മൃഗം 28 [Master]

Posted by

നിനക്ക് ഒട്ടുമിക്ക തെളിവുകളും കിട്ടിക്കഴിഞ്ഞ സ്ഥിതിക്ക്, സോഷ്യല്‍ മീഡിയയിലും മാധ്യമങ്ങളിലും മുംതാസ് വിഷയം വീണ്ടും സജീവമാക്കണം..നിന്റെ ചാനല്‍ എം ഡിയെ കണ്ട് അതെപ്പറ്റി നീ ഒന്ന് സംസാരിക്ക്..കബീറിനെ പ്രതിസ്ഥാനത്ത് നിര്‍ത്തി ആയിരിക്കണം നിന്റെ റിപ്പോര്‍ട്ടിംഗ്..ഡെവിള്‍സിന്റെ പേര് പരാമര്‍ശിക്കുകയെ വേണ്ട. അത് ഈ സംഭവം ജനം എങ്ങനെ ഏറ്റെടുക്കുന്നു എന്ന് നോക്കിയ ശേഷം മതി..എന്ത് പറയുന്നു?” ഇന്ദു ചോദിച്ചു.
ഡോണ ആകെ തകര്‍ന്ന മട്ടില്‍ ഇരിക്കുകയായിരുന്നു. പൌലോസിനു ട്രാന്‍സ്ഫര്‍ കിട്ടും എന്ന വാര്‍ത്ത അവളെ വല്ലാതെ ഉലച്ചു. അതേപോലെ തങ്ങള്‍ക്ക് സഹായമായിരുന്ന അലി ദാവൂദ് എന്ന നല്ലവനായ കമ്മീഷണര്‍ പോകുന്നതിലും അവള്‍ക്ക് അനല്‍പ്പാമായ ദുഃഖം ഉണ്ടായിരുന്നു. പൌലോസും മാനസികമായി അല്പം തളര്‍ന്ന മട്ടില്‍ ഇന്ദുവിനെ നോക്കി.
“ഡോണ..സീ..നമ്മള്‍ പ്രതികൂലങ്ങള്‍ ഉണ്ടാകുമ്പോള്‍ ഇങ്ങനെ തളര്‍ന്നിരുന്നാല്‍ ഒന്നും നടക്കില്ല. അലി സാറിന്റെ ട്രാന്‍സ്ഫര്‍ നമ്മുടെ കൈയിലല്ല..അതുകൊണ്ട് അത് നീ വിട്ടുകള. പകരം നിന്റെ ജോലി കുറേക്കൂടി സ്പീഡ് അപ്പ് ചെയ്യുക. ചാനല്‍ എം ഡിയെ കണ്ടു നീ സംസാരിക്കുക..വേണമെങ്കില്‍ ഞാനും നിന്റെ ഒപ്പം അയാളെ കാണാന്‍ വരാം. ഉടന്‍ തന്നെ ഈ വിഷയം നീ ചാനലില്‍ ആക്ടീവ് ആക്കണം..തുടര്‍ന്ന് അത് സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ച ആകത്തക്കവണ്ണം നമുക്ക് പ്രചരിപ്പിക്കുകയും വേണം.” ഇന്ദു വീണ്ടും ഡോണയെ ഓര്‍മ്മിപ്പിച്ചു.
“ഷുവര്‍ ഇന്ദു..ഞാന്‍ നാളെത്തന്നെ സാറിനെ കണ്ടു സംസാരിക്കാം. നീ വേണമെന്നില്ല. ഇതിനു ഡെവിള്‍സുമായി ബന്ധമുണ്ട് എന്ന് ഞാന്‍ അദ്ദേഹത്തോട് പറയാന്‍ പോകുന്നില്ല. അതുകൊണ്ട് സമ്മതിക്കും…പറഞ്ഞാല്‍ സംഗതി ഒരിക്കലും നടക്കില്ല..ഡെവിള്‍സിനെ ഭയങ്കര ഭയമാണ് അങ്ങേര്‍ക്ക്..” ഡോണ പറഞ്ഞു.
“ഓകെ..അപ്പോള്‍ അത് നീ ചെയ്യുക. പൌലോസ്, താങ്കള്‍ പറഞ്ഞതുപോലെ ദ്വിവേദി കബീറിനെ വധിക്കാനാണ് വന്നതെങ്കില്‍ നമുക്ക് വേഗം തന്നെ അവന്റെ സെക്യൂരിറ്റി ഉറപ്പാക്കണം. അതിനുള്ള ഏകവഴി അവനെ പോലീസ് കസ്റ്റഡിയില്‍ എടുക്കുക എന്നതാണ്. അതിന് എന്തെങ്കിലും കാമ്പുള്ള ഒരു കേസ് ഉണ്ടാക്കണം..അല്ലാതെ ഒരു കാരണവും കൂടാതെ നമുക്കവന് സെക്യൂരിറ്റി നല്‍കാന്‍ പറ്റില്ലല്ലോ..ഇനി അവനല്ല അയാളുടെ ടാര്‍ഗറ്റ് എങ്കിലും നമ്മള്‍ ഇക്കാര്യത്തില്‍ കരുതല്‍ എടുത്തെ പറ്റൂ…” ഇന്ദു പൌലോസിനെ നോക്കി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *