“ഇല്ല നീ പറയ് ” . ഞാൻ നടന്ന കാര്യങ്ങൾ എല്ലാം അമ്മയോട് പറഞ്ഞു. സത്യം പറയാം അല്ലോ … മനസ്സിൽ നിന്നും ഒരു കരിങ്കല്ല് ഇറക്കി വെച്ച ആശ്യാസം ആണ് എനിക്ക് അപ്പോൾ തോന്നിയത് . നടന്ന കാര്യങ്ങളെല്ലാം അമ്മയോട് പറഞ്ഞു കഴിഞ്ഞപ്പോൾ എൻറെ തുടയിൽ ഒരു അടി വെച്ച് തന്നിട്ട് അമ്മ ഉറക്കെ പൊട്ടിച്ചിരിക്കാൻ തുടങ്ങി. എൻറെ അമ്മ ഇത്രയും ആസ്വദിച്ചു ചിരിക്കുന്നത് ഞാൻ ഇതിനു മുമ്പ് കണ്ടിട്ടില്ല. അമ്മ ചിരിക്കുന്നത് കണ്ട് എനിക്കും ചിരി വന്നു.
” ദേ ദേ …കളിയാക്കില്ല എന്ന് പറഞ്ഞതുകൊണ്ടാണ് ഞാൻ ഇതെല്ലാം പറഞ്ഞത് കേട്ടോ എന്നിട്ട് ഇങ്ങനെ ചിരിക്കുന്നത് നല്ലതല്ലേ “
“പിന്നെ ചിരിക്കാതെ, നീ ഒരു ചെറിയ കാര്യത്തിന് ആണോ ഇങ്ങനെ വിഷമിക്കുന്നത്. ഇതെല്ലാം സ്കൂൾ കോളേജ് കാലഘട്ടത്തിൽ സാധാരണ സംഭവിക്കുന്നത് അല്ലേ ? ഇത് പഠിക്കേണ്ട സമയം അല്ലേ ഹർഷാ … പിന്നെ പെൺകുട്ടികൾ ഒരിക്കലും പെട്ടെന്ന് ഒരു തീരുമാനം എടുക്കില്ല. അതുകൊണ്ട് എൻറെ മകൻ, ഇനി അതെല്ലാം ആലോചിച്ച് വിഷമിക്കേണ്ട നാളെ മുതൽ പഴയ ഹർഷൻ ആയി കോളേജിൽ പോവണം ”
അമ്മ ഇങ്ങനെ ആണ്. നമ്മൾ ശ്രദ്ധിച്ചിലെങ്കിലും നമ്മുടെ കാര്യത്തിൽ നല്ല ശ്രദ്ധ ആയിരുക്കും. അമ്മയുടെ ആ ആശ്വാസ വാക്കുകൾ എനിക്ക് ഒരു പോസറ്റീവ് എനർജി തന്നു.
“ഉം…ഇത്രയൊക്കെ പറഞ്ഞ സ്ഥിതിക്ക് ഞാൻ ഒരു കാര്യം കൂടി ചോദിച്ചോട്ടെ? ഇനി ഭാഗ്യത്തിന് അവൾ എന്നോട് ഇഷ്ടമാണെന്ന് പറഞ്ഞാൽ , അവളെ മരുമോളായി അമ്മ സ്വീകരിക്കുമോ ?”
“ആദ്യം നീ പഠിച്ച് നല്ല ഒരു ജോലി നേടൂ. ശേഷം നമുക്ക് അവരുടെ വീട്ടിൽ പോയി സംസാരിച്ചു എല്ലാം എല്ലാം ശരിയാക്കാം. അങ്ങനെയാണെങ്കിൽ മാത്രം സന്തോഷത്തോടുകൂടി നിങ്ങളെ ഞാൻ സ്വീകരിക്കാം . ആ കുട്ടിയുടെ ഉമ്മയുടേയും ഉപ്പയുടേയും സമ്മതമില്ലാതെ നിങ്ങൾ ഒന്നിക്കാൻ ശ്രമിക്കരുത് …. ദാ ബാങ്ക് വിളിക്കുന്നു … ഞാൻ നിസ്ക്കരിച്ചിട്ട് ഭക്ഷണം എടുത്ത് വെക്കാം. ”
ഇത് പറയുമ്പോൾ അമ്മയുടെ കണ്ണ് നിറഞ്ഞിരുന്നു. അമ്മ ഒരു മുസ്ലിം കുടുംബത്തിൽ പിറന്നതാണ്. ചെറുപ്പത്തിൽ പ്രണയവും കമ്യൂണിസവും തലക്കടിച്ച് വീട്ടുക്കാരെ ഉപേക്ഷിച്ച് അച്ഛനോടൊപ്പം ഇറങ്ങി വന്നതാണ് അമ്മ . അച്ഛൻ വേട്ടേറ്റ് മരിച്ചപ്പോൾ പോലും മതം തലക്ക് പിടിച്ച അമ്മയുടെ വീട്ടുക്കാർ തിരിഞ്ഞു നോക്കിയിരുന്നില്ല. പിന്നീട് പാർട്ടിക്കാരുടെ സഹായം കൊണ്ട് ലഭിച്ച സഹകരണ ബാങ്കിലെ ജോലി കൊണ്ടാണ് ഞങ്ങൾ ജീവിച്ചത്. അത് കൊണ്ട് തന്നെ എന്റെ ജാതിയോ മതമോ ഏതാണ് എന്ന് എനിക്ക് അറിയിലായിരുന്നു.
………………………………….
പിറ്റേന്ന് രാവിലെ ഞാൻ കോളേജിൽ എത്തി , ക്ലാസ് റൂമിൽ എത്തിയ ഉടനെ തന്നെ കോഴി സിറാജ് ചോദിച്ചു: