കോകില മിസ്സ് 9 [കമൽ]

Posted by

പോയോ? ഇത്ര പെട്ടെന്ന്? അവൻ ഒളിവിൽ നിന്നിടത്തു നിന്ന് പുറത്തു വന്ന്, ഗ്രൗണ്ടിലേക്ക് നോക്കി മെല്ലെ നടന്നു ചെന്ന്, മൂന്നാം നിലയിലേക്കുള്ള പടിക്കെട്ടിൽ അമർന്നിരുന്നു. രണ്ടു കയ്യും തലക്കു കൊടുത്ത് കുമ്പിട്ടിരുന്നു. ഇനി അവളെ കണ്ടത് തന്റെ തോന്നലായിരുന്നോ? കണ്ണു നിറച്ചു കാണാൻ കഴിഞ്ഞില്ലല്ലോ? അതിന് മുൻപേ പോയി. ജിതിന്റെ മൂക്കിൻ തുമ്പിലൂടെ കണ്ണുനീർ ഒഴുകി വീണു. കുറച്ചു നേരം കൂടി ഇരുന്ന് അവൻ മുഖം തുടച്ചെഴുന്നേറ്റു. ഒന്ന് മുഖം കഴുകാം എന്നു കരുതി താഴെക്കിറങ്ങാൻ ഭാവിച്ചപ്പോൾ ഇരുട്ടിൽ ഒരു സ്ത്രീ രൂപം പടി കയറി വരുന്നത് കണ്ട് അവൻ അനങ്ങാതെ ആ രൂപത്തെ നോക്കി നിന്നു. ആ രൂപം പടി കയറി വന്ന്, സ്റ്റേജിൽ നിന്നും വീഴുന്ന വെളിച്ചത്തിലേക്ക് കയറി നിന്നു. ഫുൾ സ്ലീവ് മഞ്ഞ ചുരിദാർ ഇട്ട്, കെട്ടിവെയ്ക്കാത്ത നീണ്ട ചെമ്പൻ മുടിയിഴകൾ പറപ്പിച്ച്, ചിരി തൂകി അവൾ അവനു മുന്നിൽ നിന്നു. അവളുടെ മൂക്കിലെ ചുവന്ന കല്ല്, ആ വെളിച്ചത്തിൽ തിളങ്ങി. താഴെ ഏതോ നാടക ഗാനം സ്പീക്കറിലൂടെ മുഴങ്ങിക്കേൽക്കുന്നു.
“ജിത്തൂ…”
“കോകില!!! താനെന്താ ഇവിടെ?”
“അത് തന്നെയാ എനിക്കും ചോദിക്കാനുള്ളെ. നീയെന്താ ഇവിടെ? പരുപാടി നടക്കുന്നത് താഴെയല്ലേ? നീ ഇവിടെ നിൽക്കുന്നതെന്തിനാ?”
“ഒറ്റക്കിരിക്കാൻ.” അവൻ പുഞ്ചിരിച്ചു കൊണ്ട് മറുപടി കൊടുത്തു. കോകില മിഴി വെട്ടിച്ച് അവനെ നോക്കി. അവന്റെ കൺകോണിലെ നനവ് അവൾ ശ്രദ്ധിച്ചു. അവൻ അവളിൽ നിന്നും തിരിഞ്ഞു നടന്നു. അവന്റൊപ്പം നടക്കാൻ അവളോടിച്ചെന്നു. അവൻ നടത്തത്തിന്റെ വേഗം കുറച്ചു.
“നീയിപ്പോഴും ആ പഴയ കാര്യങ്ങൾ ആലോചിച്ചു കൊണ്ടു നടക്കുവാണോ?” കോകില ശബ്ദത്തിൽ പ്രസന്നത വരുത്താൻ ശ്രമിച്ചു കൊണ്ട് ചോദിച്ചു.
“പഴയ കാര്യങ്ങൾ…. ഏതാണ് പഴയ കാര്യങ്ങൾ? ഒന്ന് വിശദീകരിക്കാമോ നീ?”
“ജിത്തൂ… നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേ? ഇങ്ങനെയൊന്നും എന്നെ വിളിക്കരുതെന്ന്?”
“അതിന് നീയിപ്പോ എന്റെ ടീച്ചറാണോ? അല്ലല്ലോ?” ജിതിന്റെ സ്വരത്തിൽ ഗൗരവമേറി. കോകില ഒന്ന് ഭയന്നു. ആ ഭയം അവൻ അറിയാതിരിക്കാൻ പണിപ്പെട്ട് അവൾ ചോദിച്ചു.
“ഞാൻ പറഞ്ഞതിനൊക്കെ ഇത്രയേ വില കല്പിച്ചിട്ടുള്ളൂ നീ? എന്നോട് നിനക്ക് അത്രയേ ഉള്ളോ…?” അവളുടെ തൊണ്ടയിടറി. ജിതിൻ അവളുടെ കയ്യിൽ കയറിപ്പിടിച്ചു.
“വാ എന്റെ കൂടെ….” അവനവളെ പിടിച്ചു വലിച്ചു കൊണ്ട് മുൻപോട്ട് നടന്നു. അവളുടെ മെലിഞ്ഞ കൈത്തണ്ട മുഴുവൻ അവന്റെ കൈപ്പിടിയിൽ ഒതുങ്ങി നിന്നു.
“ജിത്തൂ… വിട്, വിടെന്നെ…. നീയെന്തായീ കാണിക്കുന്നത്… ജിത്തൂ… നിനക്ക് ഭ്രാന്തു പിടിച്ചോ?” അവൾ കുതറി. അവൾ പറഞ്ഞതൊന്നും അവൻ ചെവിക്കൊണ്ടില്ല. അവൻ അവളെയും കൊണ്ട് നടന്ന് രണ്ടാം നിലയുടെ അറ്റത്ത് പൂട്ടിയിടാത്ത ഒരു ക്ലാസ് മുറി വാതിൽ തള്ളിതുറന്ന് അകത്തു കയറി. അവളെ മുന്നിലേക്ക് വലിച്ചു നിർത്തി അവൻ അവളുടെ മുന്നിൽ എളിക്ക് കൈ രണ്ടും കുത്തി അവളെ തുറിച്ചു നോക്കി നിന്നു.
“മാറ് ജിത്തൂ, ഞാൻ പോട്ടെ.”
“ഇല്ല. എനിക്ക് നിന്നോട് ചിലതൊക്കെ ചോദിച്ചറിയാനുണ്ട്. അതു കഴിഞ്ഞ് നീ പൊയ്ക്കോ.”
“ജിത്തൂ ഞാൻ ഒച്ചയിടും.”
“അത്ര ധൈര്യമുണ്ടേൽ നീ ഒച്ചയെടുക്ക്. ആളുകൾ കൂടട്ടെ. ഓടിക്കൂടുന്നവർ എന്നെ തല്ലിക്കൊല്ലട്ടെ. എന്നാലും, ചോദിക്കാനുള്ളത് ചോദിച്ചിട്ടെ നിന്നെയിവിടുന്നു വിടൂ. കഴിഞ്ഞ തവണ നിന്നെ ഇതുപോലെ പിടിച്ചു നിർത്തിയപ്പോ എന്താ സംഭവിച്ചെന്ന് ഓർമ്മയുണ്ടല്ലോ?”
“ജിത്തൂ പ്ലീസ്….” കോകില മുഖം പൊത്തി കരയാൻ തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *