ബ്ലാക്ക് ബോര്‍ഡില്‍ ചോക്കുകഷണം കൊണ്ട് കണക്കെഴുതിയിട്ട്, മാഷ് തിരിഞ്ഞുനോക്കി, എട്ടും പത്തും നാഴിക ദൂരത്തുനിന്നും നടന്നുവരുന്ന അവശരായ കുട്ടികള്‍. ഉറക്കക്ഷീണത്തില്‍ വാടിയ വള്ളിത്തലപ്പുപോലെ തളര്‍ന്നുചായുന്ന ശരീരങ്ങളില്‍, വിളര്‍ത്ത മുഖങ്ങളില്‍, കൂമ്പിനില്ക്കുന്ന നിര്‍ജീവനയനങ്ങള്‍. മാഷക്കു കഷ്ടം തോന്നി. അയാളുടെ നോട്ടം പിന്നാലെ വരിതൊട്ട് ഓരോരുത്തരെയായി ഉഴിഞ്ഞു മുന്നിലേക്കുവരുമ്പോള്‍ പെട്ടെന്ന് അമ്മുക്കുട്ടി മുഖം കുനിച്ചുകളഞ്ഞു.
‘അമ്മുക്കൂട്ടീ… ‘ മാഷ് വിളിച്ു.
അമ്മു ഞെട്ടിപ്പോയി.
‘എണീറ്റു നില്ക്കൂ കാണട്ടെ’ മാഷ് പറഞ്ഞു.
അമ്മുക്കുട്ടി ഒന്നുപരുങ്ങി. ചുറ്റുംനോക്കി. എല്ലാവരും തന്നെ ശ്രദ്ധിക്കുകയാണ്. അവള് ഡെസ്കില്‍ കൈ ഊന്നിക്കൊണ്ട് മെല്ലെ എഴുന്നേറ്റ് മുഖം കുനിച്ചു നിന്നു, കറുത്ത കൊഴുത്ത കൈത്തണ്ടുകളില്‍ കുപ്പിവളകള്‍ കിലുങ്ങി. വെളിച്ചെണ്ണ പുരട്ടി അണര്‍ത്തി ചീകീയ തലമുടി. കൗമാരം കവച്ചുവെച്ച വളര്‍ച്ച
‘അമ്മുക്കുട്ടീ’ മാഷ് വീണ്ടും വിളിച്ചു.
അപ്പോള്‍ അവള് മുഖമുയര്‍ത്തി നോക്കി.
‘ഇവിടെ വരൂ’
അമ്മുക്കുട്ടി അടിവച്ചടിവച്ച് മാഷടെ അടുത്തേക്ക് നീങ്ങുമ്പോള്‍ കുട്ടികള്‍ ശ്വാസം പിടിച്ചിരുന്നു. എന്താണാവോ മാഷ് കാട്ടാന്‍ പോകുന്നത്.
‘അതാ ആ ബോര്‍ഡിലെ കണക്കൊന്നു ചെയ്യൂ കാണട്ടെ’ ചോക്കുകഷണം നീട്ടിപ്പിടിച്ചുകൊണ്ട് മാഷ് പറഞ്ഞു.
അമ്മുക്കുട്ടിയുടെ കറുത്ത വിരലുകള്‍ക്കിടയില്‍ വെളുത്ത ചോക്കുകഷണം വിറച്ചു. അവള് ബോര്‍ഡിന്റെ നേര്‍ക്കു തിരിഞ്ഞ് അനങ്ങാനാവാതെ നിന്നു.
‘അതു ചെയ്തുകാട്ടിക്കൊടുക്ക് മറ്റ് കുട്ടികള്‍ക്ക്.’ മാഷ് അവളുടെ അടുത്തേക്ക് നീങ്ങിക്കൊണ്ടു പറയുമ്പോള്‍ അവള് കിടുകിടാ വിറയ്ക്കുന്നുണ്ടായിരുന്നു. മാഷ് ഒരു നിമിഷം അറച്ചുനിന്നു.
‘അറിയില്ല അല്ലേ, എന്നാല്‍ പോയി ഇരുന്നോളൂ’ അവളുടെ കൈയില്‍ നിന്നും ചോക്കുകഷണം മടക്കി വാങ്ങുമ്പോള്‍ ഒരു കാര്യം ശ്രദ്ധിച്ചു. അവളുടെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പുന്നു.
‘അല്ലാ! എന്തിനാ കരയണെ, ഇവിടെ വരു, ഇവിടെ വരൂ’ മാഷ് അവളെ അടുത്തേക്ക് വിളിച്ച് തന്നോടു ചേര്‍ത്തുനിര്‍ത്തി. എന്നിട്ട് ചോക്കുകഷണം മേശപ്പുറത്ത് വെച്ചിട്ട് എന്തോ ഓര്‍ക്കും പോലെ ഒരു നിമിഷം നിശ്ശബ്ദനായി മുഖം കുനിച്ചു നിന്നു. എന്നിട്ടു മെല്ലെ മുഖമുയര്‍ത്തി കുട്ടികളെല്ലാവരോടുമായി പറഞ്ഞു.