കോൾ സെന്റർ [കമൽ]

Posted by

കോൾ സെന്റർ

Call Center | Author : Kamal

 

ഠിങ്…ഠിങ്…. നീണ്ട ഉരുക്കു കമ്പി ഇരുമ്പു കട്ടക്ക് മുകളിൽ വച്ച് ചുറ്റിക കൊണ്ട്‌ രണ്ടടി കൂടിയടിച്ചു, ജോജോ. നിലത്തൂന്നിയ കമ്പി തോളിൽ ചാരി ബെൻഡ് നിവർന്നൊ എന്നു നോക്കി, ബെൻഡ് നിവർത്തിയിട്ട മറ്റു കമ്പികൾക്ക് മേലെയിട്ട്, അടുത്ത കമ്പിയെടുത്തു. വീതിയേറിയ വലം കൈയ്യിൽ മൂന്ന് കിലോയുടെ ചുറ്റിക മുറുക്കിക്കൊണ്ട് ഇരുമ്പു കട്ടയിൽ എടുത്തു വച്ച കമ്പി അവൻ താളത്തിൽ തല്ലി.
കൺട്രാക്ക് സംഗീതിന്റെ വീടിനോട് ചേർന്നുള്ള ചെറിയ വെൽഡിങ് വർഷോപ്പിനുള്ളിലെ പൊള്ളുന്ന ചൂടിൽ ഉരുകി വിയർത്ത അവന്റെ കയ്യിലെ ഉറച്ച പേശികൾ സ്ലീവ് കീറിയ നീല ഷർട്ടിന് വെളിയിൽ വിയർപ്പിൽ തിളങ്ങി. കഴുത്തറ്റം നീട്ടി വളർത്തി, മുഖത്തേക്ക് വീണു കിടക്കുന്ന മുടിയിഴകളിൽ നിന്നും കീഴെ ഇരുമ്പുതരികൾ കലർന്ന ചുവന്ന മണ്ണിലേക്ക് വിയർപ്പു തുള്ളികൾ ഇറ്റിറ്റു വീണു.
കഴിഞ്ഞ അഞ്ചു കൊല്ലമായി അവനിവിടെ പണിയെടുക്കുന്നു. പ്ലസ് ടൂ പരീക്ഷ കഴിഞ്ഞ് വെക്കേഷന് വെറുതെ നടക്കുന്ന സമയം, വാർഷോപ്പിലെ പണിക്കാരനായ അപ്പനെ സഹായിക്കാൻ പോയിത്തുടങ്ങിയതാണ്. അപ്പന് പ്രമേഹം മൂർച്ഛിച്ച് വൈകാതെ ഒരു കാല് മുറിച്ചു കളയേണ്ട അവസ്ഥ വന്നപ്പോൾ വാർഷോപ്പിലെ പണി അവന് സ്ഥിരമാക്കേണ്ടി വന്നു. മൂന്ന് കൊല്ലം മുമ്പ് അവനെയും അമ്മിച്ചിയേയും ഒരേയൊരു പെങ്ങളെയും വിട്ട് അവന്റപ്പൻ ഇഹലോകവാസം വെടിഞ്ഞു പോകുമ്പോളേക്കും ജോജോ വർഷോപ്പിലെ പ്രധാന പണിക്കാരിൽ ഒരാളായി മാറിയിരുന്നു.
ഇന്ന് ഞായറാഴ്ചയാണ്. പണിയില്ലാത്തതാണ്. സംഗീതേട്ടൻ ഭാര്യയേയും കൊച്ചിനേം കൂട്ടി എങ്ങോ കല്യാണത്തിന് പോകേണ്ടിയിരുന്നത് കൊണ്ട് ഇരട്ടിത്തച്ചിന് ഇന്ന് വന്ന് പണിയെടുക്കേണ്ടി വന്നു. വീട്ടിലെ അവസ്‌ഥ കാരണം വരാൻ പറ്റില്ല എന്ന് പറയാനും വയ്യായിരുന്നു. അമ്മിച്ചി വീടിനടുത്തുള്ള ഗവർണ്മെന്റ് സ്കൂളിൽ തൂത്തു തൊടക്കാൻ പോയിക്കിട്ടുന്നതും കൂടി ചേർത്തു വച്ചിട്ടാണ് കുടുംബം മുന്നോട്ട് പോകുന്നത്. പെങ്ങൾ അതേ സ്കൂളിൽ പത്തിൽ പഠിക്കുന്നു. അപ്പന്റപ്പൻ മരിക്കുന്നതിന് മുന്നേ ഭാഗം വച്ചു കൊടുത്ത വീടും മുപ്പത് സെന്റ് സ്ഥലവും ആണ് ആകെയുള്ള സ്വത്ത്.

Leave a Reply

Your email address will not be published. Required fields are marked *