തന്റെ വയറിൽ ശ്രീഹരിയുടെ വിരലുകൾ സ്പര്ശിച്ചപ്പോൾ ജീന കണ്ണുകൾ തുറന്ന് ചെറുതായി തല ഉയർത്തി നോക്കി. അവൻ ബട്ടൺ ഇടുന്ന കണ്ട് കാര്യം മനസിലായ ജീന വീണ്ടും തല താഴ്ത്തി അവന്റെ മടിയിലേക്ക് തന്നെ കിടന്നു കണ്ണുകൾ അടച്ചു.
വീണ്ടും ഫോണിൽ സംസാരം തുടരുന്നതിനിടയിൽ ക്ലാര ചോദിച്ചു.
“ജീന അടുത്തുണ്ടോ?”
“ഉണ്ട്.”
തന്റെ പേര് കേട്ടപ്പോൾ ജീന കണ്ണുകൾ തുറന്നു.
“എങ്കിൽ നീ ഫോൺ ഒന്ന് ലൗഡ്‌സ്‌പീക്കർ മാറ്റുമോ, എനിക്കൊരു കാര്യം പറയാനുണ്ട്.”
ജീനയും ശ്രീഹരിയും ആകാംഷയോടെ മുഖത്തോട് മുഖം നോക്കി. ജീനയുടെ നെഞ്ചിൽ നിന്നും അവൻ ഫോൺ എടുക്കാൻ തുനിഞ്ഞപ്പോൾ ക്ലാരയുടെ ശബ്‌ദം വീണ്ടും എത്തി.
“അല്ലെങ്കിൽ വേണ്ട.. അവളും കേട്ടോട്ടെ.”
ആകാംഷയുടെ സ്വരത്തിൽ ശ്രീഹരി ചോദിച്ചു.
“എന്താ നിനക്ക് പറയാനുള്ളത്.?”
കുറച്ചു നേരത്തെ നിശബ്തതക്കു ശേഷം ക്ലാര പറഞ്ഞു.
“ഇന്ന് നീ എന്നെ കാണാൻ പള്ളിയിൽ വന്നതിനെ കുറിച്ചൊക്കെ പറഞ്ഞില്ലേ..”
“മ്മ്.. പറഞ്ഞു.”
“നമ്മൾ പ്ലസ് ടു പഠിക്കുമ്പോൾ എന്നെ കാണാനായി ക്ലാസ്സിന്റെ മുന്നിൽ വന്ന് നിൽക്കില്ലായിരുന്നോ..”
“മ്മ്… നിൽക്കുമായിരുന്നു.”
“എന്നിട്ടെന്തേ ഇപ്പോൾ എന്നെ കാണാൻ അങ്ങനൊന്നും വന്ന് നിൽക്കത്തെ?”
“മുൻപൊക്കെ അങ്ങനെ വന്ന് നിന്നിട്ടല്ലേ എന്നോട് മിണ്ടാതായത്.. ഇനി വീണ്ടും അങ്ങനൊക്കെ കാണാൻ വന്നിട്ട് മിണ്ടാതിരിക്കാനാണോ?’