“ഇയാള് ക്രിസ്മസ് സെലിബ്രറ്റ് ചെയ്യോ?, വല്യ കമ്യൂണിസ്റ്റ് അല്ലേ ? “
” കർത്താവ് ഒരു കമ്യൂണിസ്റ്റ് അല്ലേ ? നല്ല ഒന്നാതരം സഖാവ് “
” ഉം…. ഫ്രീ ആണേൽ ലൈബ്രറി വരെ വരാമോ ? ഒരു ബുക്ക് സെർച്ച് ചെയ്ത് എടുകണം. ” ഞാൻ ഓക്കേ എന്ന അർത്ഥത്തിൽ തലയാട്ടിയ ഉടനെ എന്റെ കൈയിൽ പിടിച്ച് വലിച്ച് കൊണ്ട് അവൾ മുന്നോട്ട് നീങ്ങി. വരാന്തയിൽ നിന്നിരുന്ന ചിലർ എങ്കിലും ഞങ്ങളെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ലൈബ്രറിയിൽ ചെന്ന് അവിടെ കുറച്ച് കറങ്ങി നടന്ന ശേഷം ഒരു ബുക്ക് എടുത്ത് കൊണ്ട് വന്നു അവൾ ഒരു ബഞ്ചിൽ വന്ന് ഇരുന്നു മുന്നിലുള്ള ടേബിളിൽ പുസ്തകം വെച്ചു കൊണ്ട് എന്നോട് വന്നിരിക്കുവാൻ ആംഗ്യം കാണിച്ചു. അവളുടെ പരുങ്ങലും പെരുമാറ്റവും പതിവിൽ വിപരീതം ആയിരുന്നു. ഞാൻ അവളുടെ എതിർ ദിശയിൽ ആയി വന്നിരുന്നു.
“എടാ, എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട് ” എന്റെ മുഖത്തേക്ക് നോക്കാതെ പുസ്തക്കത്തിലേക്ക് നോക്കി കൊണ്ട് അവൾ പറഞ്ഞു. അവൾ അത് പറഞ്ഞതും എന്റെ കാലുകൾ കൂട്ടിയിടിക്കാൻ തുടങ്ങി. ഞാൻ കേൾക്കാൻ ആഗ്രഹിച്ച കാര്യമാണോ പറയുക അതോ പൈങ്കിളി ഷോർട്ട് ഫിലിമിലെ പോലെ അവളുടെ കല്യാണ കാര്യം ബെസ്റ്റ് ഫ്രെണ്ടിന്റെ അടുത്ത് പറഞ്ഞ് ഡിസ്ക്കസ് ചെയ്യാൻ ആണോ?. ലൈബ്രറിയിൽ വല്യ ചൂട് ഇല്ല എങ്കിലും അവളുടെ മുഖം ആകെ വിയർത്തിരുന്നു. അവളുടെ മുഖത്ത് പല പല ഭാവങ്ങൾ മാറി മാറി വന്ന് കൊണ്ടിരുന്നു. ഞങ്ങളുടെ രണ്ടു പേരുടേയും ഹൃദയമിടിപ്പ് കൂടി കൊണ്ടിരുന്നു. ഷാളിന്റെ അറ്റം കൊണ്ട് മുഖം തുടച്ചു കൊണ്ട് എന്റെ മുഖത്തേക്കും താഴേക്കും മാറി മാറി നോക്കി കൊണ്ട് മെഹ്റിൻ പറഞ്ഞു തുടങ്ങി.
” ഹർഷൻ ഈ നാല് ചുമരുകൾ ഉള്ള മുറി കണ്ടില്ലേ? അത് പോലെ തന്നെയാണ് എന്റെ ജീവിതവും. നാല് ചുമരിനുള്ളിൽ ഒടുങ്ങാൻ വിധിക്കപ്പെട്ടത്. ഇടയ്ക്ക് ഒരു പട്ടം കണക്കെ പുറത്തേക്ക് പറക്കാൻ വിടും എങ്കിലും പറന്ന് പൊങ്ങി നാം ആഗ്രഹിക്കുന്ന മേഘങ്ങളിൽ ചെന്ന് തൊടാൻ കഴിയുന്നതിന് മുൻപേ താഴെ നിന്ന് വലിച്ച് ഇറക്കും….. + 2 വരെ ഗേൾസിൽ പഠിച്ച് ഇവടെ വന്നപ്പോർ ആണ് എനിക്ക് നല്ല സൗഹൃദങ്ങൾ കിട്ടിയത്. നിന്നെ കിട്ടിയത് … ഞാൻ പറഞ്ഞ ആ ചുമരുകൾക്കുളിൽ നിന്ന് എന്നെ മോചിപ്പിച്ച് പറക്കുവാൻ നിനക്ക് പറ്റും എന്ന് എനിക്ക് ഇപ്പോൾ തോന്നുന്നു .
ഇനിയുള്ള മഴകൾ നമ്മുക്ക് ഒന്നിച്ച് നനയാം …..”
അവൾ തുടർന്നുകൊണ്ടിരുന്നു എങ്കിലും അത് വരെ മാത്രമേ ഞാൻ കേട്ടിരുന്നുള്ളു. അവളുടെമുഖം മാത്രമായിരുന്നു എന്റെ മുന്നിൽ. ലൈബ്രറിയിൽ ഫാൻ കറങ്ങുന്നതിന്റേയോ പുറത്ത് നടക്കുന്ന കോലാഹലങ്ങളുടെ ശബ്ദമോ ഞാൻ കേട്ടില്ല. ശരീരത്തിൽ ആക്കെ ഒരു തണുപ്പ്. തട്ടമിട്ട് ഇരിക്കുന്ന അവളുടെ ചുറ്റും പൂക്കളും പൂമ്പാറ്റയും വന്നിരിക്കുന്ന പോലെ …..അവളുടെ കണ്ണുകളും മുഖവും മാത്രം …..