“ചേച്ചി.. ഇച്ചായൻ എന്നെ ഉമ്മ വച്ചു.”
അത് കേട്ട ക്ലാര കുറച്ചു നേരം നിശ്ശബ്ദതയായി.. എന്നിട്ടു പറഞ്ഞു.
“ഇതിനു നിനക്കുള്ള മറുപടി നിന്നെ ഞാൻ നേരിട്ട് കാണുമ്പോൾ തരാം. ഇപ്പോൾ എന്റെ റൂംമേറ്റ് വന്നു.”
അവൾ ഫോൺ കട്ട് ചെയ്തു.
ക്ലാര ഫോൺ കട്ട് ചെയ്തപ്പോഴാണ് പറഞ്ഞത് അബദ്ധമായി പോയോ എന്ന് ജീനക്ക് തോന്നിയത്.
“കുഴപ്പമായോ ഇച്ചായാ?”
എന്തോ തെറ്റ് ചെയ്തപോലെ അവളുടെ മുഖം ഇരുളുന്നത് കണ്ട് ശ്രീഹരി പറഞ്ഞു.
“ഡി പോത്തേ.. ക്ലാരയെ നമുക്കറിയില്ലേ.. ഇത് അവൾ എന്നെ ചുമ്മാ ഒന്ന് പേടിപ്പിക്കാൻ പറയുന്നതാണ്.”
അത് കേട്ടിട്ടും ജീനയുടെ മുഖം മ്ലാനമായി ഇരിക്കുന്ന കണ്ട് സോഫയിൽ നിന്നും അവൻ എഴുന്നേറ്റു, എന്നിട്ട് അവളുടെ കൈയിൽ പിടിച്ചു വലിച്ചു എഴുന്നേല്പിച്ചുകൊണ്ട് പറഞ്ഞു.
“ഓരോന്ന് ചിന്തിച്ച് കൂട്ടാതെ നീ പോയി കിടന്നുറങ്ങാൻ നോക്ക്.”
മുഖം താഴ്ത്തി ജീന റൂമിലേക്ക് നടക്കുമ്പോൾ ശ്രീഹരിയുടെ മനസിൽകൂടി ഒരു ചിന്ത കടന്നു പോയി.
‘പെട്ടെന്നുള്ള ഒരു സന്തോഷത്തിൽ ആണ് ജീനയെ ഉമ്മ വച്ചത്, അത് ക്ലാര സീരിയസ് ആയി എടുക്കുമോ?’
.
.
ജീന രാവിലെ എഴുന്നേറ്റ് കുളിച്ച് കോഫിക്കുള്ള പാല് ചൂടാക്കാൻ വച്ചപ്പോഴാണ് കാളിങ് ബെൽ അടിക്കുന്ന ശബ്‌ദം കേട്ടത്.
“ഇതാരാ ഈ രാവിലെ തന്നെ?”
ജീന ചറുപിറുത്തുകൊണ്ടു പോയി വാതിൽ തുറന്നു.
വാതിൽ തുറന്നപ്പോൾ ചിരിച്ചുകൊണ്ട് മുന്നിൽ നിൽക്കുന്ന ക്ലാരയെ കണ്ട് ജീന ഞെട്ടിപ്പോയി. ആദ്യമായാണ് ക്ലാര ആ വീട്ടിലേക്ക് വരുന്നത്.
“ചേച്ചി എന്താ ഇവിടെ?”