എന്റെ നിലാപക്ഷി 3 [ ne-na ]

Posted by

“ദുഷ്ട..”
ജീന ചിരിയോടെ ശ്രീഹരിയുടെ അടുത്ത് ചെന്ന് അവന്റെ കഴുത്തിൽ കൈ ഇറുക്കി കൊണ്ട് ചോദിച്ചു.
“ഞാൻ ഇപ്പോൾ ദുഷ്ടയായി അല്ലെ…”
അപ്പോഴും ക്ലാര തല താഴ്ത്തി ഇരിക്കയായിരുന്നു. ശ്രീഹരിയുടെ കഴുത്തിൽ നിന്നും കൈ മാറ്റി ക്ലാരയുടെ മുഖം പിടിച്ചുയർത്തികൊണ്ട് ജീന പറഞ്ഞു.
“കൊടുത്താൽ ചമ്മി കുളമാക്കണ്ട. വാ നമുക്ക് പോയി കാപ്പി ഉണ്ടാക്കാം.”
“ഞാൻ ദോശയും ചമ്മന്തിയും ഉണ്ടാക്കിയിട്ടുണ്ട്.”
ക്ലാരയുടെ കൈ പിടിച്ചുകൊണ്ടു ജീന പറഞ്ഞു.
“അത് കാര്യമായി, എനിക്ക് വിശന്നു വയ്യ, വന്നെ നമുക്ക് കഴിക്കാം.”
ജീന അവരെയും കൂട്ടി കാപ്പി കഴിക്കാനായി ഇരുന്നു. കാപ്പി കഴിച്ച് കഴിഞ്ഞ് അധികം വൈകാതെ തന്നെ അവർ വീട്ടിലേക്ക് പോകാനായി ഇറങ്ങി.
ക്ലാര അന്നൊരു ദിവസം റിലേറ്റീവിന്റെ വീട്ടിൽ നിന്നിട്ട് നാളെ വീട്ടിലേക്ക് പോകുന്നുള്ളായിരുന്നു.
വീട്ടിൽ പോയി ഒരാഴ്ചക്കുള്ളിൽ തിരിച്ചു വരുന്നതിനാൽ ശ്രീഹരി ബാഗൊന്നും എടുത്തില്ലായിരുന്നു, അവനിടാനുള്ള അത്യാവിശ്യ ഡ്രെസ്സുകൾ വീട്ടിൽ തന്നെ ഉണ്ടായിരുന്നു. ജീന അവൾക്കവിശ്യമുള്ള കുറച്ച് ഡ്രെസ്സുകൾ ബാഗിൽ ആക്കി തോളിൽ തൂക്കി. ജീനയെ വീട്ടിൽ ആക്കി അതുവഴി തന്റെ വീട്ടിൽ പോകാനായിരുന്നു ശ്രീഹരിയുടെ പ്ലാൻ.
ജീന വീട് പൂട്ടി ഇറങ്ങിവരുമ്പോൾ ശ്രീഹരി ബൈക്ക് സ്റ്റാർട്ട് ചെയ്ത് നിൽക്കുന്നു അവന്റെ അരികിൽ അവനെത്തന്നെ നോക്കി ക്ലാരയും നിൽക്കുന്നു.
അവരുടെ അരികിലെത്തി ജീന ചിരിച്ചുകൊണ്ട് പറഞ്ഞ്.
“നിങ്ങൾക്ക് വല്ലതും കൊടുക്കാനും വാങ്ങാനും ഉണ്ടെങ്കിൽ ഞാൻ തിരിഞ്ഞ് നിൽക്കാം, പെട്ടെന്നായിക്കൊള്ളണം.”
ജീനയുടെ ചെവിയിൽ പിടിച്ചുകൊണ്ടു ക്ലാര പറഞ്ഞു.
“നിനക്ക് ഈ ഇടയായി കുറച്ചു സംസാരം കൂടുന്നുണ്ട്.”
ക്ലാരയുടെ കൈ പിടിച്ചുമാറ്റി ഒരു ചിരിയോടെ ജീന അവന്റെ ബൈക്കിന്റെ പിറകിൽ കയറി ഇരുന്നു.
ബൈക്ക് മുന്നോട്ടു എടുക്കുന്നതിന് മുൻപായി അവൻ ക്ലാരയോട് പറഞ്ഞു.
“അവിട്ടതിന്റെ അന്ന് രാവിലെ അങ്ങ് എത്തിയേക്കണം, അന്നാ ഞങ്ങളുടെ വീട്ടിൽ എല്ലാരും ഓണം കൂടാൻ വരുന്നെ.”
ക്ലാര എത്തിക്കൊള്ളാം എന്ന അർത്ഥത്തിൽ തല ആട്ടി. ബൈക്ക് മുന്നോട്ടെടുത്ത് പോകുമ്പോൾ തങ്ങളെത്തന്നെ നോക്കി നിൽക്കുന്ന ക്ലാരയെ ശ്രീഹരി ബൈക്കിന്റെ ഗ്ലാസിൽ കൂടി നോക്കുന്നുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *