” പോയ്ക്കോളു …. പിന്നീട് സംസാരിക്കാം.”
രണ്ട് നിമിഷം എന്നെ നോക്കി നിന്ന ശേഷം അവൾ തിരിച്ചു നടന്നു. എന്ത് ചെയ്യണമെന്നറിയാതെ കൈകൾ കെട്ടി കൊണ്ട് ഞാൻ ഗ്രൗണ്ടിലേക്ക് നോക്കിനിന്നു ,അതുവരെ കാർമേഘമായി നിന്നിരുന്ന മഴ ഭൂമിയിലേക്ക് പെയ്തിറങ്ങി. ആ മരച്ചുവട്ടിൽ നിന്നുകൊണ്ട് ഉണ്ട് ആ മഴ മുഴുവൻ ഞാൻ തനിയേ നനഞ്ഞു തീർത്തു.
……………………………………..
പിന്നീട് വിരഹത്തിന്റെ ദിവസങ്ങളായിരുന്നു. ഞാൻ സ്ഥിരമായി കോളേജിൽ പോയിരുന്നില്ല , പോവുന്ന ദിവസങ്ങളിൽ പോലും ഞാൻ ക്ലാസ്സിൽ പലപ്പോഴും കയറുന്നില്ല. ലൈബ്രറിയിലെ എൻറെ പഴയ പുസ്തകങ്ങളോട് ആയിരുന്നു പിന്നീട് എൻറെ ചങ്ങാത്തം. അവളെ കാണുവാനോ സംസാരിക്കുവാനോ പിന്നീട് ഞാൻ ശ്രമിച്ചിരുന്നില്ല. ഇടയ്ക്കെല്ലാം കാണുമ്പോഴും ഞാൻ ഒഴിഞ്ഞു മാറി നിന്നു . അതിൻറെ കാരണം എന്താണെന്ന് എനിക്ക് അറിയില്ലായിരുന്നു , ഒരു പക്ഷേ അന്നത്തെ ആ സംഭവത്തിന്റെ ചമ്മലോ നിരാശയോ ആയിരിക്കാം. ഞാൻ ഇതിനു മുൻപ് ഒരു പെൺകുട്ടിയോടും ഇഷ്ടമാണെന്ന് തുറന്നു പറഞ്ഞിരുന്നില്ല , പല പെൺകുട്ടികളോടും എനിക്ക് ഒരു ആകർഷണം തോന്നിയിരുന്നെങ്കിലും ഒരാളോട് ആത്മാർത്ഥമായി ഇഷ്ടം തോന്നിയത് അവളെ കണ്ടപ്പോൾ ആയിരുന്നു. അവൾ തന്നെ എന്നെ ഇഷ്ടമില്ല എന്ന് പറഞ്ഞപ്പോൾ ഞാൻ ആകെ തകർന്നുപോയിരുന്നു. ഒരു സുഹൃത്തായിരുന്ന അവളെ കാമുകിയായി കാണുവാൻ എന്നെ പ്രേരിപ്പിച്ച എൻറെ മനസ്സിനെ ഞാൻ ശപിച്ചുകൊണ്ടിരിക്കുന്നു. പലപ്പോഴും മഴ പെയ്തിരുന്നു എങ്കിലും ഞാൻ മഴയെ ശ്രദ്ധിക്കുവാൻ ആസ്വദിക്കുവാനും മെനക്കെട്ടുരുന്നില്ല. അങ്ങനെ ഒരു തിങ്കളാഴ്ച ദിവസം ക്ലാസ്സിൽ പോകാതെ വീട്ടിൽ വാതിലടച്ച് ഇരിക്കുമ്പോഴാണ് അമ്മ എൻറെ അരികിൽ വന്നിരുന്നത്. കട്ടിലിൽ കിടക്കുന്ന എൻറെ അരികിൽ വന്നിരുന്ന് അമ്മ എൻറെ തലയിൽ തലോടി കൊണ്ട് ചോദിച്ചു:
” നിനക്കെന്താ പറ്റിയത് ഹർഷാ ? “
കട്ടിലിൽ നിന്നും എഴുന്നേറ്റു ചാരി ഇരുന്നു കൊണ്ട് ഞാൻ പറഞ്ഞു:
“ഒന്നുമില്ല അമ്മേ”
” ഒന്നു പോടാ ചെക്കാ, ഒരു കുഴപ്പം ഇല്ലാതിരുന്നിട്ടാണല്ലോ നീ ഇവിടെ ചുമ്മാ കതകടച്ചു ഇരിക്കുന്നത് ? സ്ഥിരമായി ക്ലാസിൽ പോകുന്നില്ല …നിന്നെ ഞാൻ കാണാൻ തുടങ്ങിയിട്ട് കുറെ നാളയില്ലേ? നീ ഇങ്ങനെ ഒന്നും ആയിരുന്നില്ലല്ലോ? എന്നോട് തന്നെ ഒന്ന് ചിരിച്ചു സംസാരിച്ചിട്ട് എത്ര ദിവസമായി ? നിനക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ എന്നോട് പറയാം” അമ്മ എന്റെ കൈയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു.
” കാര്യം പറഞ്ഞാൽ അമ്മ എന്നെ കളിയാക്കരുത് “