ശ്രീഹരി തന്റെ സുഹൃത്ത് എന്ന രീതിയിൽ ജീനയെ അവർക്കൊക്കെ പരിചയപെരുത്തുകയും ചെയ്‌തു. രാവിലെ വീട്ടിൽ നിന്നും ഇറങ്ങിയ അവർ ഒരു സന്ധ്യയോടെ ആണ് വീട്ടിൽ തിരിച്ചെത്തിയത്. ആ ഒരു യാത്രയോടെ ജീനയും വിദ്യയും സുഹൃത്തുക്കളായി മാറി.
പിറ്റേ ദിവസം തിരുവോണത്തിന് മുഴുവൻ സമയവും ജീനയും ശ്രീഹരിയും വിദ്യയും വീട്ടിൽ തന്നെ ആയിരുന്നു. ജീനയെ അടുക്കളയിൽ ഒന്നും ചെയ്യാൻ ‘അമ്മ സമ്മതിച്ചില്ലേലും അവൾ അവിടൊക്കെ തന്നെ ചുറ്റിപറ്റി നിന്നു. വിഭവ സമൃദ്ധമായ സദ്യയൊക്കെ ആയി തിരുവോണ ദിനവും കടന്നു പോയി. അവളുടെ ജീവിതത്തിൽ ഇത്ര സന്തോഷകരമായ ഒരു ഓണം ഉണ്ടായിട്ടേ ഇല്ലായിരുന്നു.
അവിട്ടം ദിനത്തിൽ ജീന രാവിലെതന്നെ എഴുന്നേറ്റ് കുളിച്ച് അടുക്കളയിൽ ചെന്നു. അന്ന് അടുക്കളയിൽ പിടിപ്പത് ജോലി ഉണ്ടായിരുന്നതിനാൽ ‘അമ്മ എതിർത്തൊന്നും പറഞ്ഞില്ല.
രാവിലെ തന്നെ ബന്ധുക്കൾ എത്തി തുടങ്ങുമെന്നുള്ളതിനാൽ ശ്രീഹരിയും രാവിലെ തന്നെ ഏഴുന്നേറ്റിരുന്നു. കാപ്പി കുടിയൊക്കെ കഴിഞ്ഞപ്പോഴേക്കും ബന്ധുക്കളൊക്കെ വന്നു തുടങ്ങി. പിന്നെ അവരോടൊക്കെ വിശേഷങ്ങൾ പറഞ്ഞിരുന്നപ്പോൾ ശ്രീഹരി സംശയം പോയതറിഞ്ഞില്ല. ഒരുപാട് നാളുകൂടിയാണ് എല്ലാരും ഒന്ന് ഒത്തു കൂടുന്നത്. ജീന അപ്പോഴും അടുക്കളയിൽ പിടിപ്പത് പണിയിലായിരുന്നു. വീട്ടിൽ വന്ന ബന്ധുക്കൾക്കൊക്കെ ജീന ശ്രീഹരിയുടെ കൂടെ പഠിക്കുന്ന കുട്ടിയാണെന്നും പറഞ്ഞാണ് ‘അമ്മ പരിചയപ്പെടുത്തിയത്.
“മോനെ ശ്രീ.. നിന്നെ കാണാൻ ഒരു കുട്ടി വന്നു നിൽക്കുന്നു.”
അച്ഛന്റെ വിളി കേട്ട് ശ്രീഹരി വീടിന് വെളിയിലേക്ക് ചെന്നപ്പോൾ പുഞ്ചിരിയോടെ മുറ്റത്ത് നിൽക്കുന്ന ക്ലാരയെ ആണ് കണ്ടത്.
പെട്ടെന്ന് ക്ലാരയെ കണ്ടപ്പോൾ അച്ഛനോട് എന്ത് പറയണമെന്ന് ശ്രീഹരിയുടെ മനസ്സിൽ വന്നില്ല.
കുറച്ചു നേരം അവളെ മിഴിച്ചു നോക്കി നിന്ന ശേഷം ശ്രീഹരി അച്ഛനോട് പറഞ്ഞു.
“അച്ഛാ.. ഇത് ക്ലാര.. എന്റെ കൂടെ കോളേജിൽ ഉള്ളതാണ്.. ഞാൻ ഓണത്തിന് ക്ഷണിച്ചിട്ട് വന്നതാ.”
“ആണോ.. എന്നിട്ട് മോളെന്താ അവിടെ തന്നെ നിൽക്കുന്നെ, അകത്തോട്ട് കയറ്..”
വീടിനകത്തേക്ക് പുഞ്ചിരിയോടെ കയറിയ ക്ലാരയോട് അച്ഛൻ ചോദിച്ച്.
“മോളുടെ വീടെവിടാണ്?”
“എവിടെ അടുത്ത് തന്നാ.”