അവർ തമ്മിൽ ഒന്നും സംസാരിക്കുന്നില്ലായിരുന്നു. മുഖത്തോടു മുഖം നോക്കി ഇരുപ്പ് തന്നെ. ജീനയും അവരെ രണ്ടുപേരെയും നോക്കി അവിടെ ഒരു കസേരയിൽ ഇരുന്നു.
കുറച്ച് സംശയം കഴിഞ്ഞപ്പോൾ ഡോർ തുറക്കുന്ന ശബ്‌ദം കേട്ട് ശ്രീഹരിയും ക്ലാരയും നോട്ടം മാറ്റി ഡോറിലേക്ക് നോക്കി.
അവർക്കുള്ള പായസവുമായി വിദ്യ അവിടേക്ക് വന്നതായിരുന്നു.
റൂമിനകത്തേക്ക് കയറിയ വിദ്യ ചോദിച്ചു.
“എന്താ ഇവിടെ നടക്കുന്നത്?”
അതിനുള്ള മറുപടി നൽകിയത് ജീന ആയിരുന്നു.
“ഒരു അവാർഡ് പടം ഓടുവായിരുന്നു ഇവിടെ, എപ്പോൾ ഡയലോഗ് വരും എന്ന് നോക്കി ഇരിക്കയായിരുന്നു ഞാൻ.”
അതുകേട്ട് അവരെല്ലാരും ചിരിച്ചു. വിദ്യകൂടി അവർക്കൊപ്പം കൂടിയപ്പോൾ അവിടെ കളിയും തമാശയും ആയി ബഹളമയം ആയി. ഉച്ചക്ക് സദ്യ കഴിക്കാൻ ‘അമ്മ വിളിച്ചപ്പോഴാണ് അവർ താഴേക്ക് പോയത്.
ഉച്ച കഴിഞ്ഞപ്പോൾ ശ്രീഹരിയുടെ കുറച്ച് കൂട്ടുകാർ വീട്ടിലെത്തി. ഒരുപാട് നാളുകൾക്ക് ശേഷമുള്ള അവരുടെ ഒത്തുകൂടൽ ആയിരുന്നു അത്.ശ്രീഹരിയുടെ വീട്ടിൽ എത്തിയ അവരുടെ ആദ്യ ഞെട്ടൽ ക്ലാരയെ അവന്റെ വീട്ടിൽ കണ്ടതായിരുന്നു. സ്കൂളിൽ പഠിക്കുന്ന സമയത്ത് അവൻ ക്ലാരയുടെ പിറകെ നടന്നതും അവൾ ശ്രീഹരിയെ ഒഴുവാക്കി വിട്ടതും എല്ലാം അവർക്ക് അറിയാവുന്ന കഥകളാണ്.
ശ്രീഹരിയുടെ റൂമിൽ അവരെല്ലാം ഒത്തുകൂടി ഇരുന്ന് സംസാരിക്കുന്നതിനിടയിൽ ജീനയും വിദ്യയും അവർക്കുള്ള പായസവുമായി അവിടേക്ക് വന്നു.
പായസം വാങ്ങി കുടിക്കുന്നതിനിടയിൽ ദീപു ക്ലാരയോട് ചോദിച്ചു.
“ഇവൻ സ്കൂളിൽ പഠിച്ച കാലം മൊത്തം നിന്റെ പിറകെ നടന്നിട്ട് തോന്നാത്ത ഇഷ്ട്ടം ഇപ്പോൾ എങ്ങനെ തോന്നിയെടി?”
അതിനുള്ള മറുപടി ക്ലാരയും ശ്രീഹരിയും ഒരു ചിരിയിൽ ഒതുക്കി.
ക്ലാര ശ്രീഹരിയോട് പറഞ്ഞു.
“ഡാ.. ഞാൻ എപ്പോൾ ഇറങ്ങും, ഉച്ച കഴിയുമ്പോൾ തിരിച്ചെത്തും എന്നും പറഞ്ഞാണ് ഞാൻ വീട്ടിൽ നിന്നും ഇറങ്ങിയത്.