“മഴ പിന്നേം വരുവാണ്.” ബ്രഡ് ചവച്ചുകൊണ്ട് ദൂരെ ആകാശത്ത് ഇരുണ്ടുകൂടുന്ന മേഘങ്ങൾ നോക്കി അമ്മ പറഞ്ഞു. ആശങ്കയായിരുന്നു ആ ശബ്ദത്തിലും കണ്ണുകളിലും.
“ദാഹിക്കുന്നു അമ്മേ..” ഞാൻ പറഞ്ഞു. തൊണ്ടയിൽ ബ്രഡ് ചെറുതായി കുടുങ്ങിയിരുന്നു. തൊണ്ട ഡ്രൈ ആയിട്ടാണ്.
പപ്പ താഴെനിന്ന് കുപ്പിവെള്ളം നീട്ടി. ഞാനത് താഴേക്ക് എത്തിക്കുത്തി വാങ്ങി മടമടാ കുടിച്ചു.
“തീർക്കല്ലെടാ.. ആകെ ആ ഒരു കുപ്പിയേയുള്ളു. ഞങ്ങൾക്കും കൂടി വേണം.” പപ്പ വിളിച്ചുപറഞ്ഞു. എന്റെ കുടികൊണ്ടുതന്നെ കുപ്പി പകുതി ആയിരുന്നു.
“ഇത് തീരുമ്പോ എന്ത് ചെയ്യും?” അമ്മയ്ക്ക് കുപ്പി കൈമാറുമ്പോൾ ഞാൻ ചോദിച്ചു.
“വെള്ളത്തിനാണോ പഞ്ഞം..” പപ്പ കളിയാക്കി ചിരിച്ചു. ശരിയാണല്ലോ. ചുറ്റും കണ്ണെത്താ ദൂരത്തോളം വെള്ളമാണ്. പക്ഷേ ഈ കലക്കവെള്ളം എങ്ങനെ കുടിക്കും? ഞാൻ സംശയം കൊണ്ടു.
“മഴ വരുമ്പോ ആ കുപ്പി അങ്ങ് തുറന്ന് വച്ചിരുന്നാ മതി. ഈ മഴയല്ലേ.. പത്ത് മിനിട്ട് മതി അത് നിറയാൻ.” എന്റെ സംശയം മനസ്സിലാക്കിയതുപോലെ പപ്പ പറഞ്ഞു.
ഒരു തുള്ളി എന്റെ മുഖത്ത് വീണു.
“ദാ പെയ്തുതുടങ്ങി. നിങ്ങൾ അടപ്പ് മൂടിക്കോ.” പപ്പ അതും പറഞ്ഞ് പതിയെ ടാങ്കിനടിയിലേയ്ക്ക് നീങ്ങാൻ തുടങ്ങി.
“മഴ വരട്ടെ. രാത്രി ഇതിനകത്തിരുന്ന് വിയർത്ത് നാറിയതാ ഞങ്ങൾ രണ്ടുപേരും. ഒന്ന് കുളിച്ചുകളയാം.” മുഖം ആകാശത്തേയ്ക്കുയർത്തി അമ്മ പറഞ്ഞു.
പപ്പ നിന്നു. “വല്ല പനിയും വരും ശ്രീജേ..” പപ്പയുടെ സ്വരത്തിൽ ശാസന.
“ഈ വിയർപ്പുമായിട്ടിങ്ങനെ ഇരുന്നാൽ പനി മാത്രമല്ല, വേറെ പലതും വരും. അതിലും ഭേദം കുളിക്കുന്നതാ.”
“പക്ഷേ കുളിച്ചാൽ മാറാൻ ഡ്രസ്സ് എവിടുന്നാ?”
“മഴ മാറിക്കഴിയുമ്പൊ കുറച്ച് നേരം ഞങ്ങളങ്ങ് എഴുന്നേറ്റ് നിക്കും. കാറ്റുകൊണ്ട് ഇതങ്ങ് ഉണങ്ങും.”
“പക്ഷേ..” പപ്പ സംശയിച്ചുനിന്നു.