“അതിന് നിന്നെ ആര് കൊണ്ട് പോകുന്നു.”
ബെഡിലേക്ക് വന്നിരുന്ന വിദ്യ പറഞ്ഞു.
“ഞാൻ ഇല്ലാതെ നിങ്ങൾ ഇവിടന്നു പോകുന്നത് ഒന്ന് കാണാമല്ലോ.. ക്ലാര ചേച്ചിടെ കാര്യം ഞാൻ അമ്മയോട് പറഞ്ഞ് കൊടുക്കും.”
“അവളോട് ഇതൊക്കെ പറഞ്ഞ എന്നെ പറഞ്ഞാൽ മതീല്ലോ..”
ഒരു ചിരിയോടെ വിദ്യ അവന്റെ കൈയിൽ നിന്നും കോഫി വാങ്ങി ഒരു കവിൾ കുടിച്ചു.
അത് കണ്ട് ജീന പറഞ്ഞു.
“വിദ്യക്ക് കോഫി വേണമെങ്കിൽ ഞാൻ എടുത്തുകൊണ്ട് വരാം.”
“ഏയ്.. ഞാൻ കോഫി കുടിക്കാറില്ല.. ഇത് ചുമ്മാ ടേസ്റ്റ് നോക്കാൻ വാങ്ങിയതാ.”
വിദ്യ കോഫി ശ്രീഹരിക്ക് തിരിച്ച് കൊടുത്തു.
“നിങ്ങൾ രണ്ടുപേരും പോയി റെഡി ആകാൻ നോക്ക്. ഒരുപാടിടത്ത് പോകാനുണ്ട്. ആദ്യം പോയി നിങ്ങൾക്ക് രണ്ടുപേർക്കും ഓണത്തിനുള്ള ഡ്രസ്സ് എടുക്കണം.”
അത് കേട്ട ജീന പെട്ടെന്ന് പറഞ്ഞു.
“എനിക്ക് ഡ്രെസ്സ് ഒന്നും എടുക്കണ്ട. എന്റെയിൽ ആവിശ്യത്തിനുള്ളത് ഉണ്ട്.”
വിദ്യയാണ് അതിനുള്ള മറുപടി അവൾക്ക് നൽകിയത്.
“അതൊക്കെ ഞങ്ങൾ തീരുമാനിച്ചോള്ളം.. കൂടെ അങ്ങ് വന്നാൽ മതി.”
കാപ്പി കുടി കഴിഞ്ഞ ഉടൻ തന്നെ അവർ കാറുമെടുത്ത് അവിടെ നിന്നും ഇറങ്ങി.
അന്നത്തെ ദിവസം എങ്ങനെ തീർന്നെന്ന് ജീനക്ക് തന്നെ അറിയില്ലായിരുന്നു. വീട്ടിൽ നിന്നും ഇറങ്ങിയ അവർ ആദ്യം പോയത് ടെക്സ്റ്റൈൽസിലോട്ടു ആയിരുന്നു. വിദ്യ നല്ല വിലകൂടിയ ഡ്രസ്സ് ആയിരുന്നു അവൾക്കായി എടുത്തത്. ജീന എത്ര പറഞ്ഞിട്ടും കേൾക്കാതെ അത്രയും വിലയുള്ള ഡ്രസ്സ് തന്നെ വിദ്യയും ശ്രീഹരിയും കൂടി ജീനക്കായി തിരഞ്ഞെടുത്തു. അവിടെനിന്നും ഓരോ ഫ്രണ്ട്സിന്റെ വീട്ടിലേക്കാണ് ശ്രീഹരി അവരെയും കൊണ്ട് പോയത്. ശ്രീഹരി കൂട്ടുകാരോട് സംസാരിക്കുമ്പോൾ അവർക്കിടയിലേക്ക് ഇടിച്ചിട്ട് കയറി സംസാരിക്കുന്ന വിദ്യയെ കണ്ടപ്പോൾ ശ്രീഹരിയുടെ എല്ലാ കൂട്ടുകാരും അവൾക്ക് പരിചിതരാണെന്ന് ജീനക്ക് മനസിലായി.