സ്റ്റാന്‍ലി മദ്യം നുണഞ്ഞുകൊണ്ട്, ദിവ്യയെ വണ്ടിയില്‍ കയറ്റിപ്പോയ രവീന്ദ്രനെപ്പറ്റി മാലിക്കിനോട് ചോദിക്കുകയായിരുന്നു.
“അവനാണ് രവീന്ദ്രന്‍; പോലീസുകാരനാണ്. അവനും ആ പെണ്ണിന്റെ അച്ഛന്റെ അനുജന്‍ ദിവാകരനും ഇവളെന്നു വച്ചാല്‍ ഭ്രാന്ത് പിടിച്ചു നടക്കുകയാണെന്ന് ഇക്ക പറഞ്ഞിരുന്നു. നമ്മള്‍ വന്ന ദിവസം തന്നെ അവനെങ്ങനെ അവളെ കാണാന്‍ എത്തി എന്നതാണ് എനിക്ക് മനസിലാകാത്തത്” മാലിക്ക് സംശയത്തോടെ പറഞ്ഞു.
“ഈ നായിന്റെ മോളെ എന്ന് പൊക്കാന്‍ വന്നാലും എന്തെങ്കിലും തൊന്തരവുകള്‍ ഉണ്ടാകുമല്ലോ. അവന്‍ ഇവളെ എങ്ങോട്ടാകും കൊണ്ടുപോകുന്നത്?”
അര്‍ജ്ജുന്‍ വണ്ടി ഓടിക്കുന്നതിനിടെ സംശയത്തോടെ ചോദിച്ചു. അല്‍പ്പം മുന്‍പിലായി പൊയ്ക്കൊണ്ടിരുന്ന മാരുതി വാനിനെ അകലം വിട്ടാണ് അവര്‍ പിന്തുടര്‍ന്നിരുന്നത്.
“തല്‍ക്കാലം അവനെങ്ങോട്ടാണ് പോകുന്നതെന്ന് നമുക്ക് നോക്കാം. എന്റെ ഊഹം ശരിയാണ് എങ്കില്‍ എന്തോ കുരുക്ക് ഒപ്പിച്ച് അവന്‍ പെണ്ണിനെ വണ്ടിയില്‍ കയറ്റിയിരിക്കുകയാണ്. അവള്‍ക്ക് ഒരുപക്ഷെ സംഗതി മനസിലയിക്കാണില്ല” സ്റ്റാന്‍ലി പറഞ്ഞു.
“അതെ..അതാകാനാണ് സാധ്യത. ഒരു പരമ ചെറ്റയാണ് രവീന്ദ്രന്‍ എന്നാണ് ഇക്ക പറഞ്ഞിരിക്കുന്നത്”
“ഉം നമുക്ക് നോക്കാം..നീ വണ്ടി മെല്ലെ ഓടിച്ചാല്‍ മതി. നമ്മളെ പിന്നാലെയുണ്ട് എന്നവന്‍ അറിയരുത്” സ്റ്റാന്‍ലി അര്‍ജ്ജുനോട് പറഞ്ഞു.
ഈ സമയത്ത് രവീന്ദ്രന്‍ അത്യുത്സാഹത്തോടെ വണ്ടി ഓടിക്കുകയായിരുന്നു.
“സൈക്കിള്‍ ആരാരിക്കും മോളെ എടുത്തത്? മോള്‍ക്ക് ആരെ എങ്കിലും സംശയമുണ്ടോ?” അയാള്‍ പിന്നില്‍ ഇരുന്നിരുന്ന ദിവ്യയുടെ സൌന്ദര്യം കണ്ണാടിയിലൂടെ ആസ്വദിച്ചുകൊണ്ട്, എന്തെങ്കിലും സംസാരിക്കാന്‍ വേണ്ടി ചോദിച്ചു.
“അറിയില്ല അങ്കിളേ” അവള്‍ വിഷണ്ണയായി പറഞ്ഞു. സൈക്കിള്‍ നഷ്ടമായതിന്റെ വിഷമം അവളെ വല്ലാതെ അലട്ടിയിരുന്നു.
“ആരയാലും ഞാനവനെ പൊക്കും. ഇനി കിട്ടിയില്ലെങ്കില്‍ മോള്‍ക്ക് അങ്കിള്‍ ഒരു പുതിയ സൈക്കിളങ്ങ് വാങ്ങിത്തരും. എനിക്ക് മോളും എന്റെ മോളും ഒരുപോലല്യോ….ഹിഹിഹി..”
അയാളുടെ ആ സംസാരത്തില്‍ എന്തോ പന്തികേടുണ്ട് എന്ന് ദിവ്യയ്ക്ക് തോന്നാതിരുന്നില്ല. എങ്കിലും അവള്‍ അയാളെ സംശയിച്ചില്ല. വണ്ടി ഒരു വളവു തിരിഞ്ഞപ്പോള്‍ അല്‍പ്പം മാറി ദിവാകരന്‍ ഉദ്വേഗത്തോടെ ആരെയോ കാത്തു നില്‍ക്കുന്നത് കണ്ടപ്പോള്‍ അവളുടെ മുഖത്ത് വെറുപ്പ് പടര്‍ന്നു പിടിച്ചു.
“മോള്‍ടെ ചിറ്റപ്പന്‍ അല്യോ ആ നിക്കുന്നത്..ഇയാള്‍ ഇതെവിടെപ്പോകാനാ”
സ്വയമെന്ന പോലെ രവീന്ദ്രന്‍ ദിവ്യയോടായി ചോദിച്ചു. ദിവ്യ അറപ്പോടെ ദിവാകരനെ നോക്കി; പിന്നെ മുഖം വെട്ടിച്ചു മാറ്റി. വണ്ടി അയാളുടെ അടുത്തെത്തിയപ്പോള്‍ രവീന്ദ്രന്‍ നിര്‍ത്തി.
“എങ്ങോട്ടാ?” ഒരു കണ്ണിറുക്കിക്കൊണ്ട് ദിവ്യ കാണാതെ അയാള്‍ ദിവാകരനോട് ചോദിച്ചു.
“യ്യോ സാറാരുന്നോ…ഞാന്‍ വിചാരിച്ചു ആരാ വണ്ടി അടുത്തു കൊണ്ട് നിര്‍ത്തിയേന്ന്..ഹിഹിഹി…ഞാന്‍ ഇവിടെ അടുത്തൊരിടം വരെ വന്നതാ. ഓട്ടോ വല്ലോം കിട്ടുമോന്ന് നോക്കി നില്‍ക്കുവാരുന്നു..” ദിവാകരന്‍ പറഞ്ഞിട്ട് ഉള്ളിലിരിക്കുന്ന ദിവ്യയെ അപ്രതീക്ഷിതമായി കണ്ടതുപോലെ നോക്കി.
“ഇയ്യോടി..ഇത് ദിവ്യ മോളല്ലേ..മോളെവിടെ പോവ്വാ..?” അയാള്‍ ചോദിച്ചു.