അവൻ മനസ്സിൽ വിചാരിച്ചു.
‘ഈശ്വരാ രാവിലെ തന്നെ ഉടക്ക് ആണോ?”
കോഫി നീട്ടിക്കൊണ്ട് അവൾ പറഞ്ഞു.
“ഇന്നാ കോഫി കുടിക്ക്.”
പുതപ്പ് മാറ്റി ബെഡിൽ എഴുന്നേറ്റിരുന്ന് കോഫി വാങ്ങുന്നതിനിടയിൽ അവൻ ചോദിച്ചു.
“ജീന എവിടെ?”
“പള്ളിയിൽ പോയി.”
ക്ലാര ബെഡിലേക്ക് ഇരുന്ന് റൂം മൊത്തം നോക്കി. പുസ്തകങ്ങളും ഡ്രെസ്സും എല്ലാം നല്ല അടുക്കും ചിട്ടയോടും കൂടിയാണ് വച്ചിരിക്കുന്നത്.
“റൂമൊക്കെ നല്ല വൃത്തിയോടെ ആണല്ലോ സൂക്ഷിക്കുന്നത്.”
അത് കേട്ട് അവൻ പുഞ്ചിരിച്ചു.
“നീ ചിരിക്കേണ്ട.. ഇതൊക്കെ ജീനയുടെ പണി ആണെന്ന് എനിക്കറിയാം.”
അതിനും അവന്റെ മറുപടി ചിരി തന്നെ ആയിരുന്നു.
അവൻ അവളെ ശ്രദ്ധിച്ചു. രാവിലെ തന്നെ കുളിച്ചിട്ടുണ്ട്, തൂവെള്ള ചുരിദാർ ആണ് ഇട്ടിരിക്കുന്നത്. പണ്ടേ വെള്ള കളർ ഡ്രെസ്സുകൾ ഇട്ടാൽ അവളെ കാണാൻ ഒരു പ്രതേക ഭംഗി ആണ്.
കുടിച്ചു തീർന്ന കോഫി ഗ്ലാസ് അവളുടെ കൈയിൽ കൊടുത്തുകൊണ്ട് അവൻ ചോദിച്ചു.
“എന്താ രാവിലെ തന്നെ വന്നെ?”
അവന്റെ കൈയിൽ നിന്നും ഗ്ലാസ് വാങ്ങിക്കൊണ്ടു അവൾ പറഞ്ഞു.
“അതിനുള്ള ഉത്തരം ഞാൻ പിന്നെ തരാം, മോൻ പോയി കുളിച്ചു ഫ്രഷ് ആയി വാ, അടുക്കളയിൽ ദോശക്കുള്ള മാവിരിക്കുന്ന കണ്ടു. ഞാൻ കാപ്പി ഉണ്ടാക്കട്ടെ.”
അവൾ റൂമിന് പുറത്തേക്കു നടക്കുമ്പോൾ ഇവൾ ഇത് എന്തിനുള്ള ഭാവമാണെന്ന് അറിയാതെ അന്തംവിട്ട് ഇരിക്കുകയായിരുന്നു ശ്രീഹരി.
റൂമിൽ നിന്നും പുറത്തേക്കിറങ്ങിയ ക്ലാര അവൻ ബെഡിൽ തന്നെ ഇരിക്കുകയാണെന്ന് മനസിലാക്കി തിരിഞ്ഞു നോക്കി പറഞ്ഞു.
“പോയി ബ്രെഷ് ചെയ്യടാ.”