“അയ്യോ.. ഇച്ചായന് ഞാൻ കോഫി കൊടുത്തില്ല.”
“കോഫിയൊക്കെ ഞാൻ കൊടുത്തോള്ളം.. അവന്റെ റൂം എവിടാ?”
“മുകളിലാണ്.. കോഫിക്കുള്ള പാല് അടുപ്പിൽ വച്ചിട്ടുണ്ട്.. കോഫി ഇട്ടു തന്നിട്ട് ഞാൻ പോകാം.”
“മ്മ്.. ശരി.”
അവർ അടുക്കളയിലേക്കു നടന്നു. കുറച്ച് സമയത്തിനകം തന്നെ ജീന കോഫി ഇട്ട് ക്ലാരയുടെ കൈയിൽ കൊടുത്തു. എന്നിട്ട് പള്ളിയിൽ പോകാനായി ഇറങ്ങി.
വീട്ടിൽ നിന്നും ഇറങ്ങുന്നതിനു മുൻപായി ജീന വാതുക്കൽ നിന്ന് ഹാളിൽ കോഫിയുമായി നിൽക്കുന്ന ക്ലാരയെ തിരിഞ്ഞു നോക്കി ചിരിച്ചു.
“എന്താടി ചിരിക്കൂന്നേ?”
ജീന കണ്ണുകൾ ഇറുക്കി അടച്ച് ഒന്നുമില്ലെന്ന് ആഗ്യം കാണിച്ച ശേഷം ഡോർ അടച്ച് വീടിന് പുറത്തേക്കിറങ്ങി.
മുകളിലത്തെ നിലയിലെ പടികൾ കയറുന്നതിനിടയിൽ പുഞ്ചിരിയോടെ ക്ലാര സ്വയം പറഞ്ഞു.
“കാന്താരി.”
ക്ലാര റൂമിന്റെ ഡോർ തുറന്ന് അകത്തേക്ക് ചെല്ലുമ്പോൾ ശ്രീഹരി തലവഴി മൂടിപ്പുതച്ച് കിടക്കുകയായിരുന്നു.
“കോഫി..”
അവന്റെ അനക്കമൊന്നും കേൾക്കാഞ്ഞപ്പോൾ അവൾ കുറച്ചു കൂടി ഉറക്കെ പറഞ്ഞു.
“കോഫി..”
പുതപ്പിനുള്ളിൽ തന്നെ കിടന്നുകൊണ്ട് അവൻ പറഞ്ഞു.
“അവിടെ വച്ചിട്ട് പൊടി, ഞാൻ ഒന്ന് ഉറങ്ങട്ടെ.”
“അങ്ങനെ പോകാനല്ല ഞാൻ വന്നത്.”
അത് കേട്ടപ്പോൾ അവൻ തലയിൽ നിന്നും പുതപ്പു മാറ്റി അവളെ നോക്കി. കുറച്ചു നേരം ഇത് സ്വപ്നം ആണോ അല്ലയോ എന്ന് അറിയാതെ അവളെത്തന്നെ നോക്കി നിന്ന ശേഷം അവന്റെ മുഖത്ത് അത്ഭുതം വിരിഞ്ഞു.
“നീയെന്താ ഇവിടെ?”
“വരാൻ തോന്നി.. വന്നു, എന്തെ വന്നൂടെ?”