സംവിധാന സഹായി 5
Samvidhana Sahayi Part 5 bY ഉർവശി മനോജ്
Previous Parts
“മോനെ .. ജിജോ കുട്ടാ ..നീ എവിടെയാടാ .. “
പതിവില്ലാതെ തോമസ് അച്ചായന്റെ ഫോൺ കോൾ .. അതും ഇത്ര സ്നേഹത്തോടെ സംസാരിച്ചു കൊണ്ട് വന്നപ്പോഴേ എന്തോ ഉടായിപ്പ് മണത്തു.
“അച്ചായാ .. ഞാൻ വാഗമണിൽ ഉണ്ട് .. വിമൽ നടേശന്റെ സിനിമാ ഷൂട്ടിങ്ങിലാണ് , നമ്മുടെ സിജു മേനോൻ നായകൻ ആയത് “
“വളരെ സന്തോഷം .. മോനേ എനിക്ക് നിന്റെ ചെറിയൊരു ഹെൽപ്പ് വേണമായിരുന്നു “
ഇങ്ങോട്ട് വലിച്ചാൽ അങ്ങോട്ട് പിടിച്ച് വലിച്ചു കൊണ്ട് പോകുന്ന തനി പാലാക്കാരൻ അച്ചായൻ എന്തെങ്കിലും ആവശ്യം ഇല്ലാതെ എന്നെ വിളിക്കില്ല എന്നെനിക്ക് അറിയാം.
“എന്താ .. അച്ചായാ പറഞ്ഞാട്ടെ “
ഞാൻ അതീവ വിനയത്തോടെ മറുപടി നൽകി. ആള് പരമ ചെറ്റ ആണെങ്കിലും പൈസക്കാരൻ ആണ് അതുകൊണ്ട് ഒന്ന് ബഹുമാനിക്കാം എന്ന് കരുതി.
“മോനെ … എനിക്ക് കുറച്ച് കറുപ്പ് വെളുപ്പ് ആക്കണമായിരുന്നു , പിന്നെ ഇൻകം ടാക്സ് കാരെ പറ്റിക്കാൻ കുറച്ചു നഷ്ടവും കാണിക്കണം .. അതിന് ഏറ്റവും നല്ലത് ഒരു സിനിമ പിടിക്കുന്നത് ആണെന്ന് കേട്ടു “
തോമസ് അച്ചായൻ വിളിച്ചതിന്റെ ഉദ്ദേശ്യം പിടി കിട്ടി. പണ്ടൊരു അഡ്വർടൈസിംഗ് ഏജൻസിയിൽ വർക്ക് ചെയ്തിരുന്ന സമയത്ത് തോമസ് അച്ചായന്റെ സ്വർണ്ണക്കടയുടെ പരസ്യം ചെയ്യാൻ വേണ്ടി ഒരാളുടെ അസിസ്റ്റൻറ് ആയി പോയതാണ്. ഷൂട്ടിംഗ് തുടങ്ങി രണ്ടു ദിവസം കഴിഞ്ഞപ്പോഴേക്കും സംവിധായകന് പണി അറിയില്ലെന്ന് മനസ്സിലായി. പിന്നെ അയാളെ പറഞ്ഞു വിട്ടിട്ട് ഒരു വിധത്തിൽ ഞാനാണ് പരസ്യം ചെയ്തു കൊടുത്തത്. ആ ഒരു ഓർമ്മയിലാണ് ഏകദേശം നാല് കൊല്ലങ്ങൾക്ക് ശേഷം ഉള്ള ഇപ്പോഴത്തെ ഈ വിളി.
“അച്ചായാ .. ഞാൻ രണ്ടു ദിവസം കഴിഞ്ഞ് പാലായിലേക്ക് വരാം , ഇവിടെ ഒരു ഐറ്റം സോങ് ഷൂട്ടിംഗ് നടക്കുകയാണ്. പാലായ്ക്ക് വന്നിട്ട് നമുക്കൊന്നിരിക്കാം .. എന്നിട്ട് വിശദമായി സംസാരിക്കാം “
“എടാ മോനേ .. അഭിനയിച്ച പടം എല്ലാം എട്ടു നിലയിൽ പൊട്ടിക്കുന്ന ആ മാൻഡ്രേക്ക് പെണ്ണിനെ മതി കേട്ടോ എന്റെ സിനിമയിൽ നായികയായിട്ട് .. അവളുടെ പേര് ഞാൻ മറന്നു … എന്തോന്നാ …?”