“ആ എന്നാ താ…” ജോജോ കൈ നീട്ടി.
“റപ്പായിച്ചേട്ടാ… ഇവൻ വാങ്ങിച്ച ബീഫിന്റെ പൈസ എന്റെ പറ്റിലെഴുതിക്കോ.”
“ഇവിടെ പറ്റൊന്നും കിട്ടുവേല. അല്ല, നീയെപ്പോഴാടാ എന്റടുക്കേ പറ്റ് തുടങ്ങീത്? അങ്ങെഴുതി വെക്കാൻ?” ഇറച്ചിവെട്ടുകാരൻ റപ്പായി തടിപ്പുറത്തിരുന്ന ഇറച്ചിക്കിട്ട് ആഞ്ഞു വെട്ടി.
“ഈ റപ്പായിച്ചേട്ടന്റെ തമാശ… ചിരിച്ചു ചിരിച്ചു വളി പോയി.”
“നീ ഇറച്ചി മേടിക്കുന്നില്ലേ തമാശ കളിക്കാണ്ട് പോ ജിന്റോയെ… എനിക്കൊരുവാട് പണിയൊണ്ട്. ഇന്നാ ജോജോ, രണ്ടര…”
ജോജോ ഇറച്ചിയും വാങ്ങി ജിന്റോയെയും കൂട്ടി തിരികെ നടന്നു.
“നെനക്കെന്തു പറ്റി ജോജോയെ…” ടാറിട്ട റോഡിന്റെ വശത്തെ കുറ്റിപ്പുല്ലുകളും വള്ളിപ്പടർപ്പുകളും വടി കൊണ്ട് തല്ലി നടക്കുന്നതിനിടയിൽ ജിന്റോ ചോദിച്ചു.
“എനിക്കെന്തു പറ്റാൻ?”
“ഒന്നും പറ്റിയില്ലെന്നാണോ? എടാ ചെറുപ്പം മുതൽ ഒരേ ഒരുമിച്ച് പഠിച്ചു കളിച്ചു വളർന്നവരല്ലേ നമ്മൾ? അപ്പോഴത്തെ നീ വേറെ, ഇപ്പൊ ദേ എന്റെ കൂടെ നടക്കുന്ന നീ വേറെ. നമ്മുടെ ആ പഴയ കാലമൊക്കെ മറന്നോടാ നീ? ഒന്ന് മര്യാദക്ക് സംസാരിക്കാൻ കൂടെ കിട്ടുന്നില്ലല്ലോ നിന്നെ?”
“നിനക്കെന്താ ജിന്റോ? എനിക്കൊന്നും പറ്റീല്ലാ. മാറിയത് നീയല്ലേ? നല്ല ജോലി, പുതിയ വണ്ടി…. ഞാനോ… പാവം വെൽഡിങ് പണിക്കാരൻ. നമ്മളോടൊക്കെ ആര് മിണ്ടാൻ. ജീവിച്ചു പൊയ്ക്കോട്ടെ.”
“ജോജോ, വണ്ടി വാങ്ങിച്ച കാര്യം നിന്നോട് പറഞ്ഞില്ല ഞാൻ. അതെന്റെ തെറ്റാ.”
“നിന്റെ കല്യാണം ഉറപ്പിച്ച കാര്യമോ?”
“എടാ, അതിന് കല്യാണം ഉറപ്പിച്ചിട്ടൊന്നും ഇല്ല. പെണ്ണ് കാണാൻ പോയി…. പക്ഷെ….. ഒക്കെ.ശെരി. ഞാൻ നിന്നോട് പറഞ്ഞില്ല. സോറി. എന്റെ തെറ്റ്. മാപ്പ്, മാപ്പ്, ഒരായിരം വട്ടം മാപ്പ്. എട ഞാൻ പറഞ്ഞില്ലേ, നിന്നെയെന്ന് കാണാൻ കൂടി കിട്ടുന്നില്ല. പിന്നെങ്ങനാ???”
ജോജോ നടത്തം നിർത്തി ഇറച്ചിക്കവർ കൂട്ടിപ്പിടിച്ചു. അവൻ ജിന്റോയുടെ മുഖത്തിന് നേരെ തിരിഞ്ഞു.
“എന്റെ അവസ്ഥ നിനക്കറിയില്ലേ ജിന്റോ? അപ്പൻ പോയതിൽ പിന്നെ ഞാൻ മര്യാദക്കൊന്ന് ഉറങ്ങിയിട്ടില്ല. വീട്ടിലേക്ക് അരി മണി, പെങ്ങടെ സ്കൂൾ ഫീസ്, വട്ടി ചിട്ടി… എനിക്കെന്റെ ജീവിതം മടുത്തു തിടങ്ങി. ചിലപ്പോഴൊക്കെ ആലോചിച്ചു തലക്ക് വട്ട് പിടിക്കും. എന്റെ പ്രായമുള്ളവന്മാര് ബൈക്കും വാങ്ങി കോട്ടും സൂട്ടും ഒക്കെയിട്ട് ചെത്തി നടക്കുന്നത് കാണുമ്പോ ഞാൻ ആശിച്ചു പോവും. അതു പോലൊരു ദിവസം എനിക്കുണ്ടായിരുന്നെങ്കിൽ എന്ന്. ആ ചിന്ത തീരുന്നതിന് മുന്നേ എന്റെ മനസ്സിലോട്ട് ഓടി വരുന്നത് അപ്പനിട്ടേച്ചു പോയ ആ വീട്ടിലെ രണ്ടു പണ്ണുങ്ങളാ. എന്റെ അവസ്ഥ നിനക്ക് പറഞ്ഞാ മനസ്സിലാവില്ല ജിന്റോ. മനസ്സിലാവണമെങ്കിൽ ഈ അവസ്ഥ നിനക്ക് വരണം.”
കോൾ സെന്റർ 2 [കമൽ]
Posted by