നീലു കുഞ്ഞിനെയും എടുത്ത് അപ്പുറത്ത മുറിയിലേക്ക് പോയപ്പോള്‍ ലച്ചു ഗൈഡും പുസ്തകങ്ങളും മടക്കി ഭദ്രമായി എടുത്ത് മാറ്റിവെച്ചു. ഇനി ദേഷ്യം കേറി അമ്മയങ്ങാനം ഗൈഡ് പൊക്കിയാല്‍ ലൈഫ് ശോകമാകത്തേയൊള്ള്… പയ്യത്തിന്നാ പനയും തിന്നാം ലെച്ചു മനസ്സില്‍ പറഞ്ഞു.
പുസ്തകം ബാഗിലാക്കിയിട്ട് ലൈറ്റ് അണച്ചിട്ട് അവള് കിടന്നു.
കുറച്ച് കഴിഞ്ഞ് നീലുവന്ന് ലൈറ്റിട്ടു.
‘എഡീ… ലെച്ചുവേ…. നീ മുള്ളിയോടീ മുള്ളീട്ട് വന്ന് കെടക്കടീ…’
‘ഇല്ലമ്മാ എനിക്ക മുള്ളാമുട്ടണില്ല…’
‘രാത്രി കണ്ണിലൊറക്കം പിടിക്കുമ്പോ മുള്ളാനങ്ങാനം എണീറ്റേലാ അപ്പോ കാണാം…’
‘ഇല്ലമ്മാ എനിക്കിപ്പം മുള്ളണ്ടാ…’
‘ങാ… എന്നാലങ്ങോട്ട് നീങ്ങിക്കെട…’ ലെച്ചു ഭിത്തിയോട് ചേര്‍ന്നു കിടന്നു. നീലു ലൈറ്റ് അണച്ച് കട്ടിലിലേക്ക് ഇരുന്നു. കട്ടിലൊന്ന് കുലുങ്ങി.
‘എന്തോ ഭാരാമ്മേ…’
‘പിന്നെല്ലാരും നിന്നെമാതാരി എല്ലരിച്ചിരിക്കയാണോ… ഭാരോക്കെണ്ട് അതിനിപ്പോന്താ… ഉറങ്ങാന്‍ നോക്ക് കൊച്ചേ…’ നീലു ചൂടായി.
‘എന്താമ്മേ അമ്മക്കിത്ര ചൂടാവല്…’
‘ഓ… അമ്മക്ക് സദാസമയോം ചിരിച്ചോണ്ട് നടക്കാന്‍ മക്കള്‍ നല്ല സ്വഭാവക്കാരല്ലേ… ഒന്നിനൊന്നിനെ കണ്ടൂടാ… ഇങ്ങനായാല്‍ എങ്ങനാവും വലുതാവുമ്പോ…’
‘എന്റമ്മേ വലുതാവുമ്പോ അതൊക്കെയങ്ങ് മാറും… ‘ ലെച്ചുനീലുവിനെ കെട്ടിപിടിച്ചു.
‘മാറ് കൊച്ചേ ഒന്നാമതേ ചൂടാ… അപ്പോഴാ അവളെ ഒരു സോപ്പിട്ട്കെട്ടിപ്പിടുത്തം…’
‘ഈ അമ്മയെന്താ ഇങ്ങനെ…’ ലെച്ചുവിനും ദേഷ്യം വന്നു. അവള് തിരിഞ്ഞു കിടന്ന് ബെഡ്ഷീറ്റ് തലവഴി ഇട്ട് ഉറങ്ങുവാന്‍ തുടങ്ങി.
നീലുവിന് ദേഷ്യം വരാന്‍ കാരണം മറ്റൊന്നു കൂടിയുണ്ട്. ഇന്നത്തെ ദിവസം ബാലു അവളെ ഫോണില്‍ വിളിച്ചിട്ടേയില്ല. വൈകുന്നേരം വിളിച്ചപ്പോള്‍ പിള്ളേരോട് മാത്രം സംസാരിച്ചു. തമ്മില്‍ കാണുമ്പോള്‍ വഴക്കും കാര്യങ്ങളും ആണെങ്കിലും കാണാതിരിക്കുമ്പോള്‍, മിണ്ടാതിരിക്കുമ്പോള്‍ അത് ഉള്‍ക്കൊള്ളാന്‍ അവള്‍ക്ക് ആവില്ലായിരുന്നു.
രാത്രി പന്ത്രണ്ട് കഴിഞ്ഞ സമയം.
സമീപത്തെ പാറമടയുടെ ഇടുക്കുകളില്‍ പതിയിരിക്കുന്ന കുറുക്കന്മാരുടെ ഓരിയിടല്‍. അതുകേട്ട് തെരുവുനായ്ക്കള്‍ മറ്റെവിടോ നിന്നോ ഉറക്കെ കുരക്കുന്നു.