈകാര്യം ചെയ്തോളൂ. തൽകാലം നമുക്ക് കേസിലേക്ക് തന്നെ തിരിച്ചു വരാം. ഇപ്പോൾ നിന്റെ പ്രശ്നം രശ്മിയുടെ കൂട്ടുകാരികളാണോ കടയിലുള്ള ആളാണോ കള്ളം പറഞ്ഞത് എന്നതാണ്.” അരുണിന്റെ ചമ്മൽ കണ്ട് കാര്യം മനസ്സിലായ നന്ദൻ മേനോൻ പറഞ്ഞു.
“അതേ. പിന്നെ അധ്യാപകന്റെ മൊഴിയുമായി ഒത്ത് നോക്കുമ്പോൾ രണ്ട് പേർ പറഞ്ഞതും ശരിയാണ്. പിന്നെ ആ കുട്ടികളുടെ മൊഴി സത്യമാവാനുള്ള സാധ്യതയുമുണ്ട്.”
“അരുൺ നിനക്ക് ആ കുട്ടികൾ പറഞ്ഞത് ശരിയാണോ എന്നറിയാനാണെങ്കിൽ രണ്ടാമത്തെ കടക്കാരൻ ഈ രണ്ട് കുട്ടികളെ കണ്ടിരുന്നോ എന്നറിഞ്ഞാൽ മതി.”
“അതേ നന്ദേട്ടാ. ആ രണ്ടാമത്തെ വ്യാപാരിയെ കണ്ട് അയാളോട് ചോദിച്ചാൽ ഇപ്പോഴുള്ള പ്രശ്നത്തിന് പരിഹാരമുണ്ടാവും.” അരുണിന്റെ വാക്കുകളിൽ ആത്മവിശ്വാസമുണ്ടായിരുന്നു.
“എങ്കിൽ അരുൺ ഞാനിപ്പോൾ തന്നെ അതേ കുറിച്ചൊന്നന്വേഷിച്ചാലോ.?”
“ശരി നന്ദേട്ടാ എങ്കിൽ നിങ്ങൾ ഇപ്പോൾ തന്നെ അദ്ദേഹത്തെ ഒന്ന് കാണൂ. നിങ്ങൾ പോയി വരുമ്പോഴേക്കും ചന്ദ്രികയുടെ കാര്യത്തിലും ഞാനൊരു തീരുമാനമുണ്ടാക്കാം.”