ഉറങ്ങുവാൻ കിടന്നപ്പോഴും നാളത്തെ കാര്യങ്ങളായിരുന്നു മനസ്സിൽ നിറയെ. രാധേച്ചിയേ ആദ്യം കണ്ടപ്പോൾ തന്നെ എന്റെ ആരോ ആണെന്ന തോന്നൽ മനസ്സിലേക്ക് വന്നിരുന്നു , അവരെ ഇങ്ങനെ ഒരു അവസ്ഥയിൽ സഹായിക്കുവാൻ സാധിക്കുന്നത് തന്നെ പുണ്യമാണ്.
പിറ്റേന്ന് രാവിലെ കുളിച്ച് റെഡിയായി ബാലേട്ടന്റെ ടീ സ്റ്റാളിൽ നിന്ന് ബ്രേക്ക് ഫാസ്റ്റ് കഴിക്കുവാൻ വേണ്ടിയിരുന്നു. ചൂട് ഇഡ്ഡലിയും സാമ്പാറും പ്ലേറ്റിലേക്ക് വിളമ്പുന്നതിന്റെ ഇടയിൽ ആരും കേൾക്കാതെ ബാലേട്ടൻ പതുക്കെ എന്നോട് പറഞ്ഞു ,
“മോന് കോടി പുണ്യം കിട്ടും … വേണ്ടപ്പെട്ടവർ പോലും സഹായിക്കാത്ത ഈ കാലത്ത് ഒന്നും നോക്കാതെ ഞങ്ങൾക്ക് പൈസ തരാം എന്ന് പറഞ്ഞില്ലേ …”
ഞാൻ പൈസ തരാം എന്ന് പറഞ്ഞെന്നൊ എപ്പോ? ഇയാൾ ഇത് എന്തൊക്കെയാണ് പറയുന്നത് , എന്തോ പന്തികേട് തോന്നിയ ഞാൻ തിരുത്താൻ പോയില്ല ഒന്നും മിണ്ടാതെ ഇരുന്ന് ഒരു പുഞ്ചിരി മാത്രം ബാലേട്ടന് നൽകി.
കഴിഞ്ഞ ദിവസങ്ങളിൽ ചേച്ചിയുടെ മുഖത്ത് കണ്ട വിഷാദ ഭാവം ഇന്നില്ല, ലോക്കൽ ബാർബർ ഷോപ്പുകളിൽ നിന്നും ലഭിക്കുന്ന മുല്ലപ്പൂ മണമുള്ള പൗഡറിന്റെ വാസന ചേച്ചിയുടെ ശരീരത്തിൽ നിന്നും ആവോളം ലഭിക്കുന്നുണ്ട്. ഏതോ കാച്ചിയ എണ്ണ തലയിൽ വാരി പൊത്തിയിട്ടുണ്ട്. ദാരിദ്ര്യത്തിന്റെ അടയാളമെന്ന പോലെ കഴുത്തിൽ ഒരു കറുപ്പ് ചരട് മാത്രമാണ് ഉള്ളത്.
സംവിധായകൻ വിമൽ നടേശന് മുന്നിൽ ചേച്ചിയെ ഹാജരാക്കി , ചേച്ചിയെ ഒന്ന് സൂക്ഷ്മ നിരീക്ഷണം നടത്തിയ ശേഷം അയാൾ ചോദിച്ചു ..
“ഇത് ജിജോയുടെ ആരാണ് ?”
“എന്റെ വകയിലൊരു ബന്ധുവാണ്.. ഞാൻ ഇവരുടെ വീട്ടിലാണ് ഇപ്പോൾ താമസിക്കുന്നത് “
“ഓകെ .. ഇവർ ധരിച്ചിരിക്കുന്ന വസ്ത്രവും കഴുത്തിലെ കറുപ്പ് ചരടും എല്ലാം തന്നെ നമ്മുടെ സിറ്റുവേഷന് അനുയോജ്യമായതാണ് .. നമ്മുടെ നായകൻ സിജു എട്ടനോട് അദ്ദേഹത്തിന്റെ എസ്റ്റേറ്റിലെ ജോലിക്കാരി കാശ് കടം ചോദിക്കുന്നതാണ് സന്ദർഭം .. കടം ചോദിക്കുമ്പോൾ കുറച്ചൊന്നു കൊഞ്ചിക്കുഴഞ്ഞ് വേണം ചോദിക്കുവാൻ .. അങ്ങനെ കൊഞ്ചി കുഴയുമ്പോൾ സംഭാഷണത്തിൽ അൽപം ലാസ്യതയും മുഖത്ത് ഒരു വശീകരണ ഭാവവും വരുത്തണം .. ഇപ്പോ ഞാനാണ് നായകനെങ്കിൽ ഞാനീ പറഞ്ഞ സന്ദർഭം നിങ്ങൾ എന്റെ മുൻപിൽ ഒന്ന് ചെയ്ത് കാണിക്കു.. ഞാൻ ഒന്ന് കാണട്ടെ “