ആ എറിഞ്ഞ ഭാഗം അയാളുടെ കൈയില്‍ ഉണ്ടായിരുന്നു. നായ ഒരു പതിഞ്ഞ രോദനത്തോടെ ആ കുരുക്കില്‍ തൂങ്ങി കിടന്ന് കൈകാലിട്ടടിക്കുന്നത് ഒരു പുഞ്ചിരിയോടെ അയാള്‍ നോക്കിക്കണ്ടു. അതിന്റെ ചലനം നിലച്ചപ്പോള്‍ അയാള്‍ വേഗം തന്നെ അതിനെ താഴെയിറക്കി കുരുക്ക് അഴിച്ചെടുത്തു. ചരട് തിരികെ പോക്കറ്റില്‍ നിക്ഷേപിച്ച അയാള്‍ അയാള്‍ മിന്നല്‍ പോലെ വീടിന്റെ പിന്നിലേക്ക് പാഞ്ഞു. പുറത്തെ ലൈറ്റുകള്‍ ഓണാകുന്നതും കതക് തുറന്ന് വീട്ടുകാര്‍ പുറത്തേക്ക് വരുന്നത് ഇരുളില്‍ നിന്നുകൊണ്ട് അയാള്‍ കണ്ടു.
“റോക്കി..എവിടെയാണ് നീ..”
ആജാനുബാഹുവായ റാവുത്തരുടെ സ്വരം അവിടെ മുഴങ്ങി.
“ആരോ കോമ്പൌണ്ടില്‍ കേറി..അതാണ് അവന്‍ അത്ര ശക്തമായി കുരച്ചത്..പക്ഷെ എവിടെപ്പോയി അവന്‍..ശബ്ദം പോലും കേള്‍ക്കുന്നില്ലല്ലോ..”
കബീറും റാവുത്തരുടെ അനന്തിരവന്മാരും പുറത്തിറങ്ങി നായയെ തിരഞ്ഞുകൊണ്ട് പറഞ്ഞു. ടോര്‍ച്ചിന്റെ വെളിച്ചം അവിടെമാകെ പതിക്കുന്നത് കണ്ട ആ അജ്ഞാതന്‍ കൂടുതല്‍ ഇരുട്ടിലേക്ക് മാറി.
“മാമാ..റോക്കി ദാ ഇവിടെയുണ്ട്..”
സുഹൈലിന്റെ ശബ്ദം കേട്ടു മറ്റുള്ളവര്‍ അങ്ങോട്ട് പാഞ്ഞു ചെന്നു. അല്പം മുന്‍പ് ദിഗന്തങ്ങള്‍ നടുങ്ങുന്ന ശബ്ദത്തില്‍ കുരച്ച ആ നായ ചത്തു മലച്ചു കിടക്കുന്നത് കണ്ട് അവര്‍ ഞെട്ടി. ഒരു സിംഹത്തിന്റെ വലിപ്പമുള്ള നായ ആണ് ഒരു ക്ഷതവും ദേഹത്തില്ലാതെ നിമിഷങ്ങള്‍ക്കുള്ളില്‍ ചത്തു പോയിരിക്കുന്നത്. അവര്‍ ഞെട്ടലോടെ പരസ്പരം നോക്കി. വീടിനു പുറത്തെ ബഹളം കേട്ടു സ്ത്രീകളും വേഗം ഓടിയിറങ്ങി വന്നു. ഈ സമയത്ത് വീടിന്റെ പിന്നിലൂടെ ചുറ്റി മുന്‍പിലെത്തിയ ആ അജ്ഞാതന്‍, മെല്ലെ മുന്‍വാതിലിലൂടെ വീടിന്റെ ഉള്ളില്‍ പ്രവേശിച്ചു. ഇതറിയാതെ ചത്തുകിടന്ന നായയുടെ ചുറ്റും നിന്നുകൊണ്ട് അസ്തപ്രജ്ഞരായി നില്‍ക്കുകയായിരുന്നു റാവുത്തരും കുടുംബവും.
“യ്യോ പടച്ചോനെ എന്ത് പറ്റി ഇവന്? ഞാന്‍ ചോറ് കൊടുത്ത് അങ്ങോട്ട് അഴിച്ചു വിട്ടതെ ഉള്ളായിരുന്നല്ലോ..” റാവുത്തരുടെ ഭാര്യ വിലപിച്ചു.
“എന്ത് പറ്റി എന്നൊരു പിടിയുമില്ലല്ലോ..വല്ല പാമ്പും കടിച്ചതാണോ?” റാവുത്തര്‍ സംശയം പ്രകടിപ്പിച്ചു.
സുഹൈല്‍ നായയെ തിരിച്ചും മറിച്ചും കിടത്തി പരിശോധിച്ചെങ്കിലും ദേഹത്ത് മുറിവൊന്നും കണ്ടില്ല.
“പാമ്പ് കടിച്ചതിന്റെ പാടൊന്നും ഇല്ല മാമാ” അവന്‍ എഴുന്നേറ്റുകൊണ്ട് പറഞ്ഞു.
“ഇനി പട്ടിക്ക് ഹാര്‍ട്ട് അറ്റാക്ക് വന്നതാണോ?” സംശയം ഫൈസലിന്റെ വക ആയിരുന്നു.
“ഛെ..നല്ലൊരു നായ ആയിരുന്നു..എന്ത് കഷ്ടമായിപ്പോയി..എന്ത് ചെയ്യാന്‍..ഒരു കുഴിവെട്ടി മൂട്..” റാവുത്തര്‍ അവസാനം പറഞ്ഞു. ഒരു മരണവീട് പോലെ അവിടുത്തെ അന്തരീക്ഷം മാറിയിരുന്നു. ഒപ്പം അകാരണമായ ഒരു ഭയവും എല്ലാരേയും പിടികൂടി.
മൃഗം 28 [Master]
Posted by