അഭിനന്ദനങ്ങൾ എല്ലാം സന്തോഷത്തോടെ ഏറ്റു വാങ്ങി രാധേച്ചി സെറ്റിൽ വിലസി നടക്കുന്നത് കണ്ടപ്പോൾ കാര്യങ്ങൾ കൈവിട്ടു പോകുന്നത് പോലെ എനിക്ക് തോന്നി. സ്വാഭാവികമായും ചേച്ചിയെ ഡയലോഗ് പഠിപ്പിക്കാനും ടച്ചപ്പ് ചെയ്യാനും ചുറ്റിലും ആളുകൾ കൂടി തുടങ്ങി.
“നീ കാറെടുത്തു വാകത്താനം വരെ ഒന്ന് പോയി വാ .. ആർട്ടിലേക്ക് വേണ്ട കുറച്ച് സാധനങ്ങൾ മേടിക്കാനുണ്ട് , ലിസ്റ്റ് പ്രൊഡക്ഷനിൽ നിന്നും തരും “
എനിക്കായി സംവിധായകൻ വിമൽ നടേശന്റെ വക ഓർഡർ എത്തി.
“ചേച്ചി … ഞാനൊന്ന് വാകത്താനം വരെ പോവുകയാണ്.. വരാൻ താമസിക്കുകയാണെങ്കിൽ എന്നെ കാത്തു നിൽക്കേണ്ട .. വീട്ടിലേക്ക് പൊയ്ക്കോളൂ ..”
ടച്ചപ്പിന്റെ തിരക്കിലിരിക്കുന്ന രാധേച്ചിയോട് ഞാൻ പറഞ്ഞു.
തലകുലുക്കി സമ്മതിച്ച ചേച്ചി മേക്കപ്പ്മാനോട് സംസാരിക്കുന്നതിന് കൂടുതൽ താൽപര്യം കാണിക്കുന്നത് പോലെ തോന്നി.
ആ രംഗം മനസ്സിൽ വളരെയധികം വേദനയുണ്ടാക്കി , നന്ദികേടിന്റെ പറുദീസയാണ് സിനിമാ മേഖല. അവസരം നൽകിയവനെ ചവിട്ടി താഴ്ത്തുന്ന കലാപരിപാടി ലോകത്ത് മറ്റൊരിടത്തും കാണുവാൻ സാധിക്കില്ല. പക്ഷേ ഇവിടെ .. ആദ്യ ദിവസം തന്നെ എനിക്ക് അവഗണന ഏറ്റു വാങ്ങേണ്ടി വന്നു. വേദനയോടെ അവിടെ നിന്നും കാർ എടുത്തു കൊണ്ട് ഞാൻ വാകത്താനത്തേക്ക് പോയി.
തിരികെ വന്നപ്പോഴേയ്ക്കും സമയം രാത്രി 8 മണി കഴിഞ്ഞു, ഷൂട്ടിംഗ് കഴിഞ്ഞ് എല്ലാവരും അവരവരുടെ കൂരകളിലേക്ക് ചേക്കേറിയിരുന്നു.
നാളത്തെ ഷൂട്ടിങ്ങിന് വേണ്ട സാധനങ്ങൾ ആർട്ട് ഡിപ്പാർട്ട്മെൻറ്ലേക്ക് നൽകിയ ശേഷം തിരികെ പോകുവാൻ ഒരുങ്ങുമ്പോഴാണ് മേക്കപ്പ് മാൻ തമിഴൻ ശരവണന്റെ റൂമിൽ വെളിച്ചം കാണുന്നത്. കശുമാങ്ങ ഇട്ട് വാറ്റിയ നല്ല ഒന്നാന്തരം വാറ്റ് ചാരായം അയാളുടെ കയ്യിൽ ഉണ്ടെന്ന് സെറ്റിലെ ഒരു പയ്യൻ പറഞ്ഞു ഞാൻ അറിഞ്ഞിരുന്നു. നാലഞ്ചു മണിക്കൂർ കാറിൽ ഇരുന്നുള്ള യാത്ര ആയത് കൊണ്ട് നന്നായി ക്ഷീണിച്ചിരുന്നു , ശരവണനെ സോപ്പിട്ട് രണ്ടു ഗ്ലാസ് അടിക്കുവാൻ സാധിച്ചാൽ ഈ ക്ഷീണമൊക്കെ ഒന്ന് മാറിയേനെ.