കോകില മിസ്സ് 9 [കമൽ]

Posted by

“ഫോട്ടോയുടെ ഒരു കോപ്പി എന്റെ കയ്യിലുണ്ട്. നീ പേടിക്കണ്ട കേട്ടോ. അങ്ങനെയൊന്നില്ലാതെ ഇത് ഞാൻ നിനക്ക് തരോ?” ആ പഴയ അന്തരീക്ഷത്തിലേക്ക് കോകില തിരികെ വരാൻ ശ്രമിച്ചു.
“ഓഹ്, ആണോ? ഹെങ്കി നന്നായി. ഞാൻ കരുതി… ഈ ഫോട്ടോ, ഇതിന്റെ ഒറിജിനൽ എന്റെ കയ്യിൽ ഉണ്ടല്ലോ? പിന്നെ ഇതെന്തിനാണെന്ന്.” അവൻ മുരടനക്കിക്കൊണ്ട് പറഞ്ഞു.
“ഈ ഫോട്ടോ തന്നെ ഞാൻ തന്നത്…” അവൾ ഗദ്ഗദത്തിന്റെ വാക്കിലാണെന്ന് ജിതിന് തോന്നി.
“വേണ്ട. അതിനുള്ള മറുപടി തരണ്ട. എനിക്കറിയാം.” ജിതിൻ കയ്യുയർത്തി. ” വൈകീട്ട് കാണാൻ പറ്റുമോ?”
“ടീച്ചേഴ്സിന്റെ വക… സെന്റ് ഓഫ് ഉണ്ട്. അത് കഴിഞ്ഞ്…. ഞങ്ങൾ ഒരുമിച്ച്… പോകും. അത് കൊണ്ട്….” അവൾ പറയാൻ ബുദ്ധിമുട്ടി.
“ഓഹ്… ഞാനത് ഓർത്തില്ല. ഓക്കേ. ഇന്ന് ക്ലാസ്സ് എടുക്കുന്നുണ്ടോ?”
“എല്ലാവരോടും പറയണ്ടേ? ഞാൻ… ഞാൻ വരും. ”
“അപ്പൊ… ക്ലാസ്സിൽ കാണാം…”
“കാണാം…” കോകില കണ്ണടച്ചു കാട്ടി പുഞ്ചിരിച്ചു.
ജിതിൻ കാത്തിരുന്നു. അവൾ ക്ലാസ്സിൽ വരുന്നതും നോക്കി. അവളുടെ പീരിയഡ് ആയപ്പോൾ ജിതിന്റെയുള്ളിൽ എന്തെന്നില്ലാത്ത വെപ്രാളം. ഈശ്വരാ, അവളിന്ന് പൊവ്വാണ്. എത്ര സമയം താൻ വെറുതെ കളഞ്ഞു? അവളിന്ന് പൊവ്വാണ്. എന്തു ചെയ്യും… എന്തു ചെയ്യും? ഒന്നിലും ഉറച്ചു നിൽക്കാതെ അവന്റെ മനസ്സ് അലക്ഷ്യമായി ഏതൊക്കെയോ ചിന്തകളുടെ മുറികൾ കയറിയിറങ്ങി നടക്കാൻ തുടങ്ങി. അപ്പോഴേക്കും അവൾ ക്ലാസ്സിനുള്ളിൽ എത്തിയിരുന്നു. എല്ലാവരുടെയും കൂടെ അവനെണീറ്റു.
“ഹായ് ഓൾ…” എല്ലാവരോടും ഇരുന്നുകൊള്ളാൻ കൈ കൊണ്ടാംഗ്യം കാണിച്ച് കോകില തുടർന്നു. “ഇന്ന് ക്ലാസ് ഒന്നുമില്ല. നിങ്ങളിൽ പലരും അറിഞ്ഞു കാണുമല്ലോ? ഐ ആം ലീവിങ്. ഞാൻ ഇന്നു കൂടിയേ ഉള്ളു. നാളെ മുതൽ മറ്റൊരു ടീച്ചറാണ് നിങ്ങൾക്ക് ക്ലാസ്സ് എടുക്കുന്നത്. എന്റെ ടീച്ചിങ് കരിയറിലെ ആദ്യത്തെ ബാച്ചാണ് നിങ്ങൾ. സോ, യു വിൽ ബി മൈ പ്രഷ്യസ് സ്റ്റുഡന്റ്സ് ഓൾവെയ്സ്. നിങ്ങൾ എല്ലാവരും എനിക് പ്രിയപ്പെട്ടവരായിരിക്കും എന്നും. കുറച്ചു കാലം കൊണ്ട് എനിക്ക് നല്ല കുറച്ച് എക്സ്പീരിയൻസ് തന്നവരാണ് നിങ്ങൾ. ഈ സ്കൂൾ, നിങ്ങൾ, ആരെയും മറക്കില്ല ഞാൻ.”
പെൺപിള്ളേരുടെ ഇടയിൽ ചിലരൊക്കെ വിതുമ്പുന്നതും മുഖം പൊത്തി കരയുന്നതും കാണാമായിരുന്നു. ഉള്ള സമയത്ത് ബഹുമാനിച്ചിട്ടില്ല. പിന്നെ ഇപ്പൊ എന്തിനാ ഈ കാക്കകണ്ണീര്? അവനോർത്തു.

Leave a Reply

Your email address will not be published. Required fields are marked *