“ചെല്ല് ചെല്ല്.. പോയി സംസാരിക്ക്.. ഈ ഫോൺ വിളിക്ക് മാത്രം ഒരു കുറവും ഇല്ല.”
ശ്രീഹരി കഴിച്ചുകൊണ്ടിരുന്ന ക്യാരറ് അവിടെ വച്ചിട്ട് ജീനയുടെ തലക്ക് ഒരു തട്ടും കൊടുത്ത് ഫോണുമായി ഹാളിലേക്ക് നടന്നു.
ഓണം അവധി ആയതിനാൽ നാളെ ഉച്ചയോടെ രണ്ടുപേരും വീട്ടിൽ പോകും. അതുകൊണ്ട് ജീന പാത്രമെല്ലാം കഴുകി അടുക്കളയും വൃത്തിയാക്കി രാവിലെ കാപ്പിക്ക് വേണുന്ന സാധനങ്ങൾ മാത്രം മാറ്റി വച്ചു. എന്നിട്ടു ശ്രീഹരി കഴിച്ച് ബാക്കി വച്ച ക്യാരറ്റും എടുത്ത് ഹാളിലേക്ക് നടന്നു.
അവൾ അവിടെ ചെല്ലുമ്പോൾ ശ്രീഹരി സോഫയിൽ കിടന്ന് ഫോണിൽ സംസാരിക്കുകയായിരുന്നു. ജീനയെ കണ്ടതും അവൻ സോഫയിൽ എഴുന്നേറ്റിരുന്ന് അവൾക്കിരിക്കാനായി സ്ഥലം ഒഴിഞ്ഞു കൊടുത്തു.
കുറച്ച് ദിവസങ്ങളായി അതൊരു പതിവാണ്.. ശ്രീഹരി ക്ലാരയോട് ഫോണിൽ സംസാരിച്ച് കൊണ്ടിരിക്കുമ്പോൾ ജീന അവന്റെ അരികിൽ വന്നിരുന്ന് പുസ്തകം വായിക്കുകയോ പഠിക്കുകയോ ചെയ്യും. ജീനക്ക് പ്രതേകിച്ച് ഒന്നും ചെയ്യാനില്ലേൽ ശ്രീഹരി ലൗഡ്‌സ്‌പീക്കറിൽ ഇട്ട് സംസാരിക്കും, ജീനയും അപ്പോൾ അവർക്കൊപ്പം സംസാരിക്കും.
ജീന സോഫയിൽ അവന്റെ അരികിലായി ഇരുന്നു. എന്നിട്ടു കൈയിലിരുന്ന ക്യാരറ്റ് തിന്നു തുടങ്ങി. ശ്രീഹരി വാങ്ങി കൊടുത്ത പാവാടയും ഷർട്ടും ആണ് അവളപ്പോൾ ഇട്ടിരുന്നത്.
ഫോൺ ലൗഡ്‌സ്‌പീക്കറിൽ ഇട്ടുകൊണ്ട് ശ്രീഹരി പറഞ്ഞു.
“ജോലിയൊക്കെ ഒതുക്കി ജീന വന്നു.”
ക്ലാര – ഇന്ന് അവളെ സാരിയിൽ കാണാൻ നല്ല ക്യൂട്ട് ആയിരുന്നു.
ശ്രീഹരി – അതുപിന്നെ ഞാനല്ലേ സാരി സെലക്ട് ചെയ്തത്.
ക്ലാര – നിന്റെ സാരിയുടെ സെലെക്ഷൻ കൊണ്ടൊന്നും അല്ല.. അവളെ കാണാൻ നല്ല ഭംഗി ഉള്ളതുകൊണ്ട് തന്നാ സാരിയിൽ കുറച്ചുകൂടി സുന്ദരി ആയത്.
അതുകേട്ട ജീന ഒരു ചെറു പുഞ്ചിരിയോടെ ശ്രീഹരിയുടെ തോളിലേക്ക് തല ചാരി ഇരുന്നു.