ജീനയുടെ ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു ഓണം തന്നെയായിരുന്നു ആ വർഷത്തേത്. ഒരുപാട് സന്തോഷിച്ച ദിനങ്ങൾ, ഒരുപാട് സ്നേഹിക്കുന്ന ശ്രീഹരിയുടെ വീട്ടുകാർ.
തിരിച്ച് തിരുവനന്തപുരത്ത് പോകുന്നതിന്റെ തലേദിവസം ശ്രീഹരിയുടെയും കൂട്ടുകാരുടെയും പ്ലാൻ പോലെ അവർ അച്ചുവിന്റെ വീട്ടിൽ ഒത്തുകൂടിയിരുന്നു. ജീന അവർക്ക് ബീഫ് റോസ്റ്റും ഉണ്ടാക്കി കൊടുത്തു. ജീവിതത്തിൽ അധികം കൂട്ടുകാരൊന്നും ഇല്ലാതിരുന്ന ജീനക്ക് ശ്രീഹരിയുടെയും കൂട്ടുകാരുടെയും ഒപ്പം ഉണ്ടായിരുന്ന നിമിഷങ്ങൾ ആനന്ദം നിറഞ്ഞത് തന്നെ ആയിരുന്നു. അവളും അവരുടെ കളി ചിരികളിൽ പങ്കുചേർന്ന് സംസാരിച്ചു, ചിരിച്ചു, സന്തോഷിച്ചു.
ഞാറാഴ്ച രാവിലെ തിരിച്ച് പോകാനായി വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ ശ്രീഹരിയേക്കാൾ വിഷമം ജീനക്കായിരുന്നു. കാരണം അവൾ ജീവിതത്തിൽ ഏറ്റവും കൂടുതൽ സന്തോഷിച്ച നാളുകൾ ആ വീട്ടിലേതായിരുന്നു.
വീട്ടിൽ നിന്നും ജീന ഇറങ്ങുന്നതിന് മുൻപായി ‘അമ്മ അവളുടെ കഴുത്തിൽ ഒരു സ്വർണ മാല ഇട്ട് കൊടുത്തുകൊണ്ട് പറഞ്ഞു.
“പെൺപിള്ളേർ ഒഴിഞ്ഞ കഴുത്തുമായി നടക്കുന്നത് ഐശ്വര്യക്കേടാണെന്നാ ഇവിടൊക്കെ ഉള്ളവർ പറയുന്നെ.. അതികൊണ്ട് ഇത് മോളുടെ കഴുത്തിൽ കിടക്കട്ട്.”
അതിന് പിന്നാലെ വിദ്യ വന്ന് ഒരു കുരിശിന്റെ സ്വർണ ലോക്കറ്റ് ആ മാലയിൽ കൊരുത്ത് ഇട്ടുകൊണ്ട് പറഞ്ഞു.
“എന്റെ ഏട്ടനെ വരച്ച വരയിൽ നിർത്തുന്നതിന് സമ്മാനായിട്ട് ഇത് എന്റെ വക.”
അവരുടെ ആ സ്നേഹത്തിൽ കണ്ണുകൾ നിറഞ്ഞ ജീന കരഞ്ഞുകൊണ്ട് വിദ്യയെ കെട്ടിപിടിച്ചു.
കുറച്ചുനേരം ആ നിൽപ്പ് തുടർന്നപ്പോൾ ‘അമ്മ വന്ന് അവളെ പിടിച്ച് മാറ്റിക്കൊണ്ട് പറഞ്ഞു.
“ഒരു വഴിക്ക് പോകുമ്പോൾ ഇങ്ങനെ കരഞ്ഞുകൊണ്ടാണോ ഇറങ്ങുന്നേ, സന്തോഷത്തോടെ പോകാൻ നോക്ക്.”
കൂടുതൽ നേരം അവിടെ നിന്നാൽ ജീന കരഞ്ഞു കുളമാക്കും എന്നറിയാവുന്നതിനാൽ ശ്രീഹരി പെട്ടെന്ന് തന്നെ അവളെയും കൂട്ടി അവിടെ നിന്നും ഇറങ്ങി.